ADVERTISEMENT

ഒരു മലയോര ഗ്രാമത്തിന്റെ എല്ലാ ഭംഗിയുമുണ്ട് തലനാടിന്. റബർ മരങ്ങൾ അതിരിട്ടു നിൽക്കുന്ന, വളഞ്ഞുപുളഞ്ഞു നീങ്ങുന്ന റോഡിൽ പാകത്തിനു കയറ്റവും ഇറക്കവും. കോട്ടയത്തിന്റെ ഐക്കണായ ഇല്ലിക്കൽക്കല്ലിലേക്കുള്ള ഒരു വാതിലാണു തലനാട്. അവിടേക്ക് വൈകിട്ടൊരു നാലു നാലരയ്ക്കാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി എത്തിയത്. പുഷ്പവൃഷ്ടിയും മാലകളും ജയ് വിളികളുമായി സ്വീകരണം. പാലാ മണ്ഡലത്തിലെ പഞ്ചായത്തുകളിലൂടെ റോഡ് ഷോ നടത്താനുള്ള വിഭവങ്ങൾ എല്ലാം തലനാട്ട് റെഡി.

കോട്ടയം വേറെ ലെവൽ എന്നെഴുതിയ ഓട്ടോറിക്ഷകൾ. നിരന്നു നീങ്ങാൻ ബൈക്കുകൾ, സ്ഥാനാർഥിയുടെ വരവറിയിക്കാനുള്ള അനൗൺസ്മെന്റിനായി വാട്ട് എ വാട്സ് എന്നു ചോദിക്കാവുന്ന ശബ്ദവിന്യാസം. തലനാട്ടിൽ നിന്നുള്ള പര്യടനം ഇടമറുകിനോട് അടുത്തപ്പോൾ മഴ പെയ്തുതുടങ്ങി. ഇടമറുക് ആശുപത്രിപ്പടിയിൽ കാത്തുനിന്ന പ്രവർത്തകർ പറഞ്ഞു– മഴ ഐശ്വര്യത്തിന്റെ ലക്ഷണമാണ്. അടുത്തിടെ ടാർ ചെയ്ത ഈരാറ്റുപേട്ട– മുട്ടം റോഡ് മഴയിൽ കൂടുതൽ കറുത്തു. സ്ഥാനാർഥി എത്തിയില്ലെങ്കിലും കാത്തു വച്ച പടക്കം നേരത്തേ പൊട്ടിച്ചു.

മഴ പെയ്തു നനഞ്ഞുപോകുന്നിലും നല്ലതല്ലേ ഇപ്പോഴേ പൊട്ടിക്കുന്നത്. പടക്കം പൊട്ടിച്ച് എത്തിയ പ്രവർത്തകൻ ചിരിയോടെ പറഞ്ഞു. ആശുപത്രിപ്പടിയിൽ വന്നിറങ്ങിയ തുഷാർ മഴ വകവയ്ക്കാതെ പ്രവർത്തകരുടെ അടുത്തേക്ക്. മഴത്തുള്ളികളെക്കാൾ ശക്തിയിൽ പൂക്കൾ തുഷാറിന്റെ ദേഹത്തേക്കു വീണു. പ്രവർത്തകരോടുള്ള സ്നേഹം അറിയിച്ചുള്ള ചിരി, ഒരു കൂപ്പു കൈ.. അടുത്ത കേന്ദ്രത്തിലേക്ക് തുഷാർ നീങ്ങിക്കൊണ്ടിരിക്കുന്നു. റബർ കർഷകന്റെ പ്രശ്നങ്ങൾ അനൗൺസ്മെന്റായി മുഴങ്ങുന്നു.

കോട്ടയത്തിന് ഒരു കേന്ദ്രമന്ത്രി എന്ന ഉറപ്പും അനൗൺസ്മെന്റുകളിൽ ഇടം പിടിക്കുന്നു. ചെയ്യാൻ കഴിയുന്നതു മാത്രം പറയുന്നവൻ തുഷാർ, പറയുന്നതു ചെയ്യുന്നവൻ തുഷാർ.. മാസ് ഡയലോഗ് ഇടയ്ക്കിടെ അനൗൺസ്മെന്റ് വാഹനത്തിൽ നിന്ന് മുഴങ്ങുന്നു. ഇടമറുക് പിന്നിട്ടപ്പോഴേക്കും മഴ പിൻവാങ്ങി. കാത്തുനിൽക്കുന്ന പ്രവർത്തകരെയും റോഡിന് ഇരുവശത്തുള്ളവരെയും കൈവീശിക്കാണിച്ചും പുഞ്ചിരി സമ്മാനിച്ചും പ്ലാശനാലും പനയ്ക്കപ്പാലവും ഭരണങ്ങാനവുംപിന്നിട്ട് പ്രചാരണം മുന്നോട്ട്. കൂരാലിയിലാണ് ഇന്നലത്തെ പ്രചാരണം സമാപിച്ചത്.

രാവിലെ ജസ്റ്റിസ് കെ.ടി.തോമസിനെ വസതിയിൽ സന്ദർശിച്ചാണു തുഷാർ പര്യടനം ആരംഭിച്ചത്. തുഷാറിന്റെ കുടുംബവുമായുള്ള വ്യക്തിബന്ധം ഓർമിച്ചാണു ജസ്റ്റിസ് കെ.ടി.തോമസ് അദ്ദേഹത്തെ സ്വീകരിച്ചത്. തുഷാറിന്റെ അച്ഛൻ വെള്ളാപ്പള്ളി നടേശന്റെ ഇരട്ട സഹോദരൻ നടരാജനും താനും എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ ഹോസ്റ്റൽ മേറ്റ്സായിരുന്നെന്നു കെ.ടി.തോമസ് തുഷാറിനോടു പറഞ്ഞു.

അന്നുതൊട്ടേ വലിയ ബന്ധമുണ്ട്. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനു തന്നെ നടരാജൻ കൊണ്ടുപോയ കാര്യമെല്ലാം കെ.ടി.തോമസ്പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, ജനറൽ സെക്രട്ടറി സന്ദീപ് പച്ചയിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഉച്ചയ്ക്ക് എൻഡിഎ നേതൃയോഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനൊപ്പം പങ്കെടുത്ത ശേഷമാണു പാലാ മണ്ഡലത്തിലെ പര്യടനത്തിനായി പുറപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com