കനത്തമഴ: വെള്ളക്കെട്ട് പരക്കെ നാശം സൃഷ്ടിക്കുന്നു; ഒഴുകിത്തീരാതെ ദുരിതം
Mail This Article
കോട്ടയം ∙ കിഴക്കൻ മേഖലയിൽനിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയോടെ ജില്ലയുടെ പടിഞ്ഞാറൻ ഭാഗത്തു വെള്ളപ്പൊക്കം. ഏറ്റുമാനൂർ, കോട്ടയം നഗരസഭകൾ, തിരുവാർപ്പ്, അയ്മനം, അയർക്കുന്നം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു. പടിഞ്ഞാറൻ മേഖലയിൽ ഇപ്പോഴും വെള്ളം ഉയരുകയാണ്. കിഴക്കൻ മേഖലയിൽ രാവിലെ മഴ ഒഴിഞ്ഞു നിന്നു. രാത്രിയോടെ ഒറ്റപ്പെട്ട മഴയുണ്ടായി.
∙ കോട്ടയം നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു.
∙ അയർക്കുന്നം പുന്നത്തറയിൽ കമ്പനിക്കടവ് പാലത്തിനു സമീപം റോഡിൽ വെള്ളം കയറി. പ്രദേശം ഒറ്റപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി.
∙ പുന്നത്തറ– കക്കയം റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.
∙ പേരൂർ പൂവത്തുംമൂട് ഭാഗങ്ങളിൽ വീടുകളിലേക്കു വെള്ളം കയറുന്നു.
∙ തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം, തിരുവാർപ്പ്, മലരിക്കൽ, കാഞ്ഞിരം. കുമ്മനം, പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി.
∙ ചങ്ങനാശേരി ബൈപാസിൽ രാവിലെ തണൽ മരം ഒടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 10 മുതൽ 3 മണിക്കൂറായിരുന്നു ഗതാഗത തടസ്സം.
∙ മൂവാറ്റുപുഴയാറ്റിൽ വെള്ളം ഉയർന്നെങ്കിലും കരകവിഞ്ഞിട്ടില്ല.
∙ വൈക്കം താലൂക്കിൽ ഗ്രാമീണ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷം. വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതു തിരിച്ചടി.
കോട്ടയം– കുമരകം റോഡിന്റെ ഇല്ലിക്കൽ, ആമ്പക്കുഴി ഭാഗങ്ങളിൽ വെള്ളം കയറി. മീനച്ചിലാറും കൈവഴിയായ ആമ്പക്കുഴി തോടും കരകവിഞ്ഞ് ഒഴുകിയതോടെയാണു വെള്ളം കയറിയത്. ജലനിരപ്പ് ഇനിയും ഉയർന്നാൽ ചെറിയ ബസുകളുടെ സർവീസ് ഇന്നു തടസ്സപ്പെട്ടേക്കും. ജലനിരപ്പ് അൽപംകൂടി ഉയർന്നാലും വലിയ ബസുകൾക്കു ഇതുവഴി സർവീസ് നടത്താൻ കഴിയും.