ADVERTISEMENT

കോട്ടയം∙ ചുട്ടുപൊള്ളുന്ന സമയമായതിനാൽ പുറത്തിറങ്ങരുതെന്നു സർക്കാർ പറയുന്ന നട്ടുച്ച നേരത്താണു പരീക്ഷ കഴിഞ്ഞ് എസ്എസ്എൽസി, വിഎച്ച്എസ്ഇ പ്ലസ്ടു വിദ്യാർഥികൾ പുറത്തിറങ്ങുന്നത്. എൽപി, ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷ തുടങ്ങുന്നത് ഉച്ചയ്ക്ക് 2.30ക്ക്. സൂര്യന്റെ ‘അടി' ഏൽക്കാൻ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളാണു ചൂട് ഏറ്റവുമധികമുള്ള സമയത്ത് പുറത്തിറങ്ങേണ്ട ഗതികേടിലുള്ളത്.

മാർച്ച് മാസത്തിൽ ചൂട് കൂടുതലായതിനാൽ പരീക്ഷാസമയം ക്രമീകരിക്കണമെന്ന ആവശ്യവുമായി അധ്യാപക സംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നു. പരിഹാരമായി സമയം ഏകീകരിക്കാം എന്ന മറുപടിയാണു ലഭിച്ചത്. വെയിലിന്റെ കാഠിന്യം കൂടിയ സമയത്തെ പരീക്ഷാ നടത്തിപ്പിൽ കുട്ടികളെക്കാളേറെ വലഞ്ഞത് അധ്യാപകരാണ്. പലർക്കും ദൂരെയുള്ള സ്കൂളിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ ഡ്യൂട്ടിക്ക് എത്തണം. ഉച്ചകഴിഞ്ഞ് സ്വന്തം സ്കൂളിലെ ചെറു ക്ലാസുകളിലെ പരീക്ഷകൾക്കും എത്തേണ്ടി വരും.

പരാതി ഉയർന്നതോടെ മറ്റ് സ്കൂളുകളിൽ പരീക്ഷയ്ക്ക് പോയ അധ്യാപകർ തന്നെ ആ സ്കൂളിലെ ചെറു ക്ലാസുകളിലെ പരീക്ഷയും നോക്കണം എന്ന നിർദേശം വന്നതായി കെപിഎസ്ടിഎ ജില്ലാ സെക്രട്ടറി മനോജ് വി.പോൾ പറഞ്ഞു. യൂണിഫോമിന്റെ ഭാഗമായ സോക്സ്, ഷൂസ്, കോട്ട്, ടൈ എന്നിവയിലുള്ള നിർബന്ധം സ്കൂളുകൾ ഒഴിവാക്കിയാൽ കുട്ടികൾക്ക് അത് ആശ്വാസമായിരിക്കുമെന്ന് അധ്യാപകർ അഭിപ്രായപ്പെടുന്നു.

ചൂടോടെ ശ്രദ്ധിക്കാം

∙കൈകാലുകൾ വെയിലിൽ നിന്ന് സംരക്ഷിക്കുന്ന തരത്തിൽ വസ്ത്രം ധരിക്കുക. വായുസഞ്ചാരമുള്ള യൂണിഫോം ആണെങ്കിൽ, കുട, തൊപ്പി എന്നിവ ഉപയോഗിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
∙ലവണാംശമുള്ള വെള്ളം കയ്യിൽ കരുതുകയും കുടിക്കുകയും ചെയ്യുക.
∙വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
∙വെള്ളം കൂടുതലായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
∙സൂര്യാഘാതം ഏറ്റതിന്റെ ലക്ഷണങ്ങളോ അമിത തളർച്ചയോ കുട്ടികളിൽ കണ്ടാൽ പെട്ടെന്ന് പ്രാഥമിക ചികിത്സ തേടുക.
∙പരീക്ഷ നടക്കുന്ന ക്ലാസ് മുറികളിൽ വായുസഞ്ചാരവും ശുദ്ധജല ലഭ്യതയും ഉറപ്പാക്കുക.
∙കുട്ടികൾക്കൊപ്പം ഇരിക്കാനും അവരോടു സംസാരിക്കാനും കൂടുതൽ സമയം രക്ഷിതാക്കൾ കണ്ടെത്തുന്നത്, പരീക്ഷയിലും ചൂടിലും തളർന്നിരിക്കുന്ന കുട്ടികൾക്ക് ആശ്വാസമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com