ADVERTISEMENT

മണർകാട് ∙ ദേശവഴികളിൽ ആഘോഷത്തിന്റെ വിസ്മയക്കാഴ്ചകളുമായി മണർകാട് ദേവീ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പത്താമുദയ ഉത്സവം ഭക്തിസാന്ദ്രമായി. ഇന്നലെ പുലർച്ചെ 2നു പള്ളിയുണർത്തലോടെ ആരംഭിച്ച ഉത്സവ ചടങ്ങുകൾ ഇന്നു പുലർച്ചെ വരെ നീണ്ടു.

6ന് ആരംഭിച്ച, ക്ഷേത്രത്തിലെ പ്രധാന വഴിപാടായ കലം കരിക്കലിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ പങ്കെടുത്തു. ഇരുപത്തെട്ടര കര ദേശവഴികളിലൂടെ ആയിരക്കണക്കിനു കുംഭകുടങ്ങളാണ് വടക്കേ ആൽത്തറയിലേക്ക് ഒഴുകിയെത്തിയത്. 4നു ക്ഷേത്ര പരിസരം ചെറുതും വലുതുമായ മഞ്ഞൾ കുടങ്ങളാൽ നിറഞ്ഞു.

വൈവിധ്യമാർന്ന താളമേളങ്ങളുടെ നടുവിൽ വടക്കേ ആൽത്തറയിൽ കാത്തുനിന്ന കുംഭകുടങ്ങളെ സ്വീകരിക്കാൻ വൈകിട്ട് 5നു ഗജവീരന്മാരുടെ അകമ്പടിയോടെ ദേവി എഴുന്നള്ളി. അതോടെ ക്ഷേത്ര പരിസരം ദേവീമന്ത്രങ്ങളാൽ മുഖരിതമായി. കൂറ്റൻ പൂച്ചെണ്ടുകൾ ഘോഷയാത്രയെ വർണാഭമാക്കി. എതിരേൽപിനു ശേഷം ക്ഷേത്രത്തിന്റെ വടക്കേ നടയിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ കുംഭകുട അഭിഷേകം നടന്നു.

മണർകാട് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് എത്തിച്ച യന്ത്ര ആനയുടെ മുകളിൽ കയറിയ കുട്ടികളുടെ ആഹ്ലാദം.
മണർകാട് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് എത്തിച്ച യന്ത്ര ആനയുടെ മുകളിൽ കയറിയ കുട്ടികളുടെ ആഹ്ലാദം.

9ന് അരീപ്പറമ്പ് മുത്താരമ്മൻ കുംഭകുട സമിതിയുടെ അമ്മൻകുടമെത്തി. രാത്രി 10നു പെരുമ്പായിക്കാട്ടുശേരി കരയുടെ അവകാശ ചടങ്ങായ തൂക്കം വഴിപാട് നടന്നു. തുടർന്നു വിവിധ കരകളിൽ നിന്നു ഗരുഡൻ, തൂക്കം വഴിപാടുകൾ എത്തിക്കൊണ്ടിരുന്നു. മാസങ്ങളായി തുടർന്നിരുന്ന കലം കരിക്കൽ വഴിപാടും ഇന്നലെ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com