ADVERTISEMENT

അതിരമ്പുഴ ∙ ഇത്തവണത്തെ അതിരമ്പുഴ കൊടിയേറ്റ് മധുരിതമായിരുന്നു. അതിരമ്പുഴയുടെ ചരിത്രത്തിലാദ്യമായാണ് കൊടിയേറ്റിനു ശേഷം കേക്ക് മുറിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തത്. പള്ളിയുടെയും പരിസരത്തിന്റെയും ചെറു മാതൃകയിൽ നിർമിച്ച കേക്ക് കേക്ക് കാഴ്ചക്കാരിൽ ഭക്തിയും വിസ്മയവും നിറയ്ക്കുന്നതായിരുന്നു. അതിരമ്പുഴ കേക്ക് വേൾഡ് ഉടമ പുണ്യാളനു വഴിപാടായി നൽകിയ 80 കിലോയുള്ള കേക്ക് ആണ് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ, അതിരമ്പുഴ ഫൊറോനാ വികാരി ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ എന്നിവർ ചേർന്നു മുറിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തത്.

st-marys-forane-church-athirampuzha-1
അതിരമ്പുഴ തിരുന്നാളിന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽകൊടിയേറ്റ് കർമ്മം നിർവഹിക്കുന്നു. ചിത്രം: മനോരമ

കൊടിയേറ്റിനെത്തിയവരെല്ലാം മധുരം നുണഞ്ഞ് പടിയിറങ്ങിയപ്പോൾ കേക്കിന്റെ പിന്നിലെ കഥ അധികമാരും തിരക്കിയില്ല. കഥയറിഞ്ഞവർ ‘മനമുരുകി പ്രാർഥിച്ചാൽ പുണ്യളൻ കൈവിടില്ലെന്നും അതിരമ്പുഴയിൽ ജീവിക്കുന്ന സത്യമാണ് പുണ്യാളനെന്നും’ പറഞ്ഞു. അനേകായിരം അദ്ഭുത പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ച അതിരമ്പുഴ പള്ളിയിൽ തിരുനാൾ ദിനത്തിൽ നടന്ന കേക്ക് വിതരണം മറ്റൊരു അനുഗ്രഹ വർഷത്തിന്റെ പൂർത്തീകരണമായിരുന്നു..!
 

anish-and-wife
അതിരമ്പുഴ പള്ളിയിൽ വഴിപാടായി കൂറ്റൻ കേക്ക് സമർപ്പിച്ച കെ. ആർ. അനീഷും ഭാര്യ ശ്രീപാർവതിയും

കേക്കിന്റെ പിന്നിലെ കഥ...
 

മാന്നാർ കടമ്പൂര് സ്വദേശി അനീഷ് ഭവനിൽ കെ.ആർ.അനീഷ് 18 വർഷങ്ങൾക്ക് മുൻപാണ് കോട്ടയത്തെത്തിയത്. വിവിധ ബേക്കറികളിൽ ദിവസ വേതനത്തിനു ജോലി നോക്കുകയായിരുന്നു. ആദ്യം സഹായിയായി നിന്നു. പിന്നീട് കേക്ക് മേക്കിങ്ങിലേക്ക് കടന്നു. പണി പഠിക്കുന്ന സമയത്ത് തുശ്ചമായ വരുമാനം മാത്രമാണ് ഉണ്ടായിരുന്നത്. കേക്ക് മേക്കിങ്ങിൽ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിരുന്ന അനീഷ് വളരെ പെട്ടെന്നാണ് പണികൾ പഠിച്ചത്. അന്യ മതസ്ഥനാണെങ്കിലും സമയം കിട്ടിയാൽ അതിരമ്പുഴ പള്ളിയിലെത്തി പ്രാർഥിക്കുന്ന പതിവുണ്ടായിരുന്നു അനീഷിന്. പള്ളിയുടെ മാതൃകയിൽ ഒരു കേക്ക് നിർമിച്ച് പുണ്യാളനു സമർപ്പിക്കണമെന്ന അതിയായ മോഹമുണ്ടായിരുന്നു അയാൾക്ക്.

st-marys-forane-church-athirampuzha-2
അതിരമ്പുഴ തിരുനാളിന്റെ രണ്ടാം ദിനത്തിൽ വിശുദ്ധന്റെ തിരുസ്വരൂപവുമായി ചെറിയ പള്ളിയിലേക്ക് നടന്ന പ്രദക്ഷിണം. ചിത്രം∙ മനോരമ

