ADVERTISEMENT

ചങ്ങനാശേരി ∙ ‘പോള വാരിയാൽ രണ്ടാണു നേട്ടം. മാലിന്യവും നീങ്ങും. പോക്കറ്റും നിറയും’. ഹരിത കേരളം മിഷനാണ് പോള നിർമാർജനത്തിനു പുതിയ മാതൃക അവതരിപ്പിക്കുന്നത്. ആലപ്പുഴ ജില്ലയിൽ നീലംപേരൂർ പഞ്ചായത്തിൽ വിജയകരമായി നടപ്പാക്കിയ മാതൃക മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനസ്സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലും നടപ്പാക്കും.

പദ്ധതി ഇങ്ങനെ

ജലാശയങ്ങളിലെ പോള വാരി ഇലയും വേരും നീക്കി ചെറിയ കെട്ടുകളാക്കി തമിഴ്നാട്ടിലെ മധുരയിലെ സ്റ്റാർട്ടപ് കമ്പനിക്കു കൈമാറുന്നതാണു പദ്ധതി. നീലംപേരൂർ പഞ്ചായത്തിൽ നിന്ന് ഇതിനകം 1,50,000 കിലോ പോളത്തണ്ട് നീക്കി.ഒന്നര അടി നീളമുള്ള പോളത്തണ്ടുകളാണ് മധുരയിലെ കമ്പനിക്കു നൽകുന്നത്. ഉണങ്ങിയ പോള ഉപയോഗിച്ചു വീട്ടിലേക്ക് ആവശ്യമുള്ള വിവിധ വസ്തുക്കൾ ഉണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്. ലാംപ് ഷേഡ്, ബാസ്കറ്റ്, മാറ്റുകൾ, ബാഗ്, പഴ്സ് തുടങ്ങിയവ നിർമിച്ചു വിദേശത്തേക്ക് അയയ്ക്കുന്ന കമ്പനിയാണിത്.

വരുമാനം ഇങ്ങനെ

പോള വാരി, ഇലയും വേരും നീക്കി കയറ്റി അയയ്ക്കുമ്പോൾ തൊഴിലാളികൾക്കു കിലോയ്ക്കു 10 രൂപ നിരക്കിൽ ലഭിക്കും. ശരാശരി 7 ടൺ പോളത്തണ്ടാണ് ഒരു ലോഡിൽ കയറ്റി വിടുന്നത്. നീലംപേരൂർ പഞ്ചായത്തിൽ തൊഴിൽക്കൂട്ടങ്ങൾക്ക് ഇതിനോടകം 15 ലക്ഷം രൂപ കൂലിയിനത്തിൽ ലഭിച്ചു. പോള ഉണക്കിയെടുത്തതും കമ്പനി ശേഖരിക്കുന്നുണ്ട്. ഇതിനു കിലോയ്ക്കു 15 രൂപയാണു നൽകുന്നത്.

ഗുണങ്ങൾ

തദ്ദേശ സ്ഥാപനങ്ങൾക്ക് അധികച്ചെലവ് ഉണ്ടാകാതെ പോള നീക്കുന്നതിനൊപ്പം നാട്ടുകാർക്കു വരുമാനവും ലഭിക്കുമെന്നതാണു പദ്ധതിയുടെ പ്രധാന ആകർഷണം. പോള നീങ്ങുന്നതോടെ ജലാശയങ്ങളിലെ ഒഴുക്ക് സുഗമമാവും. വെള്ളം വൃത്തിയാവുകയും ചെയ്യും. 

ജലസംരക്ഷണം ഹരിതകേരളം മിഷന്റെ ലക്ഷ്യമാണ്. തദ്ദേശ സ്ഥാപനങ്ങളെയും സ്റ്റാർട്ടപ് കമ്പനിയെയും ബന്ധപ്പെടുത്തുകയാണ് മിഷൻ ചെയ്തത്. പോള നീക്കുന്നതിന് ഓരോ വർഷവും തദ്ദേശ സ്ഥാപനങ്ങൾ ഭീമമായ തുക ചെലവഴിച്ചിരുന്ന സ്ഥാനത്ത് ഇത് ഉപജീവനമാർഗമാക്കാനുള്ള സാധ്യതയാണ് കൈവരുന്നത്. നീക്കം ചെയ്യുന്ന ഇലയും വേരുകളും കംപോസ്റ്റ് ആക്കി മാറ്റാനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com