ADVERTISEMENT

കല്ലറ ∙ കല്ലറയിൽ വേനൽ കൃഷിയുടെ വിത്ത് വിതരണം നടന്നില്ല. 16 പാടശേഖരങ്ങൾ നിലം ഒരുക്കി വിത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുന്നു. 500 ഏക്കറോളം പാടശേഖരത്തിലാണ് വിത്ത് കിട്ടാത്തതിനാൽ വിത നടക്കാത്തത്. കൃഷി ഭവനിലൂടെയാണ് പാടശേഖര സമിതികൾക്ക് വിത്ത് വിതരണം ചെയ്യുന്നത്. വിത്തിനായി ദിവസങ്ങളായി കർഷകർ കൃഷി ഭവൻ കയറി ഇറങ്ങുകയാണ്. കൃഷി ഭവനിൽ നെൽക്കർഷകർക്ക് വിതരണം ചെയ്യാൻ വിത്ത് എത്തിയിട്ടില്ല. കന്നിമാസം ആദ്യ വാരത്തിലാണ് സാധാരണ വിത നടത്തുന്നത്. കാർഷിക കലണ്ടർ അനുസരിച്ച് നെൽക്കൃഷി ഇറക്കാതിരുന്നാൽ കർഷകർക്ക് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും.

നെൽച്ചെടിയുടെ വളർച്ചാ സമയത്ത് വേണ്ടത്ര മഴ ലഭിക്കാതിരിക്കുകയും. വിളവെടുക്കാൻ പാകം ആകുമ്പോൾ മഴക്കാലം ആരംഭിക്കുകയും ചെയ്യും. പുഞ്ച പാടങ്ങളിൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയാത്ത സാഹചര്യം സംജാതമാകും എന്നാണ് കർഷകർ പരാതിപ്പെടുന്നത്. കാളത്തോട്, തോട്ടുവേലിക്കരി, മറ്റത്തിൽ കുന്നേൽ, പടിഞ്ഞാറേപ്പുറം, വടക്കു പുറത്തുകരി, മാമ്പള്ളി അടക്കമുള്ള പാടശേഖരങ്ങൾ വിതയ്ക്കായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി വിത്തിനായി കാത്തിരിക്കുകയാണ്. കല്ലറ പഞ്ചായത്ത് വിത്തിനുള്ള പണം കൃഷി ഭവന് കൈമാറിയിരുന്നു. നടപടിക്രമങ്ങളുടെ കാലതാമസം മൂലമാണ് വിത്ത് സമയത്ത് എത്തിച്ചേരാത്തതെന്നാണ് അധികൃതർ പറയുന്നത്. തൃശൂരിൽ നിന്നുമാണ് വിതയ്ക്കായി ഉമ വിത്ത് എത്തേണ്ടത്.

ഏതാനും വർഷങ്ങളായി കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും താമസം നേരിടുകയാണ്. രണ്ട് വർഷമായി കർഷകർക്ക് ഒഴവ് കൂലിയും വളം സബ്സിഡിയും ലഭിച്ചില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ പരാതിപ്പെടുന്നു. ഇപ്പോൾ വിതയ്ക്ക് വിത്തുപോലും സമയത്ത് ലഭിക്കാത്ത സ്ഥിതിയാണ്. പല കർഷകരും കടം വാങ്ങിയും ആഭരണങ്ങൾ പണയപ്പെടുത്തിയും ആണ് പാടത്തെ വെള്ളം വറ്റിക്കുകയും പാടം കൃഷിക്കായി ഒരുക്കുകയും ചെയ്തത്. അടുത്ത ആഴ്ചയെങ്കിലും നെൽ വിത്ത് കിട്ടിയില്ലെങ്കിൽ കൃഷി ഇറക്കുന്നതിൽ നിന്നും ഒഴിവാകാനാണ് പാടശേഖര സമിതികൾ ആലോചിക്കുന്നത്.

''പഞ്ചായത്ത് വിത്തിനുള്ള 14 ലക്ഷം രൂപ കൃഷി ഭവന് കൈമാറിയിരുന്നു. വിത്ത് ലഭിച്ചില്ല എന്ന പരാതി പാടശേഖര സമിതികൾ ഉന്നയിച്ചിട്ടുണ്ട്. സമയത്ത് വിത നടത്തിയില്ലെങ്കിൽ കർഷകർക്ക് ദോഷകരമായി ബാധിക്കും. പ്രശ്നം കൃഷി വകുപ്പ് അധികൃതരുമായി ചർച്ച ചെയ്തിരുന്നു. അടുത്ത ആഴ്ച വിത്ത് എത്തുമെന്നാണ് അധികൃതർ ഉറപ്പു നൽകിയിരിക്കുന്നത്.വിത്ത് എത്തിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും.''
-ജോണി തോട്ടുങ്കൽ,പഞ്ചായത്ത് പ്രസിഡന്റ്,കല്ലറ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com