പാർക്കിങ് മൈതാനത്ത് വാഹനങ്ങൾ തടഞ്ഞു; എരുമേലിയിൽ റോഡ് ഉപരോധിച്ച് തീർഥാടകർ
Mail This Article
എരുമേലി ∙ പാർക്കിങ് മൈതാനത്ത് വാഹനങ്ങൾ തടഞ്ഞതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച തീർഥാടകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പേട്ടതുള്ളൽ പാതയിലെ വാവർ പാർക്കിങ് മൈതാനത്തിനു മുന്നിൽ ഇന്നലെ വൈകിട്ട് 5നാണ് തീർഥാടകർ റോഡ് ഉപരോധിച്ചത്. പമ്പയ്ക്ക് പോകാനുള്ള വാഹനങ്ങൾ ഉച്ചയ്ക്ക് രണ്ടര മുതൽ പാർക്കിങ് മൈതാനത്തിനു മുന്നിൽ പൊലീസ് തടയുകയായിരുന്നു. 5 വരെ പാർക്കിങ് മൈതാനത്തുനിന്ന് വാഹനങ്ങൾ പുറത്തുവിടാതെ വന്നതോടെയാണ് തീർഥാടകർ റോഡ് ഉപരോധിച്ചത്.
തമിഴ്നാട്ടിൽനിന്നുള്ളവരും മലയാളികളായ തീർഥാടകരും ഉപരോധത്തിൽ പങ്കെടുത്തു. പൊലീസ് പമ്പയിലെയും നിലയ്ക്കലിലെയും ഗതാഗത പ്രശ്നങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ തീർഥാടകർ റോഡിൽനിന്ന് മാറാനോ വാഹനങ്ങൾ കടത്തിവിടാനോ തയാറാകാതെ വന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.
റോഡിൽ കുത്തിയിരുന്ന തീർഥാടകരെ എടുത്തുമാറ്റിയും റോഡിൽ നിന്നവരെ തള്ളിമാറ്റിയും വാഹനങ്ങൾ കടത്തിവിട്ടു. അരമണിക്കൂറിനു ശേഷം പാർക്കിങ് മൈതാനങ്ങളിലെ വാഹനങ്ങൾ പൊലീസ് കടത്തിവിട്ടു. ഇന്നലെ ഉച്ചയ്ക്ക് 2.30 മുതൽ 3 വരെയും പാർക്കിങ് മൈതാനങ്ങളിൽ പൊലീസ് വാഹനങ്ങൾ തടഞ്ഞിരുന്നു.