ADVERTISEMENT

സാമ്പത്തികം, മനുഷ്യമൂലധനം, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നീ മേഖലകളിൽ‍ പഠനം നടത്തി തയാറാക്കിയ ലോകത്തെ മൊത്തം റാങ്കിങ്ങിൽ കോട്ടയം 649-ാം സ്ഥാനത്ത് 

കോട്ടയം ∙ നിലവാരമുള്ള ജീവിതമാണു കോട്ടയംകാരുടേതെന്ന ഓക്സ്ഫഡ് ഇക്കണോമിക്സ് പഠനം വിലയിരുത്തുമ്പോൾ അഭിമാനിക്കാനും ഇനിയും മെച്ചപ്പെടാനും ഏറെ. ജീവിതനിലവാരം മുന്നിലെന്നതു രാജ്യാന്തരതലത്തിൽ കൂടുതൽ ശ്രദ്ധ നേടാനും സഹായകമാകും. കേരളത്തിൽ നിന്നുള്ള 7 നഗരങ്ങളിൽ ജീവിതനിലവാര റാങ്കിങ്ങിൽ തിരുവനന്തപുരത്തിനു തൊട്ടു താഴെയാണു കോട്ടയം. എന്നാൽ ആയിരം നഗരങ്ങളുടെ പട്ടികയിൽ 753-ാം സ്ഥാനം മാത്രമാണു നമുക്കുള്ളത്. തിരുവനന്തപുരത്തിന് 748-ാം സ്ഥാനമാണ്. സാമ്പത്തികം, മനുഷ്യമൂലധനം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം എന്നീ 5 മേഖലകളിൽ‍ പഠനം നടത്തി തയാറാക്കിയ മൊത്തം റാങ്കിങ്ങിൽ കോട്ടയം 649-ാം സ്ഥാനത്താണ്. അതേ സമയം കൊച്ചി (521), തൃശൂർ (550), കോഴിക്കോട് (580) എന്നിവ കോട്ടയത്തിനു മുന്നിലുണ്ട്. എന്നാൽ ഇത്രയേറെ മരങ്ങളും പച്ചപ്പും എല്ലാം ഉണ്ടായിട്ടും പരിസ്ഥിതി റാങ്കിങ്ങിൽ കോട്ടയം ദുബായ് നഗരത്തെക്കാൾ 60 പോയിന്റ് പിന്നിലാണ്. സൗദിയിലെ റിയാദ് പട്ടണം കോട്ടയത്തെക്കാൾ 40 പോയിന്റ് പിന്നിലാണ്.

ജീവിതനിലവാര പഠനത്തിനു മാനദണ്ഡങ്ങളാക്കിയതു പ്രധാനമായും 6 കാര്യങ്ങളാണ്. വരുമാനതുല്യത, ആളോഹരി വരുമാനം, താമസച്ചെലവ്, ആയുർദൈർഘ്യം, ഇന്റർനെറ്റ് വേഗം, സാംസ്കാരിക-വിനോദ കേന്ദ്രങ്ങൾ എന്നിവയാണവ. യുഎൻഡിപിയുടെ പഠനപ്രകാരം ദാരിദ്ര്യം തീരെ ഇല്ലാത്ത ഇന്ത്യയിലെ ഏകപട്ടണം എന്ന പെരുമ മുൻപു തന്നെ കോട്ടയം നേടിയിട്ടുണ്ട്. സംസ്ഥാനത്ത് ആയുർദൈർഘ്യം 1980കളിലെ 59 വയസ്സിൽ നിന്ന് 75 ആയതായി പഠനങ്ങളുണ്ട്. ഇക്കാര്യത്തിൽ കോട്ടയവും പിന്നിലല്ല. റബറിന്റെയും മറ്റും വരുമാനവും ചെറുകിട, ഇടത്തരം ആളുകളുടെ സാമ്പത്തികഭദ്രതയുടെ അടിത്തറയായിരുന്നു. മോശം കാലാവസ്ഥയല്ലെങ്കിൽ ഇന്റർനെറ്റ് ലഭ്യതയിലും മിക്കയിടങ്ങളിലും പ്രശ്നങ്ങളില്ല. അതേസമയം, സാംസ്കാരിക-വിനോദ കേന്ദ്രങ്ങൾ, പാർക്കുകൾ തുടങ്ങിയവയുടെ കുറവു പരിഹരിക്കപ്പെടേണ്ടതുണ്ട്. റബറിന്റെയും നെല്ല് ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെയും വില വർധിക്കുകയും വേണം. മാലിന്യസംസ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലും ഇനിയും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. 

