ADVERTISEMENT

കോട്ടയം ∙ ഇന്നു ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് അറിയാൻ. 5 ജില്ലകൾക്കു  പ്രയോജനം ചെയ്യുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെ ജില്ലയിൽ ഡോക്ടർമാരുടെ ഒഴിവുകൾ ഏറെയാണ്. നാഷനൽ മെഡിക്കൽ കൗൺസിലിന്റെ പരിശോധനയ്ക്കു മുന്നോടിയായി കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരെ ഇടുക്കി, കോന്നി, മെഡിക്കൽ കോളജുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

പരിശോധനയ്ക്കെത്തുന്ന എംഎൻസി സംഘം ഈ ഡോക്ടർമാരെ അവരെ അവിടത്തെ അധ്യാപകരായി രേഖകളിൽ ചേർക്കും. ഒരു വർഷത്തേക്ക് ഈ രേഖ നിലനിൽക്കും. അതിനാൽ ഇവരെ പെട്ടെന്നു തിരിച്ചെത്തിച്ചാലും എംഎൻസിയുടെ രേഖകൾ പ്രകാരം ഇവർ കോന്നി, ഇടുക്കി മെഡിക്കൽ കോളജിലെ അധ്യാപകർ തന്നെയാകും.

എന്നാൽ അടുത്തുതന്നെ കോട്ടയം കോട്ടയം മെഡിക്കൽ കോളജിന്റെ അംഗീകാരം പുതുക്കുന്നതിനായി പരിശോധനാ സംഘം  ഇവിടെയും എത്തും. അന്നും ഇതുപോലെ ഇതേ ഡോക്ടർമാരെ എത്തിച്ചാൽ ചിലപ്പോൾ ഉള്ള അംഗീകാരം കൂടി നഷ്ടമാകുമെന്ന ആശങ്കയുണ്ട്. നിലവിൽ  കോട്ടയം മെഡിക്കൽ കോളജിലെ പല വിഭാഗങ്ങളിലും നിയമാനുസൃതമായ അധ്യാപകരില്ല. അഞ്ചും ആറും ഒഴിവുകളാണ് ഓരോ വിഭാഗങ്ങളിലുമുള്ളത്. ആരോഗ്യ സുരക്ഷാ പദ്ധതികളെല്ലാം അടച്ചുപൂട്ടിയതോടെ രോഗികൾ ദുരിതത്തിലാണ്. മരുന്നുകമ്പനികൾക്ക് കോടികൾ നൽകാനുള്ളതിനാൽ മരുന്നു വിതരണവും അവതാളത്തിലാണ്.

കോട്ടയം ജനറൽ ആശുപത്രിയിൽ  നേത്രവിഭാഗത്തിൽ 4 ഒഴിവുകൾ. വിവിധ സ്ഥലങ്ങളിൽ നേത്ര  ക്യാംപുകൾ നടക്കുന്ന അവസരത്തിൽ 2 ഡോക്ടർമാരുടെ സേവനം വേണ്ടിവരും. ഇതോടെ ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വരും. സർജറി വിഭാഗത്തിൽ 3 ഒഴിവുകളും ജനറൽ മെഡിസിനിൽ ഒരു ഒഴിവുമുണ്ട്. തിരുവാർപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 3 ഡോക്ടർമാർ വേണ്ടിടത്ത് ഒരാൾ മാത്രമാണുള്ളത്. 5 നഴ്സുമാരുടെ തസ്തിക ഉണ്ടെങ്കിലും 2 പേരാണുള്ളത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ  സൂപ്രണ്ട് ഉൾപ്പെടെ 6 ഒഴിവുകൾ. സൂപ്രണ്ടിന്റെ ചുമതല ഇഎൻടി വിഭാഗത്തിലെ ഡോ. നിഷ കെ.മൊയ്തീനാണ് വഹിക്കുന്നത്. കഴിഞ്ഞ ദിവസം ആർഎംഒ സ്ഥലം മാറിപ്പോയി.

പകരം ആളെത്തിയിട്ടില്ല. കാഷ്വൽറ്റി, സർജറി, ഓർത്തോ, അനസ്തീസിയ വിഭാഗങ്ങളിൽ ഓരോ കൺസൽറ്റന്റിന്റെ കുറവുണ്ട്. പാലാ ജനറൽ ആശുപത്രിയിൽ 6 ഡോക്ടർമാരുടെ കുറവുണ്ട്. ചങ്ങനാശേരി ജനറൽ ആശുപത്രി ഡെന്റൽ വിഭാഗത്തിൽ സ്ഥിരം ഡോക്ടറില്ല. 6 മാസം ഡെന്റൽ വിഭാഗം അട‍ഞ്ഞുകിടന്നിരുന്നു. ആഴ്ചയിൽ 3 ദിവസം താൽക്കാലിക ഡോക്ടർ എത്തുന്നുണ്ട്. ജനറൽ മെഡിസിനിൽ‌ ജൂനിയർ കൺസൽറ്റന്റ് വിഭാഗത്തിലും ഒരു ഒഴിവുണ്ട്. നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടും പുതിയ ഒപി റജിസ്ട്രേഷൻ ബ്ലോക്ക് ഇതുവരെ തുറന്നുനൽകിയില്ല.

കോട്ടയം മെഡിക്കൽ കോളജിലെ ഒഴിവുകൾ 
∙ത്വക്‌രോഗ ചികിത്സ - 5 
∙ഗൈനക്കോളജി - 5
∙സർജറി വിഭാഗം- 7
∙അനസ്തീസിയ - 4
∙നേത്രരോഗം - 2
∙ഇഎൻടി, സൈക്യാട്രി, മെഡിസിൻ - ഒന്നു വീതം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com