2009 ലാണ് ഇത്തരമൊരു മോഹം മനസ്സിലുദിച്ചത്. പക്ഷേ അതിനു കുറേ പണം വേണ്ടി വരും. ദിവസവേതനക്കാരനായ അനീഷിനു അന്നതിനുള്ള ശേഷി ഉണ്ടായിരുന്നില്ല. എന്നാൽ, ഈ വിവരം മറ്റ് ചിലരോട് പറഞ്ഞെങ്കിലും ആരും കാര്യമായി എടുക്കുകയോ സഹാക്കുകയൊ ചെയ്തില്ല. എങ്കിലും ഉള്ളിലെ ആഗ്രഹം അയാൾ ഉപേക്ഷിച്ചില്ല. തനിക്ക് സ്വന്തമായി ഒരു നിലനിൽപ് ഉണ്ടാകുന്ന കാലത്ത് പള്ളിയുടെ ആകൃതിയിൽ ഒരു കേക്ക് നിർമിച്ചു സമർപ്പിക്കുമെന്ന് അയാൾ വീണ്ടും പുണ്യാളനു വാക്കു നൽകി. വർഷങ്ങൾ കടന്നു പോയി. ഇതിനിടയിൽ പല കടകളിലായി ജോലി നോക്കി. ഇപ്പോൾ അതിരമ്പുഴയിൽ തന്നെ സ്വന്തമായി കേക്ക് ഷോപ് ആരംഭിക്കാൻ അനീഷിനു കഴിഞ്ഞു. അതും പള്ളിക്കെട്ടിടത്തിൽ! എല്ലാം പുണ്യാളന്റെ അനുഗ്രഹം അനീഷ് പറയുന്നു.
 

st-marys-forane-church-athirampuzha
അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് ചെറിയ പള്ളിക്ക് മുന്നിലെ നടയിൽ ചാണകം മെഴുക്ക് നേർച്ച നടത്തുന്നവർ. ചിത്രം∙ മനോരമ

∙ അകക്കണ്ണിൽ മാതൃക ഉണ്ടാക്കി, ഒറ്റ രാത്രി കൊണ്ട് കേക്കിൽ അതിമ്പുഴയെത്തി
 

ചിത്രങ്ങളുടെയോ, രേഖകളുടെയോ സഹായമില്ലാതെയാണ് പള്ളിയുടെയും പരിസരത്തിന്റെയും മാതൃക നിർമിച്ചത്. വലിയ പള്ളി, ചെറിയപള്ളി, ജോൺപോൾ നഗർ, അവിടെയുള്ള രൂപങ്ങൾ, ഗാർഡൻ, കൊടിമരം, പള്ളി മൈതാനം, കാർ പാർക്കിങ് ഏരിയ തുടങ്ങി പള്ളിയും പരിസരവുമെല്ലാം അനീഷിനു കാണാപ്പാഠമാണ്. അതു കൊണ്ട് തന്നെ മാതൃക നിർമിക്കാൻ എളുപ്പത്തിൽ കഴിഞ്ഞു. പള്ളി അധികൃതർ ഒരുക്കി തന്ന പ്രത്യേക മുറിയിലായിരുന്നു കേക്ക് നിർമിച്ചത്. ഒറ്റ രാത്രി കൊണ്ടാണ് കേക്കിന്റെ പണികൾ പൂർത്തികരിക്കാൻ കഴിഞ്ഞതും കൊടിയേറ്റ് ദിനത്തിൽ തന്നെ പുണ്യാളനു സമർപ്പിക്കാനായതും അനുഗ്രഹമായി കരുതുന്നു– അനീഷ് പറഞ്ഞു.
 

st-marys-forane-church-athirampuzha-3
അതിരമ്പുഴ പുണ്യാളന്റെ പ്രശസ്തമായ തിരുസുരൂപം പരസ്യ വണക്കത്തിനായി എടുത്തപ്പോൾ വിശ്വാസികൾ നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നു. ചിത്രം∙ മനോരമ

∙ പള്ളി അനുവദിച്ചു, പള്ളിയിൽ വച്ചു തന്നെ നിർമിച്ചു
 

പുണ്യാളനോട് പണ്ട് പറഞ്ഞ വാക്കു പാലിക്കാൻ പള്ളിയിലെത്തി അനീഷ് അനുവാദം ചോദിച്ചു. അനീഷിന്റെ കഥകൾ കേട്ട പള്ളി വികാരി ഫാ. ഡോ.ജോസഫ് മുണ്ടകത്തിൽ അനുമതി നൽകുകയും, കേക്ക് നിർമിക്കാനുള്ള സ്ഥലം ഒരുക്കി നൽകുകയുമായിരുന്നു. ഇപ്പോൾ അതിരമ്പുഴയിൽ ഉൾപ്പെടെ 3 കടകൾ അനീഷിനുണ്ട്. ഭാര്യ ശ്രീ പാർവതിയുമൊത്ത് അതിരമ്പുഴ കാട്ടാത്തിയിലെ വാടക വീട്ടിലാണ് താമസം. അതിരമ്പുഴയുടെ പുണ്യ ഭൂമിയിൽ സ്വന്തമായി ഒരു വീട് വയ്ക്കണമെന്നാണ് മോഹം. ഇതോടൊപ്പം എല്ലാ വർഷവും കൊടിയേറ്റ് ദിനത്തിൽ കേക്ക് സമർപ്പിക്കണമെന്നു ആഗ്രഹമുണ്ടെന്നും അതിനുള്ള ശക്തി പുണ്യാളൻ തരട്ടേയെന്നും അനീഷ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com