ADVERTISEMENT

കുമരകം ∙ ജി–20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനം കുമരകത്തിന്റെ മുഖഛായ മാറ്റുന്നു. റോഡ് നവീകരണവും ഉൾപ്പെടെ ഉള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്ന ജോലി യുദ്ധകാല അടിസ്ഥാനത്തിൽ തീർക്കുന്ന കാഴ്ചയാണ് കുമരകത്ത് എവിടെയും. 2000–ത്തിൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി കുമരകത്ത് എത്തുന്നതിനോടനുബന്ധിച്ച് ആയിരുന്നു ഇതുപോലെ വിവിധ വകുപ്പുകൾ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിയത്. 

Also read: ആലപ്പുഴ ദേശീയപാതയുടെ വികസനം പൂർത്തിയായാൽ യൂറോപ്പിന്റെ സൗന്ദര്യം പോലെ; കാണാൻ തീർഥാടനം പോലെ ആളെത്തും

ഉച്ചകോടിയോടനുബന്ധിച്ചു തണ്ണീർമുക്കം മുതൽ ഇല്ലിക്കൽ വരെ ഉള്ള റോഡ്10 കോടി രൂപ ചെലവഴിച്ചു നവീകരണം നടത്തുന്നു. നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നെങ്കിലും നടക്കാതെ കിടന്ന റോഡ് നവീകരണമാണ് ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നത്. തണ്ണീർമുക്കം മുതൽ കൈപ്പുഴമുട്ട് വരെ ഉള്ള റോഡിന്റെ അവസ്ഥ പരിതാപകരമായിരുന്നു. കുണ്ടുംകുഴിയുമായി കിടന്ന റോഡാണ് നല്ല നിലവാരത്തിലേക്ക് എത്തുന്നത്.

 കൈപ്പുഴമുട്ട് മുതൽ ഇല്ലിക്കൽ വരെയുള്ള റോഡ് റബറൈസ്ഡ് ആണെങ്കിലും ഇതിനു മുകളിൽ ഒരു ലയർ ടാറിങ് കൂടി നടത്തുന്നു. കൂടാതെ റോഡ് വശത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കുന്നതിനൊപ്പം ഇരുവശവും വൃത്തിയാക്കുകയും ചെയ്യുന്നു. ഇവിടങ്ങളിൽ നിലവിലെ ബൾബുകൾക്കു പകരം പ്രകാശം കൂടിയ ബൾബുകളും സ്ഥാപിക്കുന്നു. ഇരുളടഞ്ഞ് കിടന്ന വഴികളാണ് ഇനി പ്രകാശ പൂരിതമാകുന്നത്.

സമ്മേളനത്തിനെത്തുന്ന ഉദ്യോഗസ്ഥർ താമസിക്കുന്ന ഹോട്ടലുകളിലേക്ക് ഉള്ള കവണാറ്റിൻകര ശക്തീശ്വരം റോഡ്,കുമരകം അമ്മങ്കരി റോഡുകളുടെ നവീകരണം പൊതുമരാമത്ത് വകുപ്പ് നടത്തും. ശക്തീശ്വരം റോഡിന്റെ പണി ഉടൻ തുടങ്ങും.1.80 കോടി ചെലവഴിച്ചു നവീകരിക്കുന്ന അമ്മങ്കരി റോഡിന്റെ ടാറിങ് തുടങ്ങി. ഈ രണ്ട് റോഡുകളും തകർന്നു കിടക്കുകയായിരുന്നു. വൈദ്യുതി വകുപ്പിന്റെ പ്രവർത്തനങ്ങളും ജനങ്ങൾക്കു ആശ്വാസമാകും.

Also read: ലേറ്റ് ആയ‍െങ്കിലും ലേറ്റസ്റ്റായി വന്ന് ലേലം ശൈലിയിൽ: വേദിയെ ഇളക്കിമറിച്ച് സുരേഷ് ഗോപി, തീപ്പൊരി വാക്കുകളുമായി പ്രസംഗം

11 കെ വി ലൈനിലെ ടച്ചിങ് ഉൾപ്പെടെ മാറ്റി വിതരണം സുഗമമാക്കുന്നു .കുമരകത്തേക്കുള്ള വൈദ്യുത വിതരണം മുടങ്ങാതിരിക്കാൻ പുതിയതായി സജ്ജമാക്കുന്ന ലൈനുകൾ നിലനിർത്തും. കോടിമതയിൽ നിന്നുള്ള ലൈൻ ഇല്ലിക്കൽ എത്തിച്ചും തണ്ണീർമുക്കം ഭാഗത്ത് നിന്ന് ബണ്ട് വഴി കേബിൾ വലിച്ചുമാണു അടിയന്തരഘട്ടങ്ങളിൽ വൈദ്യുതി എത്തിക്കുന്നത്. ചെങ്ങളം സബ് സബ് സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തിക്കുന്നതിനു കുമരകം റോഡ് വശത്തുകൂടി പുതിയ ലൈൻ വലിക്കുന്നു. 

വൈദ്യുത പോസ്റ്റുകളിലും റോഡ് വശങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകളും മറ്റും നീക്കുന്നതോടെ വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ആശ്വാസമാകും.പോളയുടെ കാര്യത്തിൽ തീരുമാനമാകുന്നതു ടൂറിസം മേഖലയ്ക്കും ഗുണകരമാകും. കായലിലെ പോള അടിയന്തരമായി നീക്കം ചെയ്യാനാണു ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പോള ടൂറിസത്തിനു തരിച്ചടിയാകുന്നതിന് പരിഹാരം ആവശ്യപ്പെട്ടു ഹൗസ് ബോട്ട് ഉടമകൾ സമരം നടത്തിയെങ്കിലും അനങ്ങാതിരുന്ന ഇറിഗേഷൻ വകുപ്പാണു ഇപ്പോൾ പോള നീക്കത്തിനുള്ള നടപടി എടുത്തത്. കൺവൻഷൻ സെന്റർ പണിതതും ഇവിടത്തെ തോടുകളുടെ നവീകരണം നടത്തിയതും കെടിഡിസിക്കു പ്രയോജനകരമായി മാറും. കുമരകത്ത് ഉച്ചകോടി നടക്കുന്നത് ഇവിടത്തെ ടൂറിസത്തിനാകും ഏറെ ഗുണകരമാകുക .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com