കോട്ടയത്തേക്ക് വരൂ; കാണാം ചങ്ങാതിത്തുമ്പികളെ
Mail This Article
കോട്ടയം ∙ കാലാവസ്ഥാ വ്യതിയാനം തുമ്പികളുടെ വൈവിധ്യത്തെയും ബാധിച്ചെന്നു സർവേ ഫലം. ക്രമംതെറ്റിയ പ്രാദേശിക മഴയും മിന്നൽ പ്രളയവുമാണ് പരിസ്ഥിതിയിൽ മാറ്റം വരുത്തിയത്. മീനച്ചിൽ തുമ്പിസർവേ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. ചങ്ങാതിത്തുമ്പികളാണ് വംശനാശം നേരിടുന്നത്. എന്നാൽ 27 കല്ലൻതുമ്പികളും 21 സൂചിത്തുമ്പികളും ഉൾപ്പെടെ 48 ഇനം തുമ്പികളെ സർവേയിൽ കണ്ടെത്താനായി. ഈരാറ്റുപേട്ട, പാലാ, കോട്ടയം എന്നിവിടങ്ങളിൽ മുൻ വർഷങ്ങളിൽ ചങ്ങാതിത്തുമ്പികൾ ഏറെ ഉണ്ടായിരുന്നു.
ഇത്തവണ കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലും മാത്രമേ ഇവയെ കണ്ടെത്താനായുള്ളു. നീർമാണിക്യൻ, സ്വാമിത്തുമ്പി എന്നിവയെയും മിക്കയിടത്തും കണ്ടെത്തി. മലരിക്കലാണ് ഏറ്റവുമധികം ഇനം തുമ്പികളെ കാണാനായതെന്നും സർവേ ഫലം വ്യക്തമാക്കുന്നു. വനം വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗവും പാമ്പാടി വെള്ളൂർ ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസും ചേർന്നാണ് സർവേ നടത്തിയത്.
18 സ്ഥാപനങ്ങളിൽ നിന്നായി 70 വിദ്യാർഥികൾ പങ്കെടുത്തു. കോഓർഡിനേറ്റർ ഡോ. കെ.ഏബ്രഹാം സാമുവൽ, ഡോ.പുന്നൻ കുര്യൻ വേങ്കടത്ത്, ഡോ.നെൽസൺ പി.ഏബ്രഹാം, എം.എൻ.അജയകുമാർ, എൻ.ശരത് ബാബു, അനൂപ മാത്യൂസ്, ഷിബി മോസസ്, അമൃത വി.രഘു, രഞ്ജിത്ത് ജേക്കബ്, ക്രിസ്റ്റഫർ ജോൺ ഐസക്, മഞ്ജു മേരി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.