ADVERTISEMENT

വൈക്കം ∙ ‘‘കാൻസറിനെ ഭയക്കേണ്ടതില്ല; മറ്റ് രോഗങ്ങൾ പോലെ ഒരു അസുഖം മാത്രമാണ് കാൻസർ. ചികിത്സയിലൂടെ കാൻസർ മാറ്റാനും സാധിക്കും.’’– പറയുന്നത് വൈക്കം വടയാർ കൊല്ലാറയിൽ വീട്ടിൽ നിർമല ഷാജി.

2019 അവസാനത്തിൽ ശരീരത്തിന് ചൂടും വലിയ ക്ഷീണവും അനുഭവപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആഴ്ചകൾക്കു ശേഷം അസ്വസ്ഥത രൂക്ഷമായപ്പോൾ സംശയം തോന്നിയ ഡോക്ടർ മാമോഗ്രാം ടെസ്റ്റിന് നിർദേശിച്ചു. അങ്ങനെയാണ് സ്തനാർബുദം ആണെന്ന് അറിയുന്നത്. മൂന്നാമത്തെ സ്റ്റേജ് ആയി എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇതോടെ വീട്ടുകാർക്ക് ഭയമായി. എല്ലാത്തിനെയും ധൈര്യപൂർവം നേരിട്ടു. 

എല്ലാ അസുഖങ്ങൾക്കും ചികിത്സിക്കുന്നപോലെ ഈ രോഗത്തിനും ചികിത്സ നടത്തി. സ്തനം നീക്കം ചെയ്തു. 8 കീമോതെറപ്പി, 20 റേഡിയേഷൻ എന്നിവ നടത്തി. ഇതുവരെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. മൂന്നു മാസം കൂടുമ്പോൾ ഇപ്പോഴും ചെക്കപ്പ് നടത്താറുണ്ട്.

അങ്കണവാടി അധ്യാപികയാണ്, ഇതോടൊപ്പം പാചക ജോലിയും നടത്തുന്നുണ്ട്. ‘‘അസുഖമാണെന്നു പറഞ്ഞ് ഒരു രംഗത്തുനിന്നും മാറി നിൽക്കാറില്ല. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും എപ്പോഴും പറയും വിശ്രമിക്കണമെന്ന്. എന്നാൽ എന്റെ വാദം മറിച്ചാണ്. ഞാൻ ഇപ്പോഴും വിശ്രമമില്ലാതെ വിവിധ ജോലികളിൽ ഏർപ്പെടും. ഇതിനിടയിൽ നൃത്തവും തിരുവാതിരയും പഠിക്കുന്നുണ്ട്’’– നിർമല പറയുന്നു. 

ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ സ്വയം ശ്രദ്ധിക്കണം അതിനു ചികിത്സ തേടണം. അല്ലാതെ ഈ രോഗം ഒരിക്കൽ വന്നു എന്നുകരുതി നിരാശരാകേണ്ടതില്ല. സമൂഹത്തിലേക്ക് ഇറങ്ങി അവരിൽ ഒരാളായി നിന്നു പ്രവർത്തിക്കുമ്പോൾ പലപ്പോഴും നമ്മുടെ രോഗാവസ്ഥ നമുക്ക് മറക്കാൻ സാധിക്കും. ഇതിലൂടെ ആരോഗ്യവും നിലനിർത്താനാകും എന്നാണ് നിർമല ഷാജിയുടെ അഭിപ്രായം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com