ADVERTISEMENT

പാലാ ∙ പാലായിൽ 12നു നടത്തുന്ന നവകേരള സദസ്സിനായി നഗരസഭാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ പന്തൽ നിർമാണം ആരംഭിച്ചതിനെതിരെ ആക്ഷേപവുമായി യുഡിഎഫ് രംഗത്ത്. സ്റ്റേഡിയം ഉപയോഗിക്കാൻ നഗരസഭ അനുവാദം നൽകിയിരിക്കുന്നത് 7 മുതൽ 17 വരെയാണെങ്കിലും ഇന്നലെ രാവിലെ പന്തൽ നിർമാണം ആരംഭിച്ചു. ഇത് ഹൈക്കോടതി വിധിയുടെ നഗ്നമായ ലംഘനവും കോടതിയലക്ഷ്യവും ആണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ.സുരേഷ്, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, നഗരസഭാ പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി എന്നിവർ ആരോപിച്ചു.സ്റ്റേഡിയത്തിലെ ഫെൻസ്ഡ് ഏരിയയ്ക്കുള്ളിൽ ഒരു നാശനഷ്ടവും വരുത്തരുതെന്ന നിർദേശമാണ് ഹൈക്കോടതി നഗരസഭ സെക്രട്ടറിക്കു നൽകിയത്. 

7 മുതലുള്ള അനുമതി മറികടന്ന് ഇന്നലെ പന്തൽ ജോലികൾ ആരംഭിച്ചത് അനധികൃത കടന്നു കയറ്റമാണെന്നും ഇതുമൂലം കായികതാരങ്ങളുടെ പരിശീലനം മുടങ്ങിയിരിക്കുകയാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.26,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമിക്കുന്ന പന്തലിന്റെയും വേദിയുടെയും നിർമാണമാണ് ആരംഭിച്ചിരിക്കുന്നത്. സിന്തറ്റിക് ട്രാക്കിനു കേടുപാടുണ്ടാകാത്ത വിധമാണ് പന്തൽ നിർമാണമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ ആർഡിഒ പി.ജി.രാജേന്ദ്ര ബാബു, നഗരസഭാധ്യക്ഷ ജോസിൻ ബിനോ എന്നിവർ പറഞ്ഞു. നിർമാണ സാമഗ്രികളുമായി വാഹനങ്ങൾ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കില്ല. 

തലച്ചുമടായാണ് സാധനങ്ങൾ എത്തിക്കുന്നത്. മണ്ണിൽ കുഴി എടുക്കാത്ത വിധമുള്ള തൂണുകളിലാണ് നിർമാണം.സിന്തറ്റിക് ട്രാക്കിൽ ജോലിക്കാർ പ്രവേശിക്കുന്ന ഭാഗത്ത് കാർപ്പറ്റ്സ് വിരിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. നിലവിലെ സ്റ്റേഡിയത്തിന്റെ സ്ഥിതി വിഡിയോയിൽ പകർത്തിയ ശേഷമാണ് പന്തൽ നിർമാണം ആരംഭിച്ചത്. സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏതാനും ദിവസം മുൻപേ നിർമാണത്തിന് തുടക്കമിട്ടത്. നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ നഗരസഭ പൊതുമരാമത്ത് എൻജിനീയറിങ് വിഭാഗവും പൊതുമരാമത്ത് വകുപ്പും നിർമാണ പുരോഗതിയും സ്റ്റേഡിയം സംരക്ഷണവും സമയാസമയങ്ങളിൽ നിരീക്ഷിക്കുമെന്നും ഇരുവരും പറഞ്ഞു. 10,000 പേർക്കുള്ള പന്തലും ഇരിപ്പിടങ്ങളുമാണ് സജ്ജീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com