ടാറിങ് പൂർത്തിയായി; കല്ലറ–മണിയൻതുരുത്ത് റോഡിൽ ഇനി ശുഭ യാത്ര
Mail This Article
കല്ലറ ∙ തകർന്നുകിടന്നിരുന്ന കല്ലറ- പറവൻതുരുത്ത്- മണിയൻതുരുത്ത് റോഡിന്റെ ദുരവസ്ഥയ്ക്കു പരിഹാരമായി. റോഡിന്റെ ടാറിങ്ങും വശങ്ങളിലെ കോൺക്രീറ്റിങ്ങും പൂർത്തിയായി. ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ അംഗം ഹൈമി ബോബിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 35 ലക്ഷം രൂപ അനുവദിച്ചാണു കല്ലറ- പറവൻതുരുത്ത്- ഉദയംതറ വരെയുള്ള റോഡ് ഭാഗങ്ങളിൽ പണികൾ നടത്തിയത്. പിഎംജിഎസ്‌വൈ പദ്ധതിയിൽ പെടുത്തി 2013ൽ പണിത റോഡ് പല ഭാഗത്തും തകർന്നിരുന്നു. കാലവർഷത്തിൽ റോഡ് പതിവായി വെള്ളത്തിലാകും. ടിപ്പറുകളുടെയും ടോറസുകളുടെയും അമിതഭാരം കയറ്റിയുള്ള ഓട്ടം മൂലമാണു റോഡ് പെട്ടെന്നു തകർന്നത്.
ആലപ്പുഴ, ചേർത്തല, കുമരകം ഭാഗത്തേക്കു വേണ്ടി മണ്ണെടുക്കാൻ ടിപ്പറുകളും ടോറസുകളും കുറുപ്പന്തറ, കുറവിലങ്ങാട് ഭാഗത്ത് എത്തുന്നത് ഇതുവഴിയാണ്. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങളുടെ സഞ്ചാരമാർഗമായ റോഡ് ഇനി തകരാതിരിക്കാൻ നടപടി വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്. പാടശേഖരങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന ഭാഗമാണ് കൂടുതലും തകരുന്നത്. ഇവിടെ പാടശേഖരത്തു നിന്നു വെള്ളം കയറി റോഡ് ആഴ്ചകളോളം വെള്ളത്തിലാകുന്ന സ്ഥിതിയുണ്ട്. ഈ ഭാഗത്ത് റോഡ് ഉയർത്തി നിർമിച്ചിരിക്കുന്നതിനാൽ ചെറിയ മഴയിൽ വെള്ളം കയറുന്നത് ഒഴിവാകും എന്നാണു പ്രതീക്ഷ. പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, പഞ്ചായത്തംഗം കെ.പി.ജോയി എന്നിവരുടെ പരിശ്രമഫലമായാണു ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചു നിർമാണം പൂർത്തിയാക്കിയത്.