ADVERTISEMENT

കല്ലറ ∙ കല്ലറ– പറവൻതുരുത്ത് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്ന് ആവശ്യം ശക്തം. ഒന്നരമാസം മുൻപ് ഗതാഗതം തടഞ്ഞ് ആരംഭിച്ച റോഡ് നിർമാണം എങ്ങുമെത്തിയില്ല.  മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡിന്റെ ഇരുഭാഗത്തും മെറ്റൽ ഇളക്കിയിട്ട ശേഷം കരാറുകാരൻ റോഡിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ വകയിരുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്. റോഡ് കുത്തിപ്പൊളിക്കുകയും കുറെ ഭാഗത്ത് പാറപ്പൊടി ഇടുകയും ചെയ്തതിനാൽ കാൽനട യാത്ര പോലും ദുഷ്കരമാണ്. ചെറിയ വാഹനങ്ങൾ പോകുമ്പോൾ പൊടിശല്യം മൂലം പരിസരവാസികൾ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്. 

കല്ലറ മാർക്കറ്റ് ജംക്‌ഷനിലെ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാൻ പഞ്ചായത്തും പൊലീസും ചേർന്ന് കാലി ടിപ്പർ ലോറികൾക്ക് വൺവേ സംവിധാനം ഏർപ്പെടുത്തിയത് ഉദയംതറ ഭാഗത്ത് നിന്ന് പറവൻതുരുത്ത് വഴിയാണ്. ഈ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ തടസ്സപെട്ടതിനാൽ കല്ലറ മാർക്കറ്റ് ജംക്‌ഷനിൽ ദിവസവും അതിരൂക്ഷമായ വാഹനക്കുരുക്കാണ്.  റോഡിന്റെ ഇരുഭാഗവും കുത്തിപ്പൊളിച്ചതി‍ൽ  പ്രതിഷേധം ശക്തമാവുകയാണ്. പറവൻതുരുത്തിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ ബിജെപി സമരം നടത്തുമെന്ന് പഞ്ചായത്തംഗം ജോയി കൽപകശേരി അറിയിച്ചു. നിർമാണ പ്രവർത്തനത്തിനുള്ള അസംസ്കൃത വസ്തുക്കൾ ലഭ്യമാകാത്തതാണു റോഡ് നിർമാണം വൈകുന്നതെന്നാണ് കരാറുകാരൻ പറയുന്നത്.  നിർമാണ ഉദ്ഘാടനം ആഘോഷമായി നടത്തിയ ജനപ്രതിനിധികൾ റോഡ് പൂർത്തിയാക്കാൻ വേണ്ടത്ര ഉത്സാഹം കാണിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.

റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും നിർവഹണ ഉദ്യോഗസ്ഥർ ഉറപ്പു നൽകി. റോഡ് പോകുന്ന ഇരുവശത്തെയും പാടശേഖരത്തിൽ വെള്ളം നിറ‍ഞിരിക്കുകയാണ്. റോഡിലും വെള്ളം കയറി. ഇതു മൂലം റോഡ് നിർമാണം വൈകി.  കൂടാതെ ചീഫ് എൻജിനീയറുടെ അനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. ജോണി തോട്ടുങ്കൽ,പഞ്ചായത്ത് പ്രസിഡന്റ്,കല്ലറ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com