പണിതിട്ടും പണിതിട്ടും തീരാത്തതെന്ത്
Mail This Article
എവിടെ കെഎസ്ആർടിസി ബസ് ഡിപ്പോ?
നിർമാണം ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞ് പൊളിച്ചുമാറ്റിയിട്ട് 11 മാസം. ആധുനിക നിലവാരത്തിലുള്ള കെട്ടിടംവരുമെന്ന വാക്കു കേട്ട് യാത്രക്കാർ വെയിലും മഴയും കൊള്ളുന്നു. അനുവദിച്ച തുക: 7.05 കോടി രൂപ
റെയിൽവേ ജംക്‌ഷൻ ഫ്ലൈഓവർ
ചങ്ങനാശേരിയുടെ സ്വപ്നപദ്ധതി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുക അനുവദിച്ചു. സ്ഥലം ഏറ്റെടുക്കേണ്ടവരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി. നടപടി ഒന്നുമായില്ല. അനുവദിച്ച തുക: 92 കോടി രൂപ
ചിങ്ങവനം സ്പോർട്സ് കോളജ്
രാജ്യത്തെ തന്നെ ആദ്യത്തെ സ്പോർട്സ് കോളജ് എന്നായിരുന്നു സ്വപ്നം. എന്നാൽ തറക്കല്ലിടലിൽ ഒതുങ്ങി. 2011ൽ ഉമ്മൻ ചാണ്ടി സർക്കാരിൽ മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻകയ്യെടുത്താണു സ്പോർട്സ് കോളജ് ചിങ്ങവനത്ത് സ്ഥാപിക്കാൻ നടപടി ആരംഭിച്ചത്. 2016 ൽ നിർമാണോദ്ഘാടനം നടത്തി. പിന്നീട് ഒന്നും നടന്നില്ല. സ്ഥലം കാടുകയറി.
മിനി സിവിൽ സ്റ്റേഷൻ അനക്സ്
യൂണിയൻ ക്ലബ് റോഡിലുള്ള മിനി സിവിൽ സ്റ്റേഷന് അനുബന്ധമായി ഉദ്ദേശിച്ച കെട്ടിടംപണി എങ്ങുമെത്തിയില്ല. ബീമുകൾ ഉയർന്നതല്ലാതെ മറ്റു നിർമാണം നടന്നില്ല. പഴയ താലൂക്ക് കച്ചേരി പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം 2015– 16 കാലയളവിലാണ് നിർമാണത്തിനായി പൊളിച്ചത്.
എസ്റ്റിമേറ്റ് തുക
കാലതാമസം വന്നതിനാൽ ആദ്യം 6 കോടിയും പിന്നീട് 18 കോടിയും ഒടുവിൽ 32 കോടിയുമായി എസ്റ്റിമേറ്റ് പുതുക്കി.
നിലംതൊടാതെ ആകാശപ്പാത
നാറ്റ്പാക് ശാസ്ത്രീയമായ പഠനത്തിനുശേഷം അംഗീകരിച്ച പദ്ധതി. പണി പാതിവഴിയിൽ നിലച്ചിട്ട് 8 വർഷം. നിർമാണം പുനരാരംഭിക്കാൻ ഒരു കോടി 65 ലക്ഷം രൂപ കൂടി എംഎൽഎ ഫണ്ടിൽനിന്ന് അനുവദിക്കാമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉറപ്പു നൽകിയിട്ടും പണി ആരംഭിച്ചില്ല. ഹൈക്കോടതിയുടെ നിർദേശപ്രകാരം ഈയിടെ പാലക്കാട് ഐഐടി ആകാശപ്പാതയുടെ ബലപരിശോധന നടത്തി. റിപ്പോർട്ട് കോടതിയിലാണ് സമർപ്പിക്കുക. ഇതുവരെ ചെലവഴിച്ചത് 1.95 കോടി രൂപ, ഇനി വേണ്ടത്: 3.22 കോടി
മുടങ്ങി മറിയപ്പള്ളി ശുദ്ധജല പദ്ധതി
ദേശീയപാത അതോറിറ്റിയും സംസ്ഥാന ജല അതോറിറ്റിയും തമ്മിലുള്ള തർക്കം കാരണം നഗരത്തിലെ പ്രധാന ശുദ്ധജല പദ്ധതി മുടങ്ങി. ഈരയിൽ കടവ് – മണിപ്പുഴ ഇടനാഴിയിൽ കൂടി എംസി റോഡിൽ കോടിമത നാലുവരിപ്പാതയിലൂടെ മറിയപ്പള്ളി ജലസംഭരണിയിലേക്കുള്ള പൈപ്പ് ലൈൻ പണിയാണ് 3 വർഷമായി മുടങ്ങിക്കിടക്കുന്നത്. റോഡ് കുഴിക്കുന്നതിനു ദേശീയപാതാ അതോറിറ്റി അനുമതി നൽകാത്തതാണു കാരണം.
നാഗമ്പടം നെഹ്റു സ്റ്റേഡിയം
നാഗമ്പടം നെഹ്റു സ്റ്റേഡിയം പുനർ നിർമിക്കാൻ 107 കോടിയുടെ പദ്ധതിയാണ് തയാറാക്കിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായം പ്രതീക്ഷിച്ചാണ് പദ്ധതി തയാറാക്കിയത്. കായിക കായിക മത്സരത്തിനും പരിശീലനങ്ങൾക്കും കഴിയാത്തവിധം സ്റ്റേഡിയത്തിൽ മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കും. പുല്ലു വളർന്ന് താറുമാറായി കിടക്കുന്നു.
കാടുമൂടി കോടിമത രണ്ടാം പാലം
2016 ൽ ആരംഭിച്ച കോടിമത രണ്ടാം പാലം നിർമാണം 2017 മേയ് മാസത്തിൽ നിലച്ചു. പിന്നീട് നടപടികളില്ല. 10 കോടിയിൽ തീരേണ്ട പദ്ധതി പൂർത്തിയാകണമെങ്കിൽ 8 കോടി കൂടി വേണം. സമീപനപാതയ്ക്കുള്ള സ്ഥലം ഏറ്റെടുത്തില്ലെന്ന കാര്യം ഉദ്യോഗസ്ഥർ മറച്ചുവച്ച് പണി തുടങ്ങിയതാണു കോടിമത സമാന്തര പാലത്തിന്റെ നിർമാണം മുടങ്ങാൻ കാരണം.
നട്ടാശേരി റഗുലേറ്റർ കം ഓവർബ്രിജ്
മീനച്ചിലാറ്റിലേക്ക് ഓരുവെള്ളം കയറാതിരിക്കാനാണു നട്ടാശേരി റഗുലേറ്റർ കം ഓവർബ്രിജ് പദ്ധതി വിഭാവനം ചെയ്തത്. 2015ൽ നിർമാണം ആരംഭിച്ചു. വിജയപുരം പഞ്ചായത്തിനെയും കോട്ടയം നഗരസഭയെയും ബന്ധിപ്പിച്ച് പാലത്തിനു മുകളിലൂടെ ഗതാഗതത്തിനും പദ്ധതിയിട്ടിരുന്നു. ഷട്ടറുകൾക്കായി ആദ്യം നിർമിച്ച 6 തൂണുകളിൽ പണി നിലച്ചു.