ADVERTISEMENT

ഗാന്ധിനഗർ∙  തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നു കോട്ടയം മെഡിക്കൽ കോളജിലേക്ക് ഹൃദയം എത്തിക്കുന്നതിന് ആദ്യം തിരഞ്ഞെടുത്തത് എയർ ആംബുലൻസ് ആയിരുന്നു. ഇതിനുള്ള നടപടികൾ മന്ത്രി വീണാ ജോർജ് ക്രമീകരിച്ചിരുന്നു. കോട്ടയം കുട്ടികളുടെ ആശുപത്രിയിലോ,  പൊലീസ് പരേഡ് ഗ്രൗണ്ടിലോ ഇറക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ കാലാവസ്ഥ മോശമായതിനെ തുടർന്നു പദ്ധതി ഉപേക്ഷിച്ചു. പിന്നീടാണ് റോഡ് മാർഗം തിരഞ്ഞെടുത്തത്. 

‘ഹാർട്ട് ഓഫ് കോട്ടയം’ ആംബുലൻസിന്റെ ഡ്രൈവർ ബിനോയി പിന്നിടേണ്ടത് 159 കിലോമീറ്റർ.  തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച സുരേഷ് (37) ന്റെ ഹൃദയമാണ് കോട്ടയത്ത് എത്തിക്കേണ്ടത്. കോട്ടയം തെള്ളകം കപ്പൂച്ചൽ പ്രൊവിഷൻ അംഗം ഫാ. ജോസഫ് സെബാസ്റ്റ്യന് (ജോമോൻ– 39) വേണ്ടിയാണു  ഹൃദയം കൊണ്ടുവരുന്നത്. 

ഉച്ചയ്ക്ക് മുൻപു കോട്ടയത്ത് എത്തുന്ന രീതിയിലായിരുന്നു ക്രമീകരണങ്ങൾ. എന്നാൽ അവയവങ്ങൾ വേർപെടുത്താനുള്ള ശസ്ത്രക്രിയയിൽ  അൽപം താമസം നേരിട്ടു. 2.40തോടെയാണ് പുറപ്പെടാനായത്.   നവമാധ്യമങ്ങളിലും ഡ്രൈവർമാരുടെ വാട്സാപ് ഗ്രൂപ്പുകളിലും യാത്രയുടെ സന്ദേശം എത്തി. പൈലറ്റായി പൂജപ്പുര പൊലീസ് സ്റ്റേഷൻ എസ്ഐ സി.എസ്.പ്രവീണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം തയാറായി.  

വെഞ്ഞാറമൂട് എത്തിയപ്പോൾ മഴ ശക്തമായി  കണ്ണുപോലും കാണാത്ത അവസ്ഥ. മഴയെ ഭേദിച്ചായിരുന്നു യാത്ര. ജില്ലാ അതിർത്തികളിൽ സ്പെഷൽ ബ്രാഞ്ചിന്റെ വാഹനങ്ങളും ഓരോ പൊലീസ് സ്റ്റേഷൻ പരിധികളിൽ അതതു സ്റ്റേഷനിലെ വാഹനങ്ങൾ വഴിയൊരുക്കി. ഡ്രൈവേഴ്സ് അസോസിയേഷനും നാട്ടുകാരും വാഹനവ്യൂഹത്തിനു കടന്നു പോകാനുള്ള സൗകര്യം ഒരുക്കി.

ഹാർട്ട് ഓഫ് കോട്ടയം ആംബുലൻസിന്റെ മറ്റ് ആംബുലൻസുകളും തിരക്കുള്ള ജംക്‌ഷനുകളിൽ മുന്നറിപ്പുമായി എത്തിയിരുന്നു.  ചെങ്ങന്നൂർ എത്തിയപ്പോൾ വില്ലനായി വീണ്ടും മഴയെത്തി. തിരുവല്ല വരെ മഴയിൽ കുളിച്ചായിരുന്നു യാത്ര. കോട്ടയം ജില്ലയിലെത്തിയപ്പോൾ അയർക്കുന്നം, ചങ്ങനാശേരി പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾ പൈലറ്റ് സ്വീകരിച്ചു.  4.37നു വാഹനം കോട്ടയം മെഡിക്കൽ കോളജിലെത്തി. 159 കിലോമീറ്റർ പിന്നിടാൻ എടുത്തത് 2 മണിക്കൂർ 17 മിനിറ്റ്!

നന്ദി, നന്മയുടെ ഈ ഹൃദയത്തുടിപ്പിന്
ഗാന്ധിനഗർ∙ കോട്ടയം മെഡിക്കൽ കോളജിൽ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം സ്വദേശി സുരേഷ് (37)ന്റെ ഹൃദയം ഇനി ‌കോട്ടയം തെള്ളകം കപ്പൂച്ചിൻ ആശ്രമത്തിലെ  ഫാ. ജോസഫ് സെബാസ്റ്റ്യൻ (ജോമോൻ 39) ന്റെ ശരീരത്തിൽ തുടിച്ചുതുടങ്ങും. കോളജിലെ ഒൻപതാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണിത്.

2 വർഷമായി കോട്ടയം മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിൽ ചികിത്സയിലുള്ള ഫാ.ജോസഫ് സർക്കാരിന്റെ അവയവദാന പദ്ധതിയിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുകയായിരുന്നു. വാഹനാപകടത്തിൽ പരുക്കേറ്റു തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച അർധരാത്രിയാണു സുരേഷിനു മസ്തിഷ്ക മരണം സംഭവിച്ചത്. വിവരം ലഭിച്ചതോടെ കോട്ടയം മെഡിക്കൽ കോളജ് ഹൃദയ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെ 2.30നു തിരുവനന്തപുരത്തേക്കു പോയി. ഉച്ചയ്ക്കു 2.35നു ഹൃദയവുമായി കോട്ടയത്തേക്കു തിരിച്ച ആംബുലൻസിനെ പൂജപ്പുര സ്റ്റേഷനിലെ എസ്ഐ സി.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അനുഗമിച്ചു. വഴിയിൽ അതതു സ്റ്റേഷനിലെ പൊലീസ് സംഘങ്ങളും  വഴിയൊരുക്കി. വൈകിട്ടു 4.47നു കോട്ടയം മെഡിക്കൽ കോളജിലെത്തി ശസ്ത്രക്രിയ ആരംഭിച്ചു.

ഹാർട്ട് ഓഫ് കോട്ടയം എന്ന ആംബുലൻസ് കൂട്ടായ്മയിലെ ഡ്രൈവർ ബിനോയിയാണ്  വാഹനം ഓടിച്ചിരുന്നത്. ഇതോടൊപ്പം ഈ കൂട്ടായ്മയിലെ മറ്റ് 8 ആംബുലൻസുകൾ, തിരക്കുള്ള വിവിധ ജംക്‌ഷനുകളിൽ മുന്നറിയിപ്പുമായെത്തി. ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർമാർക്കു പുറമേ പെർഫ്യൂഷൻ ടെക്‌നിഷ്യന്മാർ, നഴ്സുമാർ, ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്റർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയായിരുന്നു ശസ്ത്രക്രിയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com