ADVERTISEMENT

നാലുകോടി ∙ ‘സൂക്ഷിക്കുക ശ്രദ്ധ മാറിയാൽ നിങ്ങളുടെ ജീവൻ തന്നെ അപകടത്തിൽ പെടാം.’ നാലുകോടി ജംക്‌ഷനിൽ പായിപ്പാട് പഞ്ചായത്ത് ഓഫിസിനു മുൻപിൽ കവിയൂർ റോഡിലൂടെ പോകുന്നവർക്കാണ് ഈ മുന്നറിയിപ്പ്. പഞ്ചായത്ത് ഓഫിസിനു മുൻപിൽ കവിയൂർ റോഡിനു സമാന്തരമായി താഴെ വേഷ്ണാൽ ഭാഗത്തേക്കും റോഡുണ്ട്.  മുന്നറിയിപ്പ് സംവിധാനങ്ങളോ ബാരിക്കേഡുകളോ ഇല്ലാത്തതിനാൽ കവിയൂർ റോഡിലൂടെ പോകുന്ന വാഹനങ്ങൾ വേഷ്ണാൽ റോഡിലേക്ക് മറി‍ഞ്ഞ് അപകടത്തിൽ പെടുന്നത് പതിവാണ്.

കവിയൂർ റോഡിനു സമീപം താഴ്ചയിൽ മറ്റൊരു റോഡുണ്ടെന്ന കാര്യം സ്ഥിര യാത്രക്കാർക്ക് മാത്രമാണ് പരിചിതം. അപകടക്കെണിയറിയാതെ വരുന്ന ഡ്രൈവർമാർ അപകടത്തിൽ പെടും. ഒട്ടേറെ അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. മുന്നറിയിപ്പ് സംവിധാനവും ബാരിക്കേഡും ഒരുക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.  

അടുത്തിടെ കാറും ബൈക്കും കവിയൂർ റോഡിൽ നിന്നും വേഷ്ണാൽ റോഡിലേക്ക് തലകീഴായി മറിഞ്ഞിരുന്നു. കവിയൂർ റോഡിനു വീതി കുറവായതിനാൽ മറ്റ് വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോഴും നിയന്ത്രണം നഷ്ടമായി താഴേക്ക് മറിഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ട്. വേഷ്ണാൽ ഭാഗത്ത് നിന്നും സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് കവിയൂർ റോഡിലേക്ക് പ്രവേശിക്കുന്നത്. ഭാഗ‌്യം കൊണ്ട് മാത്രമാണ് വൻദുരന്തങ്ങൾ ഒഴിവാകുന്നതെന്ന് വ്യാപാരികൾ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com