ADVERTISEMENT

എരുമേലി ∙ പമ്പാ, അഴുത, മണിമല ആറുകളിൽ പ്രളയത്തിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ സാധ്യത തെളിയുന്നു. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ചീഫ് സെക്രട്ടറി ഡോ. വി. വേണുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്  അനുകൂല തീരുമാനം ആയത്. ലക്ഷക്കണക്കിനു ടൺ മണലാണ് നദികളിൽ അടിഞ്ഞുകൂടിയിട്ടള്ളത്. ഈ മണൽ നീക്കം ചെയ്യാത്തതുമൂലം വെള്ളപ്പൊക്ക സാധ്യതയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പഞ്ചായത്തിന് സാമ്പത്തിക പ്രയോജനം ലഭിക്കുന്ന വിധം മണൽ സർക്കാർ തലത്തിൽ വാരി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർക്ക് നിർദേശം നൽകാമെന്നു ചീഫ് സെക്രട്ടറി ഉറപ്പു നൽകിയെന്ന് മറിയാമ്മ സണ്ണി പറഞ്ഞു.

2018 ലെ പ്രളയത്തിൽ ഡാമുകൾ തുറന്നുവിട്ടതോടെയാണ് നദികളിൽ വൻതോതിൽ മണൽ ഒഴുകിയെത്തിയത്. മണൽ നിറഞ്ഞ് നദികളിലെ കയങ്ങൾ മൂടുകയും നദിയുടെ ആഴം കുറയുകയും ചെയ്തു. പമ്പാനദിയിൽ മൂലക്കയം, എയ്ഞ്ചൽവാലി. ആറാട്ടുകയം, കിസുമം ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ മണൽ അടിഞ്ഞുകൂടിയത്. അഴുതയാറ്റിൽ മൂക്കൻപെട്ടി, കാളകെട്ടി അഴുതക്കടവ്, കാളകെട്ടി  തുടങ്ങിയ മേഖലകളിലും കയങ്ങൾ മൂടിപ്പോയി.

ഇതിനു ശേഷമുള്ള 3 വർഷങ്ങളിലും മുൻപ് ഉണ്ടാകാത്ത വിധമുള്ള വെള്ളപ്പൊക്ക ഭീഷണിയാണ് ആറിന്റെ സമീപ പ്രദേശത്ത് താമസിക്കുന്നവർ നേരിട്ടത്. മണൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എരുമേലി പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനു ദുരന്തനിവാരണ നിയമം അനുസരിച്ചുള്ള അനുമതി വേണം എന്നായിരുന്നു സർക്കാർ നിലപാട്. വൻതോതിൽ മണൽ അടിഞ്ഞു കൂടിയതോടെ എല്ലാ വർഷവും പതിവായി വെള്ളപ്പൊക്കത്തിനു കാരണമാകുന്നുണ്ട്.

മണൽ അടിഞ്ഞ് ആഴം കുറഞ്ഞതുമൂലം ജലം ഉൾക്കൊള്ളാനുള്ള ശേഷി കുറ‍ഞ്ഞു. ഇതോടെ മഴ മാറി നിന്നാൽ ആഴ്ചകൾക്കുള്ളിൽ ആറ് വറ്റി വരളും. ലവണാംശം കൂടുതലുള്ള മണൽ തീരത്ത് അടിഞ്ഞുകൂടിയതിനാൽ ആറിന്റെ തീരങ്ങളിലെ കൃഷിയെ പ്രതികൂലമായി ബാധിച്ചു. ആറിന്റെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം അതിവേഗം വറ്റുന്നതായും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com