പാലാത്ര ബൈപാസിൽ നിരോധിച്ച ഭാരമേറിയ വാഹനങ്ങൾ പിടികൂടി
Mail This Article
ചങ്ങനാശേരി ∙ നിയമങ്ങൾ കാറ്റിൽ പറത്തി പാഞ്ഞ ടോറസ്, ടിപ്പർ ലോറികൾക്ക് പൂട്ടിട്ട് മോട്ടർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ഭാരമേറിയ വാഹനങ്ങൾ നിരോധിച്ച പാലാത്ര ബൈപാസിൽ നിന്നും പട്ടത്തിമുക്ക് ഭാഗത്തേക്കുള്ള ഇടറോഡിലൂടെ കടന്നുവന്ന 15 ഭാരമേറിയ വാഹനങ്ങൾ ഇന്നലെ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. ഇവരിൽ നിന്നായി 25,000 രൂപയോളം പിഴയീടാക്കി. ഈ റോഡിലൂടെ നിയമങ്ങളും നിയന്ത്രണങ്ങളും തെറ്റിച്ച് ടിപ്പർ, ടോറസ് ലോറികൾ കടന്നുപോകുന്നതിനെ കുറിച്ചുള്ള ‘മനോരമ’ വാർത്തയെ തുടർന്നായിരുന്നു ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന.
ഈ റോഡിലൂടെ കടന്നു പോകരുതെന്ന കർശന നിർദേശവും മറ്റ് ടിപ്പർ, ടോറസ് ലോറികളുടെ ഡ്രൈവർമാർക്കും നൽകി. ഇന്നലെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെയായിരുന്നു പരിശോധന. എൻഫോഴ്സ്മെന്റ് ആർടിഒ സി.ശ്യാമിന്റെ നിർദേശപ്രകാരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ അനീഷ് കുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ രജീഷ്, സെബാസ്റ്റ്യൻ, ഉദ്യോഗസ്ഥനായ ജയരാജ് എന്നിവരാണ് പരിശോധന നടത്തിയത്. ഭാരമേറിയ വാഹനങ്ങൾ പാലാത്ര ബൈപാസിൽ നിന്നും പട്ടത്തിമുക്ക്– പൂച്ചമുക്ക് റോഡിലൂടെ കടന്നു പോകുന്നതിനാൽ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നത് പതിവായിരുന്നു.