ADVERTISEMENT

ഏറ്റുമാനൂർ∙ മീനച്ചിലാറിന്റെ തീരപ്രദേശത്തുള്ള വെള്ളപ്പൊക്ക മേഖലകളിൽ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണെങ്കിലും വീടുകൾക്കുള്ളിൽ നിന്നു വെള്ളം ഇറങ്ങിയിട്ടുണ്ട്. മഴ കുറഞ്ഞതോടെയാണ് ആശ്വാസമായത്.  വെള്ളം താഴ്ന്നതോടെ നാട്ടുകാർ വീടുകൾ വൃത്തിയാക്കുന്ന തിരക്കിലാണ്. നഗരസഭ പരിധിയിലെ 8,19,18,16,15, 29, 35 വാർഡുകളിലാണ് വെള്ളപ്പൊക്കം നാശം വിതച്ചത്.

പ്രധാന റോഡുകളിൽ നിന്നു വെള്ളം ഇറങ്ങിയെങ്കിലും ചില ഇടറോഡുകളിലും പാടശേഖരങ്ങളിലും വെള്ളക്കെട്ടുണ്ട്. കഴിഞ്ഞ 2 ദിവസം പെയ്ത ശക്തമായ മഴയിൽ പേരൂർ, ‌മാടപ്പാട്, പൂവത്തുംമൂട്, പായിക്കാട്, കറുത്തേടം തുടങ്ങിയ പ്രദേശങ്ങളിൽ അറുന്നൂറോളം വീടുകളാണു വെള്ളത്താൽ ചുറ്റപ്പെട്ടത്. 150 വീടുകളിൽ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ ബന്ധു വീട്ടിലേക്കു പോയവരും ക്യാംപിലേക്കു മാറിയവരും തിരികെ എത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികളും ചപ്പുചവറുകളുമടക്കം പല വിധത്തിലുള്ള മാലിന്യങ്ങൾ വീടുകൾക്കു ചുറ്റും അടിഞ്ഞു കൂടിയത് നാട്ടുകാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. 

ഇവ വൃത്തിയാക്കണമെങ്കിൽ ഒരാഴ്ചയെങ്കിലും വേണ്ടി വരുമെന്നു നാട്ടുകാർ പറയുന്നു. ആറിന്റെ ആഴം കുറഞ്ഞതും തോടുകളും നീർച്ചാലുകളും മാലിന്യം കയറി നീരൊഴുക്ക് തടസ്സപ്പെട്ടതുമാണ് വെള്ളപ്പൊക്കത്തിനു കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. 2 ദിവസത്തെ മഴയിൽ ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഇനി കർക്കടക മാസത്തിലെ മഴ എങ്ങനെയാകുമെന്ന ആശങ്കയിലാണ് തീരവാസികൾ.

കുത്തിയതോടിലെ തടസ്സങ്ങൾ മാറ്റണം

പേരൂർ കറുത്തേടം മേഖലയിൽ നിന്നു വെള്ളം ഇറങ്ങാത്തതിന്റെ പ്രധാന കാരണം കുത്തിയ തോട്ടിലെ തടസ്സങ്ങളാണെന്നു നാട്ടുകാർ പറയുന്നു. കോട്ടയം മെഡിക്കൽ കോളജിലേക്കു വെള്ളം എത്തിക്കാൻ വർഷങ്ങൾക്കു മുൻപ് ജല അതോറിറ്റി സ്ഥാപിച്ച ഇരുമ്പ് പൈപ്പ് തോടിനു കുറുകെ നിൽക്കുകയാണ്. ഇതിന്റെ 2 തൂണുകളും കുത്തിയതോട് പാലത്തിനു അടിയിലാണ്. മാലിന്യങ്ങൾ ഈ തൂണിലും പൈപ്പിലും തങ്ങി നിന്നു നീരൊഴുക്ക് തടസ്സപ്പെടുന്നുണ്ട്.

ഇതാണു പ്രദേശത്തു നിന്നു വെള്ളക്കെട്ട് ഒഴിവാകാത്തതിനു കാരണം. തുരുമ്പെടുത്ത് ചോർച്ച ഉണ്ടായതു മൂലം ഈ ഇരുമ്പ് പൈപ്പ് വഴിയുള്ള ജലവിതരണം നിർത്തി വച്ചിരിക്കുകയാണ്. റോഡിന് ഇടതുവശത്തു കൂടി മണ്ണിനടിയിലൂടെ പുതിയ പൈപ്പ് സ്ഥാപിച്ചാണ് ജല വിതരണം നടത്തുന്നത്. പഴയ ജല വിതരണ പൈപ്പ് പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ടു നഗരസഭയെയും ജല അതോറിറ്റിയെയും സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നു വാർഡ് അംഗം സിന്ധു കറുത്തേടം പറഞ്ഞു. 

തുരുത്തേൽ മേഖല വെള്ളത്തിൽ

പേരൂർ ഖാദിപ്പടിയിലെ തുരുത്തേൽ മേഖല ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്തിൽ 20 കുടുംബങ്ങളാണു താമസിക്കുന്നത്. രണ്ടാൾ താഴ്ചയിലാണ് ഈ ഭാഗത്ത് വെള്ളം കയറിയത്. ഇപ്പോൾ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും  ഇന്നലെ വൈകുന്നേരത്തെ കണക്കു പ്രകാരം 4 അടിയോളം വെള്ളമുണ്ട്. ഇന്നു വെള്ളം ഇറങ്ങിയില്ലെങ്കിൽ വിദ്യാർഥികൾക്ക് സ്കൂളുകളിലേക്ക് യാത്ര ബുദ്ധിമുട്ടിലാകും. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ വെള്ളം ഇറക്കമുണ്ടെന്നും പുലർച്ചെയോടെ വെള്ളക്കെട്ട് ഒഴിവാകുമെന്ന പ്രതീക്ഷയിലാണെന്നും പ്രദേശവാസികൾ പറയുന്നു.

ക്യാംപുകൾ പിരിച്ചു വിട്ടു

മീനച്ചിലാറിന്റെ തീരപ്രദേശം ഉൾപ്പെടെയുള്ള മേഖലയിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയതോടെ നഗരസഭ പരിധിയിലെ ദുരിതാശ്വാസ ക്യാംപുകൾ പിരിച്ചു വിട്ടു. പേരൂർ ജെബിഎൽപി സ്കൂൾ, മാടപ്പാട് ശിശുവിഹാർ, സെന്റ് മേരീസ് സ്കൂൾ തെള്ളകം, കട്ടച്ചിറ സെന്റ് ആന്റണീസ് സ്കൂൾ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാംപ് പ്രവർത്തിച്ചിരുന്നത്.

19 കുടുംബങ്ങളിൽ നിന്നായി 69 പേർ ക്യാംപിലുണ്ടായിരുന്നു. നഗരസഭ അധ്യക്ഷ ലൗലി ജോർജ്,കൗൺസിലർമാരായ ത്രേസ്യാമ്മ മാത്യു വാക്കത്തുമാലി, സിന്ധു കറുത്തേടം, പ്രിയ സജീവ്, പ്രീതി രാജേഷ്, അജിശ്രീ മുരളി, രാധിക രമേഷ്, ജോണി വർഗീസ്, ജേക്കബ് പി.മാണി, ബിനോയ് കെ.ചെറിയാൻ, മഞ്ജു അലോഷ് തുടങ്ങിയവർ ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com