ADVERTISEMENT

പുതുപ്പള്ളി ∙ ദേശത്തിന് അനുഗ്രഹം കവിഞ്ഞ് ഒഴുകുന്ന പുതുപ്പള്ളി പെരുന്നാളിന്റെ പുണ്യദിനങ്ങൾ ഇന്നും നാളെയും. ജനസാഗരമായി മാറി പുതുപ്പള്ളി ദേശം. ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് വിശുദ്ധ മദ്ബഹയിൽ പ്രതിഷ്ഠിക്കുന്ന പുണ്യ മുഹൂർത്തത്തിന് ഇന്നു പള്ളി സാക്ഷ്യം വഹിക്കും.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ 11നാണ് ഗീവർഗീസ് സഹദായുടെ ചൈതന്യവും ശക്തിയും പകരുന്ന പൊന്നിൻകുരിശ് സ്ഥാപിക്കൽ. 401 പവൻ തൂക്കമുള്ള പൊന്നിൻകുരിശ് ഭക്തിയുടെ സുവർണ പ്രഭ ചൊരിഞ്ഞു വിശ്വാസികൾക്കു അനുഗ്രഹം പകരും.

വിറകിടീൽ ഘോഷയാത്ര ഇന്ന് 2ന്

ജാതിമത ഭേദമെന്യേ ഒരേ മനസ്സോടെ ഏവരും പങ്കെടുക്കുന്ന വിറകിടീൽ ഘോഷയാത്ര പുതുപ്പള്ളി, എറികാട് കരകളിൽ നിന്നു 2ന് ആരംഭിക്കും. പുതുപ്പള്ളി പുണ്യാളനെ സ്തുതിച്ചു കൊണ്ട് നടത്തുന്ന വിറകിടീൽ ചടങ്ങ് ആഘോഷ നിറവിലാണു നടക്കുക.തുടർന്നു 4.30ന് പന്തിരുനാഴി പുറത്ത് എടുക്കും. വൈകിട്ട് 6.30ന് നടത്തുന്ന പ്രദക്ഷിണം പുതുപ്പള്ളിയുടെ വീഥികൾക്കു സുന്ദരകാഴ്ചകൾ സമ്മാനിക്കും. നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവല കുരിശടി വഴി ചുറ്റി നടക്കുന്ന പ്രദക്ഷിണത്തിനു വാദ്യമേളങ്ങളും, മുത്തുക്കുടകളും, ദീപ കാഴ്ചകളും ഭക്തിയുടെ പ്രഭ ചൊരിയും. 9ന് ആകാശ വിസ്മയ കാഴ്ച.

ഗീവർഗീസ് സഹദായോടുള്ള പ്രാർഥനയുമായി ഇന്ന് രാത്രി 10 മുതൽ തിരുശേഷിപ്പിനു മുന്നിൽ വിശ്വാസി സമൂഹം അഖണ്ഡ പ്രാർഥനയിലും പങ്കെടുക്കും. പതിനായിരക്കണക്കിനു വിശ്വാസികൾക്കു തയാറാക്കുന്ന വെച്ചൂട്ടിനുള്ള അരിയിടൽ നാളെ പുലർച്ചെ ഒരു മണിക്കു ആചാരപൂർവം നടത്തും.

വെച്ചൂട്ട് നാളെ

ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നാളെ 11.15ന് ആരംഭിക്കും. ആയിരക്കണക്കിനു ആളുകൾക്കു ഒരേ സമയം വെച്ചൂട്ട് വിളമ്പി നൽകാൻ വിപുലമായ ക്രമീകരണമാണ് പള്ളിയിൽ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കു ആദ്യ ചോറൂട്ടിനു വടക്കു വശത്തെ പന്തലിൽ പ്രത്യേക ക്രമീകരണം ഉണ്ട്. വെച്ചൂട്ടിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി.

പ്രദക്ഷിണ സംഗമം 

വിശ്വാസി സമൂഹം പങ്കെടുത്ത പുതുപ്പള്ളി തീർഥാടനം നാടിനെ ആഘോഷ നിറവിലാക്കി. ഇന്നലെ വൈകിട്ടു കൊച്ചാലുംമൂട് ഓർത്തഡോക്‌സ് സെന്റർ‌, കൈതമറ്റം ചാപ്പൽ, പാറയ്ക്കൽകടവ്, കാഞ്ഞിരത്തിൻമൂട്, വെട്ടത്തുകവല, കൊച്ചക്കാല എന്നീ കുരിശടികളിൽ നിന്നായിരുന്നു പ്രദക്ഷിണങ്ങൾ പുറപ്പെട്ടത്.

തീർഥാടനങ്ങൾ പള്ളിയിൽ എത്തിയതോടെ ഭക്തിയുടെ സാഗരം തീർത്തു.തീർഥാടകർക്കു പള്ളിയിൽ സ്വീകരണം നൽകി. വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, സഹവികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ.ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ.വർഗീസ് പി.വർഗീസ് ആനിവയലിൽ, ട്രസ്റ്റിമാരായ ജേക്കബ് ജോർജ്, സജി ചാക്കോ, സെക്രട്ടറി റോണി.സി.വർഗീസ് എന്നിവർ നേതൃത്വം നൽകി.

പുതുപ്പള്ളി പെരുന്നാൾ ഇന്ന്

പ്രഭാതനമസ്കാരം – 5.30
കുർബാന – ഫാ.കെ.എം.സഖറിയ – 6.00
അഞ്ചിന്മേൽ കുർബാന– പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ– 8.30.
പൊന്നിൻ കുരിശ് വിശുദ്ധ മദ്ബഹയിൽ പ്രതിഷ്ഠിക്കൽ –11.00
ശ്ലൈഹിക വാഴ്‌വ് – 11.15
പുതുപ്പള്ളി ,എറികാട് കരകളിൽ നിന്നു വിറകിടീൽ ഘോഷയാത്ര –2.00.
വിറകിടീൽ ചടങ്ങ് –4.00

പന്തിരുനാഴി ആഘോഷപൂർവം പുറത്ത് എടുക്കൽ – 4.30
പെരുന്നാൾ സന്ധ്യാനമസ്കാരം –ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് – 5.15.
നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവല കുരിശടി വഴി പ്രദക്ഷിണം – 6.30
ശ്ലൈഹിക വാഴ്‌വ് – 8.30
ആകാശ വിസ്മയ കാഴ്ച – 9.00
തിരുശേഷിപ്പിനു മുന്നിൽ അഖണ്ഡ പ്രാർഥന –10.00

വെടിക്കെട്ട് ഇന്ന്

പുതുപ്പള്ളി ∙ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിനു ഹൈക്കോടതി അനുമതി നൽകി. ഇന്ന് രാത്രി 9നാണ് പള്ളിക്ക് എതിർവശമുള്ള ചിറയിൽ ആകാശ വിസ്മയക്കാഴ്ച ഒരുക്കുക. നേരത്തെ എഡിഎം അനുമതി നിഷേധിച്ചിരുന്നു. എല്ലാ  സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാണ് പുതുപ്പള്ളി പെരുന്നാളിന്റെ ആചാരമായ വെടിക്കെട്ട് നടത്തുന്നതെന്നു വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com