വീടു മാറുന്നതിനെച്ചൊല്ലി സംഘർഷം; 5 പേരെ അറസ്റ്റ് ചെയ്തു
Mail This Article
ചിങ്ങവനം ∙ വീടു മാറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ച സംഭവത്തിൽ ഇരുവിഭാഗങ്ങളിലെയും 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി കാലായിപ്പടി ഭാഗത്ത് അമ്പാട്ടുകടവിൽ വിപിൻ ചാക്കോ (35), ഇയാളുടെ സഹോദരൻ നിതിൻ ചാക്കോ (34), കുറിച്ചി എസ്പുരം പുലിക്കുഴി ഭാഗത്ത് പുത്തൻപറമ്പിൽ അജയ് അനിൽ (25), കുറിച്ചി നടപ്രം പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചെറുവേലിപ്പടി തെക്കേ കുന്നുംപുറം ആർ.ദിലീപ് (21), കുറിച്ചി ശങ്കരപുരം അമ്പലത്തിന് സമീപം ശങ്കരപുരം വീട്ടിൽ വിമൽ ഓമനക്കുട്ടൻ (35) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
ദിലീപ് വാടകയ്ക്ക് താമസിച്ചിരുന്ന വീട് ഒഴിയണമെന്ന് ഉടമസ്ഥരായ വിപിൻ, നിതിൻ എന്നിവർ ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ദിലീപിനെ സഹായിക്കാൻ സുഹൃത്തുക്കളായ അജയ്, വിമൽ എന്നിവരും എത്തി. ഇരുകൂട്ടരും തമ്മിൽ കത്തിയും ഹെൽമറ്റും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്എച്ച്ഒ അനിൽകുമാർ, എസ്ഐ വിപിൻ ചന്ദ്രൻ, സിപിഒമാരായ പ്രകാശ്, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാൻഡ് ചെയ്തു.