ADVERTISEMENT

മാഞ്ഞൂർ ∙ 150 വർഷമായുള്ള പാരമ്പര്യം കൈവിടാതെ ഓലക്കുട നിർമാണം ഇപ്പോഴും തുടരുകയാണ് ഒരു കുടുംബം. അപൂർവമായ ഓലക്കുട നിർമാണ ജോലികൾ മാഞ്ഞൂർ പഞ്ചായത്ത് പറയംപറമ്പിൽ കെ.ആർ. രവി( 64) ആണ് സൂക്ഷ്മതയോടെ ഇപ്പോഴും തുടരുന്നത്. പിതാവ് രാമകൃഷ്ണനിൽ നിന്നാണ് രവി ഓലക്കുട നിർമാണം പഠിച്ചത്. കുടുംബം പാരമ്പര്യമായി വിവിധ ക്ഷേത്രങ്ങളിലേക്കും വിവിധ നമ്പൂതിരി കുടുംബങ്ങളിലേക്കും വീടുകളിലേക്കും ഓലക്കുട നിർമിച്ചു നൽകിയിരുന്നു. 

രവി ഏഴാം വയസ്സിലാണ് ഓലക്കുടകൾ നിർമിക്കാൻ പഠിച്ചത്. ഗുരുവായൂർ ക്ഷേത്രം, തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം മൂകാംബികാ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് ഓലക്കുടകൾ നിർമിച്ചു നൽകിയിട്ടുണ്ട്. മുള, ഈറ, പനയോല, ചൂണ്ടപ്പനയുടെ കമ്പുകൾ എന്നിവ ഉപയോഗിച്ചാണ് ഇവ നിർമിക്കുന്നത്. പനച്ചിക്കാട് ക്ഷേത്രത്തിലേക്കുള്ള ഓലക്കുടയുടെ നിർമാണത്തിലാണ് ഇപ്പോൾ. 

ഒരാഴ്ച കൊണ്ടാണ് ഒരു കുട നിർമിച്ചെടുക്കുന്നത്. ക്ഷേത്രങ്ങളിൽ ശീവേലി ചടങ്ങുകൾക്കും എഴുന്നള്ളത്തിനും ഒക്കെയാണ് ശീവേലി കുടകൾ ഉപയോഗിക്കുന്നത്. ചിലർ വഴിപാടായി ശീവേലിക്കുടകൾ ക്ഷേത്ര നടയിൽ സമർപ്പിക്കാറുണ്ട്. ഓലക്കുടകൾ നിർമിക്കുന്നതിന് പുറമേ മറക്കുട, ശീവേലിക്കുട, ചൂട്കുട, ഷോകുട എന്നിവയും നിർമിക്കുന്നുണ്ട്. 

500 രൂപയാണ് ഓലക്കുടയ്ക്കായി പ്രതിഫലം ലഭിക്കുന്നത്. ഇതുകൊണ്ട് കുടുംബം പുലർത്താൻ കഴിയാത്തതിനാൽ കൂലിപ്പണിക്കു പോയാണ് കുടുംബം കഴിയുന്നത്. പാരമ്പര്യമായി ലഭിച്ച ഓലക്കുട നിർമാണം ഉപേക്ഷിക്കാൻ രവി തയാറല്ല. ആരെങ്കിലും മനസ്സോടെ ഓലക്കുട നിർമാണം പഠിക്കാനെത്തിയാൽ പഠിപ്പിച്ചു നൽകാൻ തയാറാണ്. ശാന്തയാണ് ഭാര്യ. അമ്പിളി, അഞ്ജലി എന്നിവർ മക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com