ഫോൺ ‘കിഡ്നാപ് ’ ചെയ്ത് 1000 രൂപ ചോദിച്ച കള്ളനെ വീട്ടമ്മ കുടുക്കി
Mail This Article
തലയോലപ്പറമ്പ് ∙ വീട്ടമ്മയുടെ അവസരോചിതമായ ഇടപെടൽ മൂലം മൊബൈൽ ഫോൺ മോഷ്ടാവിനെ പിടികൂടി. കുറുപ്പന്തറ സ്വദേശി സുരേഷാണ്(40) പിടിയിലായത്. മറവന്തുരുത്ത് തട്ടാവേലി പാലത്തിന് സമീപമുള്ള വീട്ടിൽ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ചികിത്സാ സഹായം ആവശ്യപ്പെട്ടെത്തിയ സുരേഷിന് കൊടുക്കാൻ പണം എടുക്കാനായി വീട്ടമ്മ സിറ്റൗട്ടിൽ നിന്നു മുറിക്കുള്ളിലേക്ക് കയറി. ഈ സമയം സിറ്റൗട്ടിൽ വച്ചിരുന്ന മൊബൈൽ ഫോൺ കൈക്കലാക്കി മോഷ്ടാവ് കടന്നുകളഞ്ഞു. ഫോൺ കാണാതായതോടെ നഷ്ടപ്പെട്ട ഫോണിലേക്ക് വീട്ടമ്മ മറ്റൊരു ഫോണിൽനിന്ന് വിളിച്ചു. ആയിരം രൂപ താൻ പറയുന്ന സ്ഥലത്ത് എത്തിച്ചാൽ ഫോൺ തിരികെ തരാമെന്ന് മോഷ്ടാവ് പറഞ്ഞു. ഈ വിവരം ആരെയും അറിയിക്കരുതെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ വീട്ടമ്മ ഫോൺ നഷ്ടപ്പെട്ട വിവരം ബന്ധുവായ തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.കെ.ഷിബുവിനെ ഫോണിൽ വിളിച്ചറിയിച്ചു. ഷിബു തലയോലപ്പറമ്പ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറെ അറിയിച്ച ശേഷം വീണ്ടും മോഷണം പോയ ഫോണിലേക്ക് വീട്ടമ്മ വിളിച്ചു. തലയോലപ്പറമ്പ് പാലത്തിങ്കൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിനു സമീപം വച്ചിരിക്കുന്ന സൈക്കിളിന്റെ പെട്ടിയിൽ ആയിരം രൂപ വച്ചാൽ പതിനഞ്ചു മിനിറ്റിനു ശേഷം ഫോൺ അവിടെ വയ്ക്കാമെന്നു മോഷ്ടാവ് പറഞ്ഞു. തുടർന്ന് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ മഫ്തിയിലുള്ള വനിതാ പൊലീസിനൊപ്പം വീട്ടമ്മ സൈക്കിളിന് അടുത്തെത്തി പണം ബോക്സിൽ നിക്ഷേപിച്ചു. ഈ സമയം സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഒരാൾ സൈക്കിളിന്റെ ഭാഗത്തേക്ക് ശ്രദ്ധിക്കുന്നതു കണ്ട് ആളെ ചോദ്യം ചെയ്തപ്പോഴാണ് അയാളുടെ കയ്യിൽനിന്ന് നഷ്ടപ്പെട്ട ഫോൺ കണ്ടുകിട്ടിയത്. ഫോൺ മടക്കി കിട്ടിയതിനാൽ രേഖാമൂലം പരാതി നൽകാൻ വീട്ടമ്മ തയാറായില്ല. ഇതോടെ താക്കീത് നൽകി പറഞ്ഞുവിടുകയായിരുന്നു.