ADVERTISEMENT

കടുത്തുരുത്തി ∙ ‘എട്ടുപേരടങ്ങുന്ന സംഘം എന്റെ മുഖത്തും തലയ്ക്കും മാറിമാറി അടിച്ചു. ചിലർ ഓടിവന്നു തൊഴിച്ചുവീഴ്ത്തി. പിടിച്ചെഴുന്നേൽപിച്ചു നേരെ നിർത്തിയശേഷം കൈമുട്ടുകൊണ്ട് മുതുകിൽ ഇടിച്ചു. കൈയിലുണ്ടായിരുന്ന പ്രാർഥനാഗാനങ്ങളടങ്ങിയ പുസ്തകം കത്തിച്ചു. ഒന്നേകാൽ മണിക്കൂർ നീണ്ട വിചാരണയും ക്രൂരമർദനവുമാണ് അരങ്ങേറിയത്’ – ഇക്കഴിഞ്ഞ മാർച്ച് 3നു ബിഹാറിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ പാസ്റ്റർ സി.പി.സണ്ണിയുടെ (56) മുഖത്ത് ഇപ്പോഴും ഭീതി.

മതപരിവർത്തനം ആരോപിച്ചായിരുന്നു സണ്ണിക്കെതിരെ ആക്രമണം. ബിഹാറിലെ ജാമുയി ജില്ലയിലായിരുന്നു സംഭവം. ആരാധനാലയത്തിലേക്കെത്തിയാണു സംഘം ആക്രമണം നടത്തിയതെന്നു സണ്ണിയും ഭാര്യ കൊച്ചുറാണിയും (55) പറഞ്ഞു. ആയാംകുടി കപ്പേളയ്ക്കു സമീപം താമസക്കാരായിരുന്ന ചേലപ്ര എം.എം.പീറ്റർ – തങ്കമ്മ ദമ്പതികളുടെ മകനാണു സണ്ണി. ഇപ്പോൾ നാട്ടിൽ ചികിത്സയിലാണ്.

‘ആദ്യമെത്തിയവർ ഫോണിൽ വിളിച്ചതോടെ നൂറുകണക്കിനുപേർ ആരാധനാലയ പരിസരത്തേക്കെത്തി. പിന്നീട് ഒരു കിലോമീറ്റർ അകലെയുള്ള സിറ്റിയിലേക്കു കാൽനടയായി കൊണ്ടുപോയി. അവശനിലയിലായ എന്നെ അവർ ജയ് ശ്രീറാം വിളിപ്പിച്ചാണു കൊണ്ടുപോയത്. ഇടയ്ക്കു റോഡിൽ കിടത്തി വീണ്ടും മർദിച്ചു. ബോധം പോയപ്പോൾ വെള്ളമൊഴിച്ചു. ദൃശ്യങ്ങൾ അവർ ഫോണിൽ പകർത്തി. ഇതിനിടെ, സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മർദനത്തിൽ നിന്നു രക്ഷിച്ചത്’ – സണ്ണി പറയുന്നു.

മറ്റൊരു പാസ്റ്ററായ പാലക്കാട്ടുകാരൻ ജയിംസ് എത്തി തലസ്ഥാനമായ പട്നയിലേക്കു കൊണ്ടുപോയി. വിദേശത്തുള്ള സഹോദരിയാണു വിമാന ടിക്കറ്റ് എടുത്തുകൊടുത്തു നാട്ടിലെത്തിച്ചത്. നാട്ടിലെ പരിശോധനയിൽ കഴുത്തിൽ പൊട്ടൽ കണ്ടെത്തി. വൃക്കയ്ക്കു ക്ഷതമേറ്റെന്നും തലയിലെ ഞരമ്പുകൾക്കു ചതവു സംഭവിച്ചെന്നും ഇദ്ദേഹം പറയുന്നു. ബിഹാറിൽ സ്വതന്ത്ര സഭയായിട്ടായിരുന്നു പ്രവർത്തനം. ബൈക്കും വീട്ടുസാധനങ്ങളും ഉപക്ഷിച്ചാണു നാട്ടിലേക്കു വന്നതെന്നും തിരിച്ചുപോകണമെന്നാണ് ആഗ്രഹമെന്നും ഇരുവരും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com