രാത്രി വെളിച്ചമിട്ടാൽ കൂട്ടത്തോടെ എത്തും, ആഹാരം കഴിക്കാൻ പോലും കഴിയാത്ത സ്ഥിതി
Mail This Article
പാറത്തോട് ∙ പഞ്ചായത്തിലെ 1,2,3 വാർഡുകളിൽ മുപ്ലി വണ്ടിന്റെ ശല്യം വർധിച്ചു. പാലപ്ര മേഖലയിലാണു മുപ്ലി വണ്ടിന്റെ ശല്യം വ്യാപകമായത്. വീടുകളിൽ താമസിക്കാൻ കഴിയാത്ത വിധം വണ്ട് മുറികൾക്കുള്ളിൽ കയറി കൂടിയിരിക്കുകയാണ്. ഇരുപതോളം വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥതിയാണെന്നു നാട്ടുകാർ പറഞ്ഞു.
രാത്രി തെളിക്കുന്ന വെളിച്ചത്തിലാണ് ഇവ എത്തുന്നത്. കഴിഞ്ഞ മാസം മുതൽ തുടങ്ങിയ ശല്യം ഈ മാസം വർധിച്ച് അസഹനീയമായതായി നാട്ടുകാർ അറിയിച്ചു. പ്രദേശത്ത് ആകെയുള്ള കട ഇവയുടെ ശല്യം മൂലം സന്ധ്യയ്ക്കു മുൻപേ അടയ്ക്കുകയാണ്.
വീടിന്റെ ഭിത്തികളിലും തറയിലും ഫാനിലും ഗൃഹോപകരണങ്ങളിലും ഇവ കയറിക്കൂടിയിരിക്കുകയാണ്. രാത്രി വെളിച്ചമിട്ടാൽ ഇവ കൂട്ടത്തോടെ എത്തും. ആഹാരങ്ങളിലും മറ്റും ഇവ വീണ് കഴിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇവ ദേഹത്തു വീണാൽ നീറ്റലും അനുഭവപ്പെടും.
കിടന്നുറങ്ങുമ്പോൾ ചെവിയിലും മറ്റും കയറുന്ന ഇവയുടെ ശല്യം കൂടുതലായ വീട്ടുകാർ മറ്റു വീടുകളിൽ പോയാണ് രാത്രി കിടക്കുന്നത്. മുപ്ലി വണ്ടിന്റെ ശല്യം കുറയ്ക്കാൻ അധികാരികൾ നടപടികൾ സ്വീകരിക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.