നാടിനെ വിറപ്പിച്ച്, ജനങ്ങളെ വെല്ലുവിളിച്ച് 735 ഗുണ്ടകൾ; രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പലരും വിലസുന്നു
Mail This Article
കോട്ടയം ∙ നാടിനെ വിറപ്പിച്ച്, ജനങ്ങളെ വെല്ലുവിളിച്ച്, ജില്ലയിൽ നടക്കുന്നത് 735 ഗുണ്ടകൾ. കാപ്പ ചുമത്തി കരുതൽ തടങ്കലിൽ വച്ചും ജില്ലയിൽ നിന്നു പുറത്താക്കിയും പൊലീസ് പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളും പൊലീസ് സേനയിലെ സ്വാധീനവും ഉപയോഗിച്ച് പലരും പുറത്തു വിലസുന്നു. ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ മാത്രം 50 ഗുണ്ടകൾ പുറത്തു വിലസുന്നു. ഏറ്റുമാനൂർ സ്റ്റേഷനിൽ 40 പേരാണ് ഇത്തരത്തിൽ പുറത്തുള്ളത്. ചങ്ങനാശേരി സ്റ്റേഷൻ പരിധിയിൽ ടോപ് 25 കാറ്റഗറിയിൽപെടുന്ന കൊടുംക്രിമിനലുകൾ 20 പേരുണ്ട്. ജില്ലയിൽ ഏറ്റവുമധികം ഗുണ്ടകൾ പട്ടികയിലുള്ള പൊലീസ് സ്റ്റേഷൻ ഗാന്ധിനഗറാണ്.
ഗുണ്ടാനടപടിച്ചട്ട പ്രകാരം എല്ലാ ആഴ്ചയും ഗുണ്ടകളെ നിരീക്ഷിക്കണം. ഡോസിയർ അപ്ഡേഷൻ നടത്തണം. ഗുണ്ടകളെ സംബന്ധിച്ച വിവരശേഖരണവും അതു പുതുക്കി വയ്ക്കലുമാണു ഡോസിയർ അപ്ഡേഷൻ. എല്ലാ വെള്ളിയാഴ്ചയും ഗുണ്ടകളെ സ്റ്റേഷനിൽ പരേഡിൽ വിളിച്ചു നിർത്തണം. വിലാസവും ഫോൺ നമ്പറും എഴുതിവയ്ക്കണം. എന്നാൽ എല്ലാ ഗുണ്ടകളുടെയും കാര്യത്തിൽ ഇത്തരം നടപടികൾ എടുക്കുന്നതിൽ പൊലീസിനു ശുഷ്കാന്തി പോരെന്ന് ആക്ഷേപമുണ്ട്. കറുകച്ചാൽ സ്റ്റേഷൻ പരിധിയിൽ 80 പേർ റൗഡി പട്ടികയിലുണ്ട്. വൈക്കം സ്റ്റേഷൻ പരിധിയിൽ 122 പേരാണു റൗഡികളായി വിലസുന്നത്. റൗഡികളിൽ നിന്നു ഗുണ്ടകളിലേക്കു വളരാൻ ഇവർക്ക് അധികം സമയം വേണ്ട.
സ്പെഷൽ, ജില്ലയിലും സംസ്ഥാനത്തും
∙ ജില്ലാ പൊലീസ് മേധാവിയുടെ കീഴിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണു ജില്ലാ സ്പെഷൽ ബ്രാഞ്ച്. ഓരോ സബ് ഡിവിഷനിലും 2 എസ്ഐമാർ. എല്ലാ സ്റ്റേഷനിലും ഒരു കോൺസ്റ്റബിൾ എന്നിവരാണു ജില്ലാ സ്പെഷൽ ബ്രാഞ്ചിലുണ്ടാകുക. ഇവർ നൽകുന്ന പ്രാഥമിക റിപ്പോർട്ടാണു ഡിവൈഎസ്പിയുടെ പേരിൽ എസ്പിക്കു ലഭിക്കുന്നത്. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് കോൺസ്റ്റബിൾമാരും സ്റ്റേഷനുകളിലുണ്ട്. അവർ അവരുടെ ഡിവൈഎസ്പി, എസ്പി വഴി ഇന്റലിജൻസ് മേധാവിക്കു റിപ്പോർട്ട് നൽകും. ഇവരെല്ലാം മൂടിവയ്ക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലയിലും ഒരു എസ്പിയുടെ കീഴിൽ സമാന്തര രഹസ്യപ്പൊലീസും പ്രവർത്തിക്കുന്നു. ഇത്രയെല്ലാം സംവിധാനങ്ങളുണ്ടായിട്ടും ഗുണ്ടകളുടെ സ്വാധീനവും അവർ ആരെയൊക്കെയാണു സ്വാധീനിക്കുന്നത് തുടങ്ങിയ വിവരങ്ങളും അറിയുന്ന കാര്യത്തിൽ പലപ്പോഴും ഈ സംവിധാനങ്ങൾ പരാജയപ്പെടുന്നു.
ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലെയും ഗുണ്ടകളുടെ കണക്ക്
പാലാ– 7
ഏറ്റുമാനൂർ - 116
ഗാന്ധിനഗർ - 123
കോട്ടയം വെസ്റ്റ് - 88
ചിങ്ങവനം - 84
ചങ്ങനാശേരി - 76
വൈക്കം - 1
തലയോലപ്പറമ്പ് - 2
എരുമേലി - 18
പൊൻകുന്നം - 18
മുണ്ടക്കയം- 6
കറുകച്ചാൽ - 13
മണിമല- 13
പാമ്പാടി - 13
ഈരാറ്റുപേട്ട – 11
കോട്ടയം ഈസ്റ്റ് - 84
തൃക്കൊടിത്താനം - 9
കുമരകം – 0
മണർകാട് - 10
കാഞ്ഞിരപ്പള്ളി - 14
രാമപുരം - 2
കടുത്തുരുത്തി - 1
അയർക്കുന്നം - 6
പളളിക്കത്തോട് - 5
കുറവിലങ്ങാട് - 5
മരങ്ങാട്ടുപിളളി - 0
വാകത്താനം - 1
കിടങ്ങൂർ - 3
തിടനാട് - 3
മേലുകാവ് - 2
വെള്ളൂർ - 1