ചാണ്ടി ഉമ്മന്റെ ആസ്തി 15.99 ലക്ഷം രൂപ; പത്രിക നൽകി
Mail This Article
പള്ളിക്കത്തോട് ∙ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ച് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക നൽകി. പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫിസിൽ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ ഇ.ദിൽഷാദിനു മുന്നിലാണു പത്രിക നൽകിയത്. അമ്മ മറിയാമ്മയ്ക്കും സഹോദരി മറിയയ്ക്കും മറ്റു ബന്ധുക്കൾക്കും കോൺഗ്രസ് നേതാക്കൾക്കുമൊപ്പം രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലും എത്തിയ ചാണ്ടി ഉമ്മൻ പത്രിക കല്ലറയിൽ വച്ച് പ്രാർഥിച്ചു. അമ്മയും സഹോദരിയും ചാണ്ടിയെ ചേർത്തുപിടിച്ച് ആശംസ നേർന്നു. പള്ളിക്കത്തോട്ടിലെത്തിയ ചാണ്ടി ഉമ്മനെ പ്രവർത്തകർ തിലകമണിയിച്ച് സ്വീകരിച്ചു.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്ന് എത്തിച്ച ഉണ്ണിയപ്പം പ്രവർത്തകർ വിതരണം ചെയ്തു. സഹോദരിമാരായ മറിയ ഉമ്മനും അച്ചു ഉമ്മനും ചാണ്ടി ഉമ്മനൊപ്പം പള്ളിക്കത്തോട്ടിലെത്തിയിരുന്നു. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം കെ.സി.ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്, യുഡിഎഫ് നേതാക്കളായ സജി മഞ്ഞക്കടമ്പിൽ, ജോഷി ഫിലിപ്, സിബി ചേനപ്പാടി തുടങ്ങിയവർ പങ്കെടുത്തു.
ചാണ്ടി ഉമ്മന്റെ ആസ്തി 15.99 ലക്ഷം രൂപ
പുതുപ്പള്ളി ∙ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ആസ്തി 15.99 ലക്ഷം രൂപയെന്നു സത്യവാങ്മൂലം. 8 ബാങ്കുകളിലെ നിക്ഷേപങ്ങളും കയ്യിലുള്ള 15,000 രൂപയും ചേർത്ത് 15,98,600 രൂപയാണ് സ്വന്തമെന്നു ചാണ്ടി ഉമ്മന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. വസ്തുവകകൾ അടക്കം മറ്റൊരു സ്വത്തും ചാണ്ടി ഉമ്മന്റെ പേരിലില്ല. ബാങ്കുകളിലും സൊസൈറ്റിയിലുമായി 12.73 ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്. അഭിഭാഷകൻ, സോഷ്യൽ വർക്കർ എന്നീ നിലകളിലാണു പ്രവർത്തിക്കുന്നതെന്നും മാസം 25,000 രൂപ വരുമാനമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.രാഷ്ട്രീയ സമരങ്ങളുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഏനാത്ത്, റാന്നി, തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനുകളിലായി കേസുകളുണ്ട്. 2020 നവംബറിൽ കോവിഡ് നിയന്ത്രണം ലംഘിച്ച് മുഖ്യമന്ത്രിയെ തടയാൻ ശ്രമിച്ച കേസിൽ കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 1,800 രൂപ പിഴ ശിക്ഷ വിധിച്ചിട്ടുണ്ട്.