ADVERTISEMENT

ഏറ്റുമാനൂർ ∙ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രധാന ദിവസങ്ങളിൽ അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ഏഴരപ്പൊന്നാന, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക്  മുന്നോടിയായാണ് പൊലീസിന്റെ മുൻകരുതൽ. 4 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ നിലവിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ നാനൂറോളം പേരെ കൂടുതലായി നിയോഗിക്കും. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ഒന്നാം ഉത്സവ ദിവസം തന്നെ  24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. 

ഉത്സവത്തിനെത്തുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തിയിൽ ഉൾപ്പെടെ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രവും ഏറ്റുമാനൂർ നഗരവും സമീപ പ്രദേശങ്ങളും പൊലീസിന്റെ സിസിടിവി ക്യാമറ നിരീക്ഷണത്തിലായിരിക്കും. ഇതോടൊപ്പം ബൈക്ക് പട്രോളിങ്ങും കൺട്രോൾ റൂം വാഹന പട്രോളിങ്ങും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്. 

വാഹനങ്ങൾക്ക് പ്രത്യേകം പാർക്കിങ് ഗ്രൗണ്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അനധികൃത പാർക്കിങ് അനുവദിക്കില്ല. ഇന്നു മുതൽ ആറാട്ട് ദിവസം വരെ ശക്തമായ പൊലീസ് സുരക്ഷ ഉണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

എട്ടാം ഉത്സവത്തിലെ മേളപ്രമാണിമാർ
ചലച്ചിത്രതാരം ജയറാമും 111 കലാകാരന്മാരും അണിനിരക്കുന്ന സ്പെഷൽ പഞ്ചാരിമേളം ഇന്നു ശ്രീബലി എഴുന്നള്ളത്തിനോടൊപ്പം നടക്കും.  വർഷങ്ങളായി എട്ടാം ഉത്സവ ദിനത്തിൽ ജയറാമിന്റെയും സംഘത്തിന്റെയും പഞ്ചാരിമേളം നടക്കാറുണ്ട്.

രാവിലെ ആർപ്പൂക്കര പ്രശാന്തും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം. വൈകിട്ട് 5നു ചോറ്റാനിക്കര സത്യൻ നാരായണമാരാരും അറുപതിലേറെ കലാകാരന്മാരും അണിനിരക്കുന്ന സ്പെഷൽ പഞ്ചാരിമേളം,  പുലർച്ചെ 2നു കീഴൂർ അനിൽ കുറുപ്പ്, ഒളശ്ശ സനൽ എന്നിവരുടെ നേതൃത്വത്തിൽ മുപ്പതിലേറെ കലാകാരന്മാർ അണിനിരക്കുന്ന പഞ്ചവാദ്യം. 

താലപ്പൊലി ഘോഷയാത്രഭക്തിസാന്ദ്രം 
ഏറ്റുമാനൂർ നീണ്ടൂർ മേഖലയിലെ എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന താലപ്പൊലി ഘോഷയാത്ര ഭക്തിസാന്ദ്രമായി.  വൈകിട്ട് 6നു പേരൂർ കവലയിലെ ആറാട്ട് എതിരേൽപ് മണ്ഡപത്തിൽ കലക്ടർ വി.വിഘ്നേശ്വരി, മുൻസിഫ് മജിസ്ട്രേട്ട് എം.ശ്രുതി എന്നിവർ ചേർന്ന്  ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 16 കരയോഗങ്ങളിൽ നിന്നുള്ള ആയിരത്തോളം വനിതകൾ താലപ്പൊലിയുടെ ഭാഗമായി. 

വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര കോവിൽപാടം റോഡിലൂടെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി ക്ഷേത്രത്തിൽ എത്തി സമാപിച്ചു. താലപ്പൊലി കമ്മിറ്റി ചെയർമാൻ സുരേഷ്കുമാർ, ജനറൽ കൺവീനർ ഷാജി തെള്ളകം, മേഖലാ കൺവീനർ കൃഷ്ണകുമാർ, സപ്ലിമെന്റ് കൺവീനർ എം.കെ.സുഗതൻ എന്നിവർ നേതൃത്വം വഹിച്ചു. ഇന്നു വൈകിട്ട് 6.30ന് എസ്എൻഡിപിയുടെ താലപ്പൊലി സമർപ്പണവും വിശ്വകർമ സംഘടനകളുടെ അയ്മ്പൊലി സമർപ്പണവും നടക്കും. 

ഏറ്റുമാനൂരിൽ ഇന്ന്
രാവിലെ 5നു പുരാണ പാരായണം, 7നു ശ്രീബലി, സ്പെഷൽ പഞ്ചാരി മേളം – ജയറാം ആൻഡ് പാർട്ടി. തുടർന്നു പ്രസാദമൂട്ട്, 12നു തുള്ളൽത്രയം, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, ഭക്തിഗാനാമൃതം, 1.45ന് ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ, 2.30നു സംഗീതക്കച്ചേരി, 3.30നു തിരുവാതിര, വൈകുന്നേരം 5നു കാഴ്ചശ്രീബലി, വേല, സേവ, 6.30നു താലപ്പൊലി സമർപ്പണം – എസ്എൻഡിപി ഏറ്റുമാനൂർ മേഖല, 7.30ന് അയ്മ്പൊലി സമർപ്പണം – സംയുക്ത വിശ്വകർമ സംഘടനകൾ. 9നു ക്ലാസിക്കൽ ഡാൻസ് ചലച്ചിത്രതാരം ദുർഗ കൃഷ്ണയും സംഘവും, രാത്രി 12ന് ആസ്ഥാന മണ്ഡപത്തിൽ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com