‘നിത്യസഹായകന്റെ’ കരുതലിൽ ലക്ഷ്മിക്കുട്ടിയമ്മയും മകനും അടച്ചുറപ്പുള്ള വീട്ടിലേക്ക്
Mail This Article
ഞീഴൂർ ∙ നിർധനയും വിധവയുമായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് ‘നിത്യസഹായകന്റെ’ കരുതലിൽ അടച്ചുറപ്പുള്ള വീടായി. പുതുവർഷത്തിൽ ലക്ഷ്മിക്കുട്ടിയമ്മയും മകനും പുതിയ വീട്ടിലേക്ക് മാറും. വർഷങ്ങളായി പഞ്ചായത്തിലെ 14ാം വാർഡിൽ ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ വീട്ടിൽ യാതൊരു സുരക്ഷയുമില്ലാതെയാണ് ലക്ഷ്മിക്കുട്ടിയമ്മയും രോഗിയായ മകനും കഴിഞ്ഞിരുന്നത്. മഴ പെയ്താൽ വീട് മുഴുവൻ നനഞ്ഞൊലിക്കുന്ന അവസ്ഥയായിരുന്നു. ലക്ഷ്മിക്കുട്ടിയമ്മയുടെയും മകന്റെയും ദുരിത ജീവിതം മനസ്സിലാക്കിയാണ് നിത്യസഹായകൻ ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് ഇവർക്കു വീട് നിർമിച്ചു നൽകാൻ മുന്നോട്ടുവന്നത്.
ട്രസ്റ്റിന്റെ കൂടാരം ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമാണം നടത്തിയത്. ഉദാരമതികളിൽ നിന്നു സംഭാവന സ്വീകരിച്ചായിരുന്നു ഭവന നിർമാണം. കൂടാരം ഭവന പദ്ധതിയിൽ നിർമിക്കുന്ന ഏഴാമത്തെ വീടാണിതെന്ന് നിത്യസഹായകൻ അനിൽ ജോസഫ് പറഞ്ഞു. 3 മാസം കൊണ്ടാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. സംരക്ഷിക്കാൻ ആരുമില്ലാത്ത 14 അമ്മമാരെ നിത്യസഹായകൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംരക്ഷിക്കുന്നുണ്ട്. ട്രസ്റ്റ് പ്രസിഡന്റിന്റെ വീട്ടിൽ തന്നെയാണ് ഇവർക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
കൂടാതെ വിവിധ ആശുപത്രികളിൽ സൗജന്യ ഭക്ഷണവും അങ്കണവാടികളിൽ പഴവർഗങ്ങളും വിതരണം ചെയ്യുന്നു. എല്ലാറ്റിനും പിന്തുണയുമായി അനിൽ ജോസഫിന്റെ ഭാര്യ സിന്ധു കൂടെയുണ്ട്. കൂടാതെ ട്രസ്റ്റ് ഭാരവാഹികളും പ്രവർത്തകരും പിന്തുണ നൽകുന്നു. ലക്ഷ്മിക്കുട്ടിയമ്മയ്ക്കായി നിർമിച്ച ഭവനത്തിന്റെ താക്കോൽ കൈമാറ്റവും വെഞ്ചരിപ്പും 17നു 3.30നു നടക്കും. ഫാ. സജി മേത്താനത്ത് വെഞ്ചരിപ്പ് നിർവഹിക്കും. സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവിധ ജനപ്രതിനിധികളും സാമൂഹികപ്രവർത്തകരും പങ്കെടുക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ് അറിയിച്ചു.