ADVERTISEMENT

കോട്ടയം∙ ജില്ലയിൽ രണ്ടിടങ്ങളിലായി 2 പേർക്കു സൂര്യാതപമേറ്റു. വൈക്കത്തു മരപ്പണി തൊഴിലാളിയായ കുലശേഖരമംഗലം കല്ലുവാതുക്കൽ കെ.സി.ജേക്കബിനും (67) ഏറ്റുമാനൂരിൽ സ്കൂട്ടർ യാത്രക്കാരനായ ഗീതാനിലയത്തിൽ നാരായണൻ നായർക്കുമാണ് (86) ഇന്നലെ സൂര്യാതപമേറ്റത്. വെള്ളിയാഴ്ച വിവിധ ആവശ്യങ്ങൾക്കായി വെയിലത്ത് സൈക്കിളിൽ യാത്ര ചെയ്ത ജേക്കബിന്റെ ഇരു കൈകൾക്കും ശക്തമായ പുകച്ചിൽ അനുഭവപ്പെടുകയായിരുന്നു. ശനി രാവിലെ ഇരു കൈകളിലും കുമിളകൾ രൂപപ്പെട്ട് ശക്തമായ വേദനയായി. 

ചികിത്സ തേടി വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് സൂര്യാതപം സ്ഥിരീകരിച്ചത്. ഇന്നു വീണ്ടും ആശുപത്രിയിൽ എത്താനാണ് നിർദേശിച്ചിരിക്കുന്നത്. നാരായണൻ നായരുടെ കയ്യിലാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് സ്കൂട്ടറിൽ കോട്ടയത്തിനു പോയി മടങ്ങി വരുമ്പോൾ കൈകളിൽ അസഹ്യമായ ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് സൂര്യാതപമെന്നു കണ്ടെത്തിയത്. പ്രാഥമിക ചികിത്സ തേടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയിലുടനീളം ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.

സൂര്യാതപം; കരുതൽ വേണം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്കു കളയുന്നതിന് തടസ്സം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം. സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടുംമഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ. 

എന്ത് ചെയ്യണം?

ഡോ. ആർ. അശ്വിനി, അസിസ്റ്റന്റ് പ്രഫസർ, ത്വക് രോഗ വിഭാഗം, മെഡിക്കൽ കോളജ്, കോട്ടയം : കടുത്ത ചൂടിനോടു ദീർഘനേരം ശാരീരിക സമ്പർക്കം ഒഴിവാക്കുക, ശുദ്ധജലം ധാരാളം കുടിക്കുക, ദ്രവരൂപത്തിലുള്ള ആഹാരം കഴിക്കുക, ദിവസം എട്ടു ഗ്ലാസ്  വെള്ളമെങ്കിലും കുടിക്കുക, നനഞ്ഞ തുണി പിഴിഞ്ഞ് ശരീരം തുടയ്ക്കുക, ശരീരം പൂർണമായി കാര്യക്ഷമമല്ലെങ്കിൽ ശാരീരികാധ്വാനമുള്ള പ്രവൃത്തികൾ ഒഴിവാക്കുക, വെയിലത്തു ജോലികൾ ചെയ്യുമ്പോൾ ധാരാളം വെള്ളം കുടിക്കുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും ചെയ്യുക, പ്രവൃത്തികൾ കഴിവതും ചൂട് കുറഞ്ഞ സമയം നോക്കി ക്രമീകരിക്കുക, ശാരീരികാധ്വാനമുള്ള പ്രവൃത്തികൾ ഉച്ചസമയത്ത് ചെയ്യാതിരിക്കുക, കഫീൻ, മദ്യം മുതലായവ ഒഴിവാക്കുക.

കട്ടികുറഞ്ഞ ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങളും കഴിവതും കോട്ടൺ വസ്ത്രങ്ങളും ധരിക്കുക. കുട, കൂളിങ് ഗ്ലാസ് തുടങ്ങിയവ ഉപയോഗിക്കുക. വീട്ടിൽ വായുസഞ്ചാരം കൂടുന്നതിന് ജനാലകൾ തുറന്നിടുക, ഫാൻ ഉപയോഗിക്കുക, പോഷക മൂല്യമുളള ഭക്ഷണം കഴിക്കുക എന്നിവയാണു പ്രതിരോധ മാർഗങ്ങൾ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com