മികച്ച തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാൻ കഴിഞ്ഞാലേ ജില്ലയിൽ നിന്നുള്ള യുവതീ-യുവാക്കളുടെ വിദേശ കുടിയേറ്റം കുറയൂ. ജില്ല മൊത്തത്തിൽ വയോജന കേന്ദ്രമാകാതിരിക്കണമെങ്കിൽ ഉന്നത വിദ്യാഭ്യാസ-തൊഴിലവസരങ്ങൾ ഉയരണമെന്നു വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. യാത്രാസൗകര്യങ്ങൾ കൂട്ടിയാൽ കോട്ടയത്തിനു ലഭിക്കുന്നത് അധികനേട്ടം. കൊച്ചിയുമായുള്ള യാത്രാദൂരം കുറച്ചു കൊണ്ടുവന്നാൽ ഉപനഗരമായി കോട്ടയത്തിനു മാറാം. മെച്ചപ്പെട്ട റോഡ്, റെയിൽ സൗകര്യങ്ങളാണ് ഇക്കാര്യത്തിൽ ആവശ്യം. ശരാശരി രണ്ടര മണിക്കൂർ യാത്രാദൂരത്തിലാണു കൊച്ചി ഇപ്പോൾ. കോട്ടയം–എറണാകുളം റോഡിലെ വളവുകൾ നിവർത്തുന്നത് അടക്കമുള്ള പദ്ധതികൾക്കു തുക അനുവദിച്ചിട്ടുണ്ടെങ്കിലും ഇതു യാഥാർഥ്യമായിട്ടില്ല. യാത്രാദൂരത്തിൽ കുറവു വരുത്താൻ സാധിച്ചാൽ കൊച്ചിയിൽ ജോലി നോക്കുന്നവർക്കു കോട്ടയത്തു താമസിക്കാൻ സാധിക്കും. റെയിൽ കണക്ടിവിറ്റിയും ഇക്കാര്യത്തിൽ പ്രധാനം. എക്സ്പ്രസ് ട്രെയിനുകൾക്കു ശരാശരി ഒരു മണിക്കൂറും പാസഞ്ചർ മെമു ട്രെയിനുകൾക്കു ശരാശരി ഒന്നര മുതൽ രണ്ടു വരെ മണിക്കൂറുമാണു കോട്ടയം– കൊച്ചി യാത്രയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം. ട്രെയിനുകൾ വൈകുന്നതും ആവശ്യത്തിനു ട്രെയിനുകൾ ഇല്ലാത്തതും തിരിച്ചടിയാണ്.

കോട്ടയം–എറണാകുളം ഇരട്ടപ്പാത യാഥാർഥ്യമായെങ്കിലും അതിന്റെ പ്രയോജനം യാത്രക്കാർക്കു പൂർണമായും ലഭിക്കുന്നില്ല. കോട്ടയം റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ, മെമു ട്രെയിനുകൾക്കായി പുതിയ പ്ലാറ്റ്ഫോം നിർമാണം പൂർത്തിയായെങ്കിലും ട്രെയിനുകൾ ഇപ്പോഴും വന്നിട്ടില്ല. കോട്ടയം–എറണാകുളം പാതയിൽ സബേർബൻ മാതൃകയിൽ മെമു ട്രെയിനുകൾ എത്തിയാൽ അതും കൊച്ചിയുമായുള്ള ബന്ധം കൂട്ടും. കോട്ടയത്തു നിന്നു നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള മേഖലയിലേക്കു പരമാവധി ഒന്നര മണിക്കൂറാണു യാത്രാദൂരം. രാജ്യത്തെ തന്നെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്നു പ്രതീക്ഷിക്കുന്ന വിമാനത്താവളം കോട്ടയത്തിന് എക്സ്ട്രാ മൈൽ സമ്മാനിക്കും. കോട്ടയത്തിന്റെ രാജ്യാന്തര യാത്രകൾക്കു തൊട്ടടുത്തു സ്ഥലമാകും എന്നതാണു പ്രത്യേകത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com