ഒറ്റ മഴ; റോഡിൽ അരയ്ക്കൊപ്പം വെള്ളം!
Mail This Article
കല്ലറ ∙ ഒറ്റ മഴയിൽ ചൂരക്കുഴി ഭാഗത്ത് റോഡിൽ അരയ്ക്കൊപ്പം വെള്ളം. പരാതി പറഞ്ഞ് മടുത്ത് പഞ്ചായത്ത് ഭരണസമിതി. തിരിഞ്ഞുനോക്കാതെ അധികൃതർ. ചെളിക്കുണ്ട് നീന്തി വാഹനയാത്രക്കാർ... ആയാംകുടി – കല്ലറ റോഡിൽ ചൂരക്കുഴി ഭാഗത്ത് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഇല്ലാത്തതാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണം. ചെറിയ മഴയിൽ പോലും ഈ ഭാഗത്ത് കനത്ത വെള്ളക്കെട്ട് രൂപപ്പെടുകയാണ്.
ഇതോടെ ഇരുചക്ര വാഹന യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. മാർക്കറ്റ് ഭാഗത്തും എസ്ബിഐ ഭാഗത്തും കനത്ത വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. മഴക്കാലത്തിനുമുൻപ് റോഡിലെ കുഴികൾ അടയ്ക്കണമെന്നും വെള്ളക്കെട്ട് നീക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പല തവണ നിവേദനം നൽകിയെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ല എന്നാണ് കല്ലറ പഞ്ചായത്തിന്റെ പരാതി. ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന റോഡ് പല ഭാഗത്തും തകർന്നുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ കാൽനടക്കാർക്ക് സഞ്ചരിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ പതിവായതായി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ പറഞ്ഞു. പെരിയാകുളങ്ങര ഭാഗത്തെ വെള്ളക്കെട്ട് മൂലം പഞ്ചായത്തിന്റെയും നാട്ടുകാരുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് ഈ ഭാഗം ഉയർത്തി റോഡ് നന്നാക്കി.
കല്ലറ പുത്തൻപള്ളിയിലെ സംഭരണി ഭാഗത്തു നിന്നു കല്ലറ മാർക്കറ്റ് ജംക്‌ഷൻ വരെ റോഡിന്റെ ഇരു വശത്തും പൈപ്പ് സ്ഥാപിക്കുന്ന പണി പുരോഗമിക്കുകയാണ്. പണികൾ തീർത്ത് ജല അതോറിറ്റി സർട്ടിഫിക്കറ്റ് നൽകിയാലേ റോഡ് ടാർ ചെയ്യാൻ കഴിയൂ എന്ന നിലപാടാണു പൊതുമരാമത്ത് വകുപ്പിനുള്ളത്. പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ മെല്ലെപ്പോക്കിലുമാണ്. റോഡിലെ കുഴികളെങ്കിലും അടച്ചുതരാൻ അധികൃതരുടെ ഭാഗത്തു നിന്നു ദയവുണ്ടാകണം എന്നാണു വാഹനയാത്രക്കാരുടെയും നാട്ടുകാരുടെയും അപേക്ഷ.