പൾസ് പോളിയോ: 91,604 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി
Mail This Article
കോട്ടയം ∙ പോളിയോ നിർമാർജന യജ്ഞത്തിൽ ജില്ലയിൽ 91,604 കുട്ടികൾക്കു തുള്ളിമരുന്നു നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പി.എൻ.വിദ്യാധരൻ. 96,698 കുട്ടികൾക്കാണ് മരുന്നു നൽകാൻ ഉദ്ദേശിച്ചിരുന്നത്. 94.73% കുട്ടികൾക്കു ബൂത്തുകളിൽ മരുന്നു നൽകി.അടുത്ത ദിവസങ്ങളിൽ സന്നദ്ധപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും വീടുകളിലെത്തി മരുന്നു ലഭിക്കാത്ത കുട്ടികൾക്കു കൂടി നൽകി യജ്ഞം പൂർത്തിയാക്കുമെന്നു ഡിഎംഒ അറിയിച്ചു. ബസ് സ്റ്റാൻഡുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും ട്രാൻസിറ്റ് ബൂത്തുകളും മൊബൈൽ ബൂത്തുകളും 2 ദിവസം കൂടി പ്രവർത്തിക്കും.ഇന്ന് 12 മൊബൈൽ ബൂത്തുകൾ, 41 ട്രാൻസിറ്റ് ബൂത്തുകൾ എന്നിവ ഉൾപ്പെടെ 1,292 കേന്ദ്രങ്ങൾ ക്രമീകരിച്ചിരുന്നു.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും ഉത്സവ സ്ഥലങ്ങൾ, കല്യാണ മണ്ഡപങ്ങൾ എന്നിവ ഉൾപ്പെടെ ജനങ്ങളെത്തുന്ന ഇടങ്ങളിലെത്തി മരുന്നു നൽകുന്ന മൊബൈൽ ബൂത്തുകളും പ്രവർത്തിച്ചു. ആരോഗ്യകേരളം സാമൂഹിക ക്ഷേമ വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസവകുപ്പ്, തദ്ദേശ വകുപ്പ് തുടങ്ങിയവയുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണു പരിപാടി നടത്തിയത്. ജില്ലാ ആശുപത്രിയിൽ ജില്ലാതല ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു അധ്യക്ഷത വഹിച്ചു.