ADVERTISEMENT

കുമരകം ∙ കിഴക്കൻ വെള്ളത്തിന്റെ വരവിൽ പടിഞ്ഞാറൻ മേഖലയുടെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പുയർന്നു. തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം, കാഞ്ഞിരം, മലരിക്കൽ, കിളിരൂർ, കുമ്മനം തുടങ്ങിയ സ്ഥലങ്ങളിലെ പല വീടുകളിലും വെള്ളം കയറി. അയ്മനം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ഈ പ്രദേശത്തുള്ളവരെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റി. നാലുതോട് പ്രദേശം വെള്ളത്തിലായി. അയ്മനത്ത് രണ്ടും തിരുവാർപ്പിൽ മൂന്നും ക്യാംപുകൾ ഇന്നലെ തുറന്നു. കോട്ടയം– കുമരകം റോഡിന്റെ ഇല്ലിക്കൽ, ആമ്പക്കുഴി, മൂന്നുമൂല തുടങ്ങിയ ഭാഗങ്ങളിൽ വെള്ളം കയറി. ഗതാഗതതടസ്സം ഇല്ല. 

അയ്മനത്ത് വെള്ളം കയറിയ പ്രദേശത്തെ വീട്ടിലേക്കു വള്ളത്തിൽ പോകുന്ന കരീത്ര എൽസമ്മ തോമസ്.
അയ്മനത്ത് വെള്ളം കയറിയ പ്രദേശത്തെ വീട്ടിലേക്കു വള്ളത്തിൽ പോകുന്ന കരീത്ര എൽസമ്മ തോമസ്.

അയ്മനത്ത് വെള്ളപ്പൊക്കം രൂക്ഷം
രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് വെള്ളം കയറിയ വീടുകളിൽ ഉള്ളവർക്കായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തനം ആരംഭിച്ചു. അയ്മനം പിജെഎം യുപി സ്കൂളിലും, ഒളശ്ശ സിഎംഎസ് എൽപി സ്കൂളിലും ആണ് 2 ക്യാംപുകൾ പ്രവർത്തിക്കുന്നത്. ഇരു ക്യാംപുകളിലുമായി 54 പേരാണുള്ളത്. 

സംരക്ഷണഭിത്തി ഇടിഞ്ഞു
അയ്മനം 12–ാം വാർഡ് മഹിളാ സമാജം- മാളികക്കടവ് റോഡിൽ മീനച്ചിലാറിന്റെ തീരത്ത് നിർമാണത്തിലിരുന്ന സംരക്ഷണഭിത്തി തകർന്നു. അപ്രതീക്ഷിതമായി എത്തിയ മഴയിൽ മീനച്ചിലാറ്റിലെ വെള്ളം ഉയർന്നതാണ് നിർമാണത്തിലിരുന്ന് സംരക്ഷണഭിത്തി തകരാൻ കാരണം. പുല്ലുകാട്ട് രാജേന്ദ്രന്റെ വീടിനോട് ചേർന്നുള്ള സംരക്ഷണഭിത്തിയാണ് തകർന്നത്. 25 ലക്ഷം രൂപ ചെലവിൽ ഇറിഗേഷൻ വകുപ്പിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് സംരക്ഷണഭിത്തിയുടെ നിർമാണം നടന്നത്. എണ്ണൂറോളം മണ്ണു നിറച്ച ചാക്കുകൾ നിരത്തിയാണ് മണ്ണിടിച്ചിൽ നിയന്ത്രിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, വാർഡ് അംഗം കെ.ആർ.ജഗദീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.

വള്ളം ഒഴുകിപ്പോയി
തോട്ടിലെ കുത്തൊഴുