സീബ്രാലൈനുകൾ മാഞ്ഞു; റോഡ് മുറിച്ചു കടക്കണമെങ്കിൽ ജീവൻ കയ്യിൽ പിടിക്കേണ്ട അവസ്ഥ...
Mail This Article
ചങ്ങനാശേരി ∙ സീബ്രാലൈനുകൾ മാഞ്ഞു; റോഡ് മുറിച്ചു കടക്കണമെങ്കിൽ ജീവൻ കയ്യിൽ പിടിക്കേണ്ട അവസ്ഥ. നഗരത്തിലെ തിരക്കേറിയ റോഡുകളിലെ സീബ്രാലൈനുകൾ മാഞ്ഞതു കാരണം റോഡ് മുറിച്ചു കടക്കാൻ കഴിയാതെ വലയുകയാണ് കാൽനടയാത്രക്കാർ. പാഞ്ഞുവരുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ചു കടക്കുന്ന കാൽനടക്കാർ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. പലപ്പോഴും വാഹനങ്ങൾ ശരീരത്തിൽ മുട്ടി മുട്ടിയില്ല എന്ന രീതിയിലാണ് കടന്നു പോവുക.
സെൻട്രൽ ജംക്‌ഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, പെരുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മതുമൂല ജംക്‌ഷൻ, എൻഎസ്എസ് ഹിന്ദു കോളജ്, എസ്ബി കോളജ് എന്നിവിടങ്ങളിലെ റോഡുകളിലെ സീബ്രാലൈനുകൾ മാഞ്ഞ നിലയിലാണ്. പൊലീസ് സാന്നിധ്യം ഇല്ലാത്തതിനാൽ അഭ്യാസിയുടെ മെയ്‍വഴക്കം വേണം വാഹനങ്ങൾ ചീറിപ്പായുന്ന തിരക്കേറിയ റോഡ് മുറിച്ചു കടക്കാൻ.
ഒരു പാട് സമയം റോഡരികിൽ കാത്തുനിന്നാണ് മിക്കവരും റോഡ് കടക്കുക. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിലെ റോഡിലൂടെ ദിനം പ്രതി നൂറുകണക്കിനാളുകളാണ് കടന്നുപോകുന്നത്. ഇവിടെ സമീപത്തുള്ള ജനറൽ ആശുപത്രിയിലേക്കെത്തുന്ന ആളുകളും ഏറെ വലയുകയാണ്.
റോഡിലെ കാത്തുനിൽപ് കണ്ട് ഡ്രൈവർമാർക്ക് മനസ്സലിവുണ്ടായി വാഹനം നിർത്തിയാൽ മാത്രമേ ഇവിടെ റോഡ് മുറിച്ചു കടക്കാൻ കഴിയൂ.
പത്മനാഭൻ, കാൽനടയാത്രക്കാരൻ
വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രി, സ്കൂൾ, കോളജ്, ബസ് സ്റ്റാൻഡ് എല്ലാം റോഡരികിലാണ്. ഇവിടെയെല്ലാം സീബ്രാ ലൈനുകൾ അത്യാവശ്യമാണ്.
എസ്.ഷിനോജ്, വ്യാപാരി