മുട്ടുചിറ- ആയാംകുടി- ഏഴുമാന്തുരുത്ത് - മുളക്കുളം റോഡ് നിർമാണം നിർത്തി; പണമില്ല
Mail This Article
കടുത്തുരുത്തി ∙ സർക്കാർ പണം നൽകാത്തതിനാൽ മുട്ടുചിറ- ആയാംകുടി- ഏഴുമാന്തുരുത്ത് - മുളക്കുളം റോഡിന്റെ നിർമാണം കരാറുകാരൻ നിർത്തി. രണ്ട് വർഷം മുൻപ് മന്ത്രി മുഹമ്മദ് റിയാസ് നിർമാണ ഉദ്ഘാടനം നടത്തിയ പദ്ധതിയാണിത്. മുട്ടുചിറ മുതൽ എഴുമാന്തുരുത്ത് വരെ ചിലയിടത്ത് ഓടകൾ നിർമിക്കുകയും രണ്ട് കലുങ്കുകൾ തീർക്കുകയും ചെയ്തു. മണ്ണുമാന്തി യന്ത്രം കൊണ്ട് റോഡിലെ ടാറിങ് നീക്കിയതോടെ റോഡിലൂടെ നടക്കാൻ പോലും പറ്റാതായി.
കരാറുകാർ സർക്കാരിനു ബിൽ നൽകിയെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം ബിൽ പാസ്സായില്ല. ഇതോടെ കരാറുകാർ നോട്ടിസ് നൽകി പണികൾ നിർത്തി. ഇതോടെ നാട്ടുകാർ റോഡ് ഉപരോധിക്കുകയും കരാറുകാരന്റെ വാഹനങ്ങൾ തടയുകയും ചെയ്തു. മോൻസ് ജോസഫ് എംഎൽഎ കരാറുകാരുമായി ചർച്ച നടത്തി 22 ന് റോഡ് നിർമാണം വീണ്ടും തുടങ്ങാൻ തീരുമാനമെടുത്തെങ്കിലും പണികൾ തുടങ്ങിയില്ല.
ഇതിനിടെ റോഡ് പണി മുടങ്ങിയത് രാഷ്ട്രീയ തർക്കമായി . സർക്കാർ റോഡ് നിർമാണത്തിനുള്ള മുഴുവൻ പണവും അനുവദിച്ചെന്നും എംഎൽഎയുടെ അനാസ്ഥ മൂലമാണ് പണി മുടങ്ങിയതെന്നും ആക്ഷേപവുമായി എൽഡിഎഫ് രംഗത്തെത്തി.
സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന വസ്തുത മറച്ചു വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഇടതുപക്ഷം ശ്രമിക്കുകയാണ് എന്ന് മോൻസ് ജോസഫ് എംഎൽഎയും ആരോപിക്കുന്നു. റോഡിന്റെ നിർമാണം പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് അനിശ്ചിതകാല സമരം നടത്തുമെന്നും എംഎൽഎ അറിയിച്ചു.