ADVERTISEMENT

മണർകാട് ∙ സെന്റ് മേരീസ്  യാക്കോബായ സുറിയാനി  കത്തീഡ്രലിൽ  എട്ടു നോമ്പാചരണം തുടങ്ങിയതോടെ തീർഥാടക പ്രവാഹം.  3 ദിവസത്തിനിടെ ആയിരക്കണക്കിന് ഭക്തർ  പ്രാർഥന നടത്തി മടങ്ങി. നാടൊന്നാകെ പെരുന്നാൾ  ദിനങ്ങളെ വരവേറ്റു കഴിഞ്ഞു. പള്ളിയിൽ ഇരുന്ന് പൂർണസമയവും നോമ്പ് ആചരിക്കാൻ  ഇത്തവണ കൂടുതൽ തീർഥാടകരാണ് എത്തിയിരിക്കുന്നത്. വിശ്വാസികൾക്കായി  എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.  പ്രാർഥനാപൂർവം 8 ദിനങ്ങളും നോമ്പെടുത്ത് അനുഗ്രഹം പ്രാപിച്ച  അനേകം സാക്ഷ്യങ്ങൾ  വിശ്വാസികളുടെ പ്രാർഥനയിൽ ഉയരുന്നുണ്ട്. നോമ്പിന് എത്തുന്ന മുഴുവൻ ജനങ്ങൾക്കും നേർച്ചക്കഞ്ഞി  വടക്ക് വശത്തെ പാരിഷ് ഹാളിൽ ക്രമീകരിച്ചിട്ടുണ്ട്. തീർഥാടകരുടെ യാത്ര സൗകര്യത്തിന് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.

‘മനുഷ്യരെ അടുത്തറിയണം’

മണർകാട് ∙ മനുഷ്യനെ അടുത്തറിയുന്ന പ്രോജക്ട് മനുഷ്യയാൻ. കൂടപ്പിറപ്പിനെയും സഹോദരനെയും അയൽക്കാരെനെയും അടുത്തറിയാൻ മനുഷ്യയാനിലൂടെ ശ്രമിക്കണമെന്ന്  നിരണം ഭദ്രാസന മെത്രാപ്പൊലീത്ത  ഡോ.ഗീവർഗീസ് മാർ കൂറിലോസ്. ചന്ദ്രനെ അടുത്തറിയാൻ ചന്ദ്രയാനും സൂര്യനെ അറിയാൻ സൂര്യയാനും നമ്മൾ നടപ്പാക്കി. ശാസ്ത്രം നേട്ടങ്ങൾ കൈവരിക്കുമ്പോൾ  മറക്കരുതാത്ത ഒരു പ്രോജക്ട് മനുഷ്യയാൻ എന്നൊന്നുണ്ട്. 

ലോകത്തെ ഏറ്റവും വിശുദ്ധമായ പദമാണ് അമ്മ എന്നത്. ജനിച്ച് വീഴുന്ന ശിശു ആദ്യം ഉച്ചരിക്കുന്ന ശബ്ദം അമ്മയെന്നാണ്. അമ്മ പരിശുദ്ധിയുടെ പദമാണ്. അമ്മമാർക്ക് നമ്മുടെ സമൂഹത്തിലുള്ള ഇപ്പോഴത്തെ സ്ഥാനം നാം ആലോചിക്കണം. അമ്മമാരെ  നോക്കാൻ പലരും വയോജനമന്ദിരങ്ങളിൽ എത്തിക്കുന്ന കാലഘട്ടമാണിതെന്നും ഡോ.ഗീവർഗീസ് മാർ കൂറിലോസ് മണർകാട് സെന്റ് മേരീസ് യാക്കോബായ  സുറിയാനി കത്തീഡ്രലിൽ ദിവ്യബലി അർപ്പണത്തിനിടെയുള്ള പ്രസംഗത്തിൽ പറഞ്ഞു. 

എട്ടുനോമ്പ് പെരുന്നാൾ: പൊതുസമ്മേളനം

മണർകാട് ∙ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹാം റിപ്പോർട്ട് അവതരിപ്പിച്ചു. കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ  ജസ്റ്റിസ് ബി. കെമാൽ പാഷ മുഖ്യപ്രഭാഷണവും സിബിഎസ്ഇ സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ നിർമാണ ഉദ്ഘാടനവും നിർവഹിച്ചു.  

സിറോ മലബാർ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ ബിഷപ് മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തി. വിശുദ്ധ മർത്തമറിയം സേവകാസംഘം നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ അടിസ്ഥാന ശിലാവിതരണം മന്ത്രി വി.എൻ.വാസവനും  ലൈബ്രറി ആൻഡ് റീഡിങ് റൂം കെട്ടിടത്തിന്റെ ഉദ്ഘാടനം ജോസ് കെ. മാണി എംപിയും പള്ളിവക ആശുപത്രിയിൽ ആരംഭിച്ചിരിക്കുന്ന ജെറിയാട്രിക് വാർഡിനോട് അനുബന്ധിച്ച് പുതുതായി തുടങ്ങുന്ന പാലിയേറ്റീവ്  ഹോംകെയർ യൂണിറ്റിന്റെ ഉദ്ഘാടനം കുറിയാക്കോസ്

മാർ ഇവാനിയോസും നിർവഹിച്ചു. 90 വയസ്സിനു മേലുള്ള വികാരി  ഇ.ടി.കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഇട്ട്യാടത്ത്, 80 വയസ്സിനു മേലുള്ള സഹവികാരി കെ.കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ കിഴക്കേടത്ത് എന്നിവരെ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആദരിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോറെപ്പിസ്‌കോപ്പ, കത്തീഡ്രൽ ട്രസ്റ്റി ബിനു ടി. ജോയി എന്നിവർ പ്രസംഗിച്ചു.

ഇന്നത്തെ പരിപാടി 

∙ കുർബാന കരോട്ടെ പള്ളിയിൽ 6ന്.
∙ പ്രഭാത നമസ്കാരം താഴത്തെ പള്ളിയിൽ 7.30.
∙ മൂന്നിൻമേൽ കുർബാന  മർക്കോസ്  മാർ
∙ ക്രിസോസ്റ്റമോസ് 8.30ന്.
∙ പ്രസംഗം 11.
∙ ഉച്ചനമസ്കാരം 12ന്.
∙ പ്രസംഗം  ഫാ.ഗീവർഗീസ് നടുമുറിയിൽ.
∙ സന്ധ്യാനമസ്കാരം 5ന്.
∙ ധ്യാനം ഫാ.ജോർജ് കരിപ്പാൽ 6ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com