പനച്ചിക്കാട്ട് ജലജീവൻ വഴി മുടക്കിയത് മിച്ചം
Mail This Article
പനച്ചിക്കാട് ∙ ഗ്രാമീണവീടുകളിലെല്ലാം ശുദ്ധജലമെത്തിക്കുന്ന ജലജീവൻ മിഷൻ ഗ്രാമപ്പഞ്ചായത്തിൽ പാതിവഴിയിൽ നിലച്ചു. 5 വാർഡുകളിൽ പദ്ധതി തുടങ്ങാൻ പോലുമായില്ല. 23 ൽ 18 വാർഡുകളിലും പൈപ്പ് ഇടാൻ കുഴിച്ച റോഡ് റീടാർ ചെയ്തില്ല.പൈപ്പ് കണക്ഷൻ നൽകിയ ഭൂരിപക്ഷം വീടുകളിലും വെള്ളം കിട്ടുന്നില്ല. ഇങ്ങനെ നാട്ടുകാർ നട്ടം തിരിയുമ്പോൾ കരാറുകാർ തിരിഞ്ഞുനോക്കുന്നില്ല. പണി നിർത്തിയിട്ട് 3 മാസം.റോഡ് ടാറിങ്ങിനു ഉപയോഗിക്കുന്ന കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് തകരാറിലാണ്. അതിനാൽ റീ ടാറിങ് പൂർണമായും മുടങ്ങി. കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് വാഹനത്തിന്റെ ടയർ പഞ്ചറായതോടെയാണ് പണി നിർത്തിയത്. കേരളത്തിനു പുറത്തുള്ളവരാണ് പണി കരാറെടുത്തത്.
ബിൽ മാറിക്കിട്ടിയില്ലെന്നു കരാറുകാർക്കു പരാതിയുണ്ട്. ഗ്രാമപ്പഞ്ചായത്ത്, ജല അതോറിറ്റി, കരാറുകാർ എന്നിവരുടെ യോഗം പലതവണ ചേർന്നെങ്കിലും മുടങ്ങിയ പണി പുനരാരംഭിക്കാൻ നടപടിയായില്ല.ഇതേസമയം പദ്ധതി പൂർത്തിയാകുന്നതോടെ പഞ്ചായത്ത് പരിധിയിലെ പൊതുടാപ്പുകൾ എല്ലാം പൂട്ടും. പഞ്ചായത്തിന്റെ അപേക്ഷ പ്രകാരമായിരിക്കും നടപടിയെന്നു ജല അതോറിറ്റി അധികൃതർ പറഞ്ഞു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഏതെങ്കിലും പൈപ്പുകൾ നിലനിർത്തണമെങ്കിൽ പഞ്ചായത്ത് വിവരം അറിയിക്കണം. ഉപയോഗത്തിലിരിക്കുന്ന ടാപ്പുകൾ മാത്രം നിലനിർത്തി ബാക്കി പൊതു ടാപ്പുകൾ വേണ്ടെന്നാണ് പഞ്ചായത്തിന്റെ നിലപാട്. പഞ്ചായത്തിന്റെയും ജല അതോറിറ്റിയുടെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തും.കേന്ദ്ര ജലശക്തി മന്ത്രാലയം, സംസ്ഥാന സർക്കാർ, ജല അതോറിറ്റി, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്.