ADVERTISEMENT

കാലടി∙ മറ്റൂർ ജംക്‌ഷനിൽ സിയാലിന്റെ സഹായത്തോടെ റൗണ്ട് എബൗട്ട് ഉടനെ നടപ്പിലാക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. ഇതിനു തടസ്സമായി നിൽക്കുന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും. ചെമ്പിശേരി റോഡിൽ നിന്ന് എംസി റോ‍ഡു വരെയുള്ള കനാലിനു മുകളിൽ സ്ലാബിട്ട് മറ്റൂർ മുതൽ വൺവേ സംവിധാനം നടപ്പിലാക്കും. മറ്റൂർ മുതൽ കാലടി പാലം വരെ റോഡിന് നടുവിൽ മീഡിയൻ സ്ഥാപിച്ച് ഒറ്റവരി ഗതാഗതം നടപ്പാക്കും.കാലടി മുതൽ മറ്റൂർ ജംക്‌ഷൻ വരെ 5 ട്രാഫിക് പൊലീസിനെ സ്ഥിരമായി നിയമിക്കും. നിലവിലുള്ള സിഗ്നൽ സംവിധാനം കൃത്യമായ പഠന ശേഷം അപാകതകൾ പരിഹരിച്ച് പുനരാരംഭിക്കും. സംസ്കൃത സർവകലാശാലയോടു ചേർന്നുള്ള കനാൽ റോഡ് മലയാറ്റൂർ റോഡിലേക്ക് വൺവേയാക്കും. 

കാലടി പാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്തുള്ള കുഴികൾ അടച്ച് ഉടനെ ടാർ ചെയ്യും. കാലടി പാലത്തിനു സമീപം താന്നിപ്പുഴ ഭാഗത്ത് ലോറികൾ പാർക്ക് ചെയ്യുന്നത് നിരോധിക്കും. എംസി റോഡിൽ വല്ലത്തു നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് എളുപ്പത്തിൽ എത്താവുന്ന വല്ലംകടവ് പാലം പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ദിശാബോർഡുകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കും. മറ്റൂരിൽ നിന്ന് മലയാറ്റൂർ, കോതമംഗലം, മൂന്നാർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ, കൈപ്പട്ടൂർ, മേക്കാലടി വഴി തിരിച്ചു വിടുന്നതിന് ദിശാ ബോർഡുകൾ സ്ഥാപിക്കും. 

കാലടിയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനു നേരിട്ടെത്തിയതായിരുന്നു മന്ത്രി.   എംഎൽഎമാരായ റോജി എം.ജോൺ, അൻവർ സാദത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജൻ തോട്ടപ്പിള്ളി (കാലടി), വിജി ബിജു (കാ‍ഞ്ഞൂർ), ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, അഡിഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോദ് ശങ്കർ, പെരുമ്പാവൂർ എഎസ്പി മോഹിത് റാവത്ത് എന്നിവർ സന്നിഹിതരായിരുന്നു. ജനപ്രതിനിധികൾ, സംഘടന പ്രതിനിധികൾ, പൊലീസ്, പൊതുമരാമത്ത്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും നാട്ടുകാരിൽ നിന്നും മന്ത്രി നിർദേശങ്ങൾ കേട്ടു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com