ജയിൽ മുതൽ മൺതുരങ്കം വരെ, നാടൻ കോഴിക്കുഞ്ഞു മുതൽ ഗ്രനേഡ് വരെ; കൗതുകക്കാഴ്ച തുറന്ന് ‘എന്റെ കേരളം’
Mail This Article
കോട്ടയം ∙ സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ സൗജന്യ പ്രദർശന, വിപണന മേള നാഗമ്പടം മൈതാനത്തു തുടങ്ങി. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.ഗവ.ചീഫ് വിപ് എൻ.ജയരാജ് അധ്യക്ഷത വഹിച്ചു. 22 വരെയാണു മേള. ഉദ്ഘാടനത്തിനു മുന്നോടിയായി തിരുനക്കര മൈതാനത്തുനിന്നു നാഗമ്പടം മൈതാനത്തേക്കു നടത്തിയ സാംസ്കാരിക ഘോഷയാത്രയിൽ ആയിരക്കണക്കിനാളുകൾ അണിനിരന്നു. ഘോഷയാത്രയിൽ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് ‘പഞ്ചാര വണ്ടി’ കാഴ്ചയക്കാർക്ക് കൗതുകമായി. എംപ്ലോയ്മെന്റ് ‘കെസ്റു’ സ്വയംതൊഴിൽ പദ്ധതിയുടെ വായ്പ സബ്സിഡി വിതരണം, കേരള സഹകരണ സമാശ്വാസ ഫണ്ട് വിതരണം, മത്സ്യകർഷകർക്കുള്ള സബ്സിഡി വിതരണം, ഭാഗ്യക്കുറി ക്ഷേമനിധി സ്കോളർഷിപ് വിതരണം എന്നിവയും ഉദ്ഘാടനച്ചടങ്ങിൽ നിർവഹിച്ചു.
എംഎൽഎമാരായ സി.കെ.ആശ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, കലക്ടർ പി.കെ.ജയശ്രീ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്, എംജി സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് എന്നിവർ പ്രസംഗിച്ചു.
മേളക്കാഴ്ച ഇങ്ങനെ
ജില്ലാ ജയിൽ മുതൽ മൺതുരങ്കം വരെ, നാടൻ കോഴിക്കുഞ്ഞു മുതൽ ഗ്രനേഡ് വരെ... 42,000 ചതുരശ്രയടിയിൽ ശീതീകരിച്ച പന്തലിൽ ഒരുക്കിയ കൗതുകക്കാഴ്ചകളാണ് ഇത്. കേരളീയ വൈവിധ്യത്തിന്റെ ചെറുപതിപ്പു തന്നെയാണ് ‘എന്റെ കേരളം’ മേളയിലുള്ളത്.വൈക്കം സത്യഗ്രഹ ശതാബ്ദിയുടെ സമൃതികളുണർത്തുന്ന പ്രവേശന കവാടം പ്രധാന ആകർഷണമാണ്. സമരസേനാനികളായ കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ എന്നിവർ തീണ്ടാപ്പലക കൈകളിൽ ഉയർത്തി എറിയുന്ന പ്രതിമ ഒരുക്കിയിട്ടുണ്ട്. സത്യഗ്രഹികളുടെ ഛായാചിത്രവുമുണ്ട്. സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 202 സ്റ്റാളുകളിൽ കാണാനും അടുത്തറിയാനും ഏറെ.
പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ ജില്ലും ബെയ്‌ലിയും സന്ദർശകർക്കു കൗതുകമായി. കുറ്റവാളികളെ ഓടിച്ചു പിടികൂടുന്ന ഇരുവരും ഇവിടെ ശാന്തരാണ്. ട്രെയിനർമാരുടെ നിർദേശങ്ങൾ പ്രകാരം കൂടെ നിന്നു സെൽഫി എടുക്കാനും കൈകൊടുക്കാനും കുട്ടികളുടെ തിരക്കേറെ. കോട്ടയം ജില്ലാ ജയിലിന്റെ നേതൃത്വത്തിൽ ഒരുക്കിയ ലോക്കപ്പും തൂക്കുമരവും കാണാം. ലോക്കപ്പിനുള്ളിൽ നിന്നു ഫോട്ടോയുമെടുക്കാം. ജയിലിൽ ഉൽപാദിപ്പിച്ച പലഹാരങ്ങളും വാങ്ങാം.
കേരള ടൂറിസത്തിന്റെ സ്റ്റാളിലെ തുരങ്കത്തിലൂടെ നടന്നാൽ ചെറിയ ഏലത്തോട്ടത്തിലെത്തും. അതിനുള്ളിൽ നടക്കുന്ന അമ്പെയ്ത്തിലും പങ്കെടുക്കാം. മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിന്റെ സ്റ്റാളിൽ നിന്ന് ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ കുറഞ്ഞ നിരക്കിൽ വാങ്ങാനും അവസരമുണ്ട്.
കുമരകം കാർഷിക ഗവേഷണ കേന്ദ്രം ഒരുക്കിയ ചെറിയ പാടശേഖരം, ആധാർകാർഡ് പുതുക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളുമായി സൗജന്യ അക്ഷയ സെന്റർ എന്നിവയുമുണ്ട്. സന്ദർശകർക്കു ചൂടോടെ ഭക്ഷണം വിളമ്പാൻ കുടുംബശ്രീയുടെ ഭക്ഷ്യമേളയുമുണ്ട്.രാവിലെ 10 മുതൽ രാത്രി 9.30 വരെയാണു സമയം.
മേളയിൽ ഇന്ന്
∙രാവിലെ 10നു സെമിനാർ–ആന്റിബയോട്ടിക് ഉപയോഗവും പ്രതിരോധവും
∙ഉദ്ഘാടനം: തോമസ് ചാഴികാടൻ എംപി
∙മോഡറേറ്റർ: ഡോ. എസ്.ശങ്കർ (പ്രിൻസിപ്പൽ മെഡിക്കൽ കോളജ്, കോട്ടയം)
∙1.30നു സെമിനാർ–മാറുന്ന ഉന്നതവിദ്യാഭ്യാസ മേഖലയും കേരളവും
∙ഉദ്ഘാടനം: ഡോ. സാബു തോമസ് (എംജി സർവകലാശാല വൈസ് ചാൻസലർ)
∙മോഡറേറ്റർ: റെജി സഖറിയ ( എംജി സർവകലാശാല സിൻഡിക്കേറ്റംഗം)
∙വൈകിട്ട് 6.30നു മെഗാ ഷോ–(കോമഡി, നൃത്തം, ഗാനമേള, വൺമാൻ ഷോ)