ഷാപ്പിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഒരാൾ കൂടി പിടിയിൽ
Mail This Article
ഏറ്റുമാനൂർ ∙ കോട്ടമുറി ഷാപ്പിലെ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി തുമ്പക്കര കണിയാംപറമ്പിൽ സുജേഷ് സുരേന്ദ്രനെയാണ് (കുഞ്ഞാവ –27) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്നാണ് കഴിഞ്ഞ 22നു വൈകിട്ട് 6നു കോട്ടമുറി ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ഷാപ്പിൽ ആക്രമണം നടത്തിയത്.
കള്ള് നൽകാൻ വൈകി എന്നാരോപിച്ച് ജീവനക്കാരനെ അസഭ്യം പറയുകയും കള്ളുകുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഷാപ്പിലെ അലമാരയും കുപ്പികളും അടിച്ചുതകർത്ത് ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്തു നിന്നു കടന്നുകളഞ്ഞു.
ഇവരുടെ സുഹൃത്ത് ഷാപ്പിനു മുൻവശത്ത് മീൻ കച്ചവടം നടത്താനിരുന്നത് ഷാപ്പിലെ മാനേജർ എതിർത്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം നടത്തിയ തിരച്ചിലിനൊടുവിൽ വിഷ്ണു വിശ്വനാഥിനെ (27) കഴിഞ്ഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു.
ഒളിവിൽപോയ മറ്റു പ്രതികൾക്കു വേണ്ടി നടത്തിയ തിരച്ചിലിലാണ് ഇപ്പോൾ സുജേഷ് സുരേന്ദ്രൻ പിടിയിലായത്. സ്റ്റേഷൻ എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐ ജയപ്രകാശ്, എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സുജേഷിനെതിരെ ഏറ്റുമാനൂർ, കുറവിലങ്ങാട് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി.