ADVERTISEMENT

വെളിയന്നൂർ ∙അടിസ്ഥാന വികസനം ഇപ്പോഴും സ്വപ്നമാണ്,  വെളിയന്നൂർ പഞ്ചായത്തിലെ പൂവക്കുളം, തേക്കമല, കാരമല പ്രദേശങ്ങൾക്ക്. ശുദ്ധജല ലഭ്യത മുതൽ മികച്ച റോഡ് വരെ ഈ മേഖലയുടെ സ്വപ്നമാണ്. കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ പൂവക്കുളം മേഖലയിൽ ക്വാറികളുടെ എണ്ണം വർധിച്ചതോടെ പരിസ്ഥിതി മലിനീകരണം രൂക്ഷം.

റോഡ്,  ഗതാഗതം
പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് പൂവക്കുളം. ഗ്രാമീണ പാതകളാണ് കൂടുതൽ. പക്ഷേ മിക്ക റോഡുകളും തകർന്ന അവസ്ഥയിൽ. അറ്റകുറ്റപ്പണി നടക്കുന്നത് വല്ലപ്പോഴും മാത്രം. പാറമടകളുടെ എണ്ണം വർധിച്ചതോടെ ചെറുപാതകളിൽ പോലും ടോറസ്, ടിപ്പർ ലോറികളുടെ സഞ്ചാരം കൂടുതൽ.

ഭാരവാഹനങ്ങൾ വർധിച്ചതോടെ റോഡിന്റെ അവസ്ഥ കൂടുതൽ ദയനീയമായെന്നു നാട്ടുകാർ പറയുന്നു. സ്വകാര്യ ബസ് സർവീസ് ഉണ്ട്. എന്നാൽ വരുമാനത്തിന്റെ കുറവ് മൂലം പലപ്പോഴും സർവീസ് നിലയ്ക്കുന്ന അവസ്ഥ. പൂവക്കുളം കാരമല റോഡ് പരിതാപകരമായ അവസ്ഥയിലാണ്..ഇരുചക്ര വാഹനങ്ങൾക്കു പോലും സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതി.

ശുദ്ധജലക്ഷാമം
ശുദ്ധജല ക്ഷാമം പ്രധാന പ്രശ്നം. മുന്നൂറിലധികം വീടുകൾ. മേഖലയിലെ ഉയർന്ന പ്രദേശമായതിനാൽ ശുദ്ധജല വിതരണ സംവിധാനം കാര്യക്ഷമം അല്ല. പൂവക്കുളം മേഖലയിൽ പാറമടകളുടെ എണ്ണം വർധിച്ചതോടെ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുകയാണെന്നു നാട്ടുകാർ. മഴക്കാലത്തു മാത്രം കിണറുകളിൽ വെള്ളം ലഭിക്കും. വേനൽക്കാലം ആരംഭിച്ചാൽ ജലനിരപ്പ് താഴും. 

ഒരു വർഷത്തിനുള്ളിൽ കുഴൽ കിണറുകളുടെ എണ്ണം വർധിച്ചു. പക്ഷേ 400 അടി താഴ്ചയിൽ കുഴിച്ചാലും വെള്ളം കിട്ടാത്ത അവസ്ഥ. ജപ്പാൻ കുടിവെള്ള പദ്ധതിയും പ്രാദേശിക പദ്ധതികളും ഉണ്ട്. പക്ഷേ പൂർണ പ്രയോജനം ലഭിക്കുന്നില്ല. മുണ്ടാണിക്കുളം കുടിവെള്ള പദ്ധതിയാണ് തേക്കമല മേഖലയിലെ ഏക വിതരണ സംവിധാനം. 33കുടുംബങ്ങൾക്കു പ്രയോജനം ലഭിക്കും. പക്ഷേ എല്ലാ ദിവസവും ജല ലഭ്യത ഇല്ല.

ചികിത്സാ സൗകര്യം
തേക്കമല, പൂവക്കുളം മേഖലയിലെ ജനങ്ങൾ ആശുപത്രിയിൽ ചികിത്സ തേടണമെങ്കിൽ 5 കിലോമീറ്റർ അകലെ കൂത്താട്ടുകുളം മേഖലയിലോ 4 കിലോമീറ്റർ അപ്പുറം വെളിയന്നൂരിലോ പോകണം. പാറമടകളുടെ എണ്ണം വർധിച്ചതോടെ പൂവക്കുളം മേഖലയിൽ പൊടി ശല്യം രൂക്ഷമാണെന്നും കുട്ടികൾ ഉൾപ്പെടെയുള്ളവർക്കു രോഗസാധ്യത വർധിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.ആകെയുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമല്ല.

വിനോദ സഞ്ചാര  വികസന സാധ്യത
പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് തേക്കമല. വിനോദ സഞ്ചാര വികസനത്തിനു സാധ്യതകൾ കൂടുതൽ.കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തികൾ സംഗമിക്കുന്ന സ്ഥലം. തേക്കമലയുടെ ഒരു വശം ഇടുക്കി ജില്ലയിലെ പുറപ്പുഴ പഞ്ചായത്തും മറ്റൊരു വശം കോട്ടയം ജില്ലയിലെ വെളിയന്നൂർ പഞ്ചായത്തും. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം നഗരസഭയുടെ അതിർത്തി മേഖലയും ഇവിടെയുണ്ട്.

വെളിയന്നൂർ പഞ്ചായത്ത് ഏഴാം വാർഡിൽ പൂവക്കുളത്തിനു സമീപത്തെ സ്ഥലം. അടിസ്ഥാന വികസനം പോലും ഇപ്പോഴും എത്തിയിട്ടില്ല. തേക്കമലയുടെ ഉയരത്തിൽ നിന്നു നോക്കിയാൽ പുറപ്പുഴ, തൊടുപുഴ മേഖലകൾ കാണാം. എന്നാൽ ഇവിടേക്കുള്ള റോഡ് പൂർണമായി തകർന്ന അവസ്ഥയിൽ. മുപ്പതിലധികം വീടുകൾ ഇവിടെയുണ്ടെങ്കിലും അടിസ്ഥാന വികസനം പോലും ഇല്ലാത്ത അവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com