നാലമ്പലങ്ങൾ നിറഞ്ഞ് ഭക്തജനങ്ങൾ
Mail This Article
രാമപുരം ∙ നാലമ്പല ദർശനത്തിനു ഭക്തരുടെ തിരക്കേറി. ദിവസവും രാവിലെയും വൈകിട്ടും ഭക്തജനങ്ങളാൽ നിറഞ്ഞു കവിയുകയാണ് നാലമ്പലങ്ങൾ. രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ദർശനത്തിനുശേഷം കൂടപ്പുലം ലക്ഷ്മണ സ്വാമി ക്ഷേത്രത്തിലും അമനകര ഭരത സ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി വീണ്ടും ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ എത്തിയാണ് ഭക്തജനങ്ങൾ മടങ്ങുന്നത്. 16നു നാലമ്പല ദർശനത്തിനു സമാപനമാകും.
അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് കാര്യങ്ങൾ വിശദീകരിച്ച് നൽകാൻ പ്രത്യേക സ്‌ക്വാഡിനെ 4 ക്ഷേത്രങ്ങളിലും നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച ദിവസങ്ങളിൽ കൂടുതൽ വൊളന്റിയേഴ്‌സിന്റെ സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്. എസ്എച്ച്ഒ കെ.അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനങ്ങൾ തടസ്സം കൂടാതെ പാർക്കു ചെയ്യുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ സജിത്തിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർ 4 ക്ഷേത്രങ്ങളിലും ശുചിത്വ പരിപാലനവും പ്രാഥമിക ചികിത്സ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സേവാഭാരതി നാലമ്പലങ്ങളിലും ഔഷധ വെള്ളം വിതരണം ചെയ്യുന്നതിനൊപ്പം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നവർക്കായി എമർജൻസി വാഹനവും ഏർപ്പെടുത്തിയിട്ടുണ്ട്.
16 സ്പെഷൽ ബസുകളുമായി കെഎസ്ആർടിസി
രാമപുരം ∙ നാലമ്പലങ്ങളിലേക്കു ഇന്നലെ വിവിധ ഡിപ്പോകളിൽ നിന്നായി എത്തിയത് 16 കെഎസ്ആർടിസി ബസുകൾ. കൊല്ലം, പത്തനംതിട്ട, തിരുവല്ല, വെഞ്ഞാറമൂട്, പന്തളം, അടൂർ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, തിരുവനന്തപുരം സിറ്റി, വൈക്കം, കോട്ടയം, ചങ്ങനാശേരി, മാവേലിക്കര, കൊട്ടാരക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നാണ് കെഎസ്ആർടിസി ബസുകൾ എത്തിയത്.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായാണ് നാലമ്പലങ്ങളിലേക്കു സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവരെയാണ് ക്ഷേത്രങ്ങളിൽ എത്തിക്കുന്നത്. ഇവർക്കായി പ്രത്യേക ക്യൂ സൗകര്യവും ക്ഷേത്രങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്. രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് തിരികെ ഇവിടെ എത്തുമ്പോൾ 17 കിലോമീറ്ററാണുള്ളത്.
കുറഞ്ഞ ദൂരത്തിൽ ഒരേ പഞ്ചായത്തിൽ 4 ക്ഷേത്രമുള്ള ഏക നാലമ്പലമാണ് രാമപുരത്തേത്. ബജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജർ ജേക്കബ് സാം ലോപ്പസ്, സംസ്ഥാന കോ-ഓർഡിനേറ്റർ വി.പ്രശാന്ത്, സോണൽ കോ-ഓർഡിനേറ്റർ ആർ.അനീഷ്, കോട്ടയം, എറണാകുളം ജില്ല കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിയ്ക്കകം എന്നിവരാണ് നാലമ്പല യാത്രയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അഖണ്ഡ നാമജപം
അമനകര ∙ ഭരത സ്വാമി ക്ഷേത്രത്തിൽ അഖണ്ഡ നാമജപവും പൂമൂടലും നടത്തി. ദുരിത നിവാരണത്തിനും ക്ഷേത്ര ചൈതന്യ വർധനവിനുമായി കഴിഞ്ഞ് 4 പതിറ്റാണ്ടായി അഖണ്ഡ നാമജപം നടത്തുന്നുണ്ട്. സമ്പൽ സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ് പൂമൂടൽ നടത്തുന്നത്. ഗുരുവായൂർ പൈതൃക പുരസ്‌കാര ജേതാവ് അമ്പലപ്പുഴ വിജയകുമാർ ഭരത സ്വാമിയുടെ തിരുനടയിൽ സോപാന സംഗീതാർച്ചന നടത്തി.
കുറഞ്ഞ നിരക്കിൽ ഭക്ഷണം
മേതിരി ∙ നാലമ്പല തീർഥാടകർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണമൊരുക്കി 304-ാം നമ്പർ എൻഎസ്എസ് ഭദ്രവിലാസം കരയോഗം വനിത സമാജം പ്രവർത്തകർ. ക്ഷേത്രത്തിനു സമീപമുള്ള കരയോഗം കെട്ടിടത്തിലാണ് ഭക്തർക്കായി ഭക്ഷണമൊരുക്കുന്നത്. രാവിലെ 6 നു കട തുറക്കുമ്പോൾ മുതൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വനിതാ സമാജം പ്രവർത്തകരായ പ്രിയ രാമചന്ദ്രൻ, സുനിത രാജീവ്, രമ വിനോദ്, അശ്വതി അനീഷ്, രജനി ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് കട പ്രവർത്തിക്കുന്നത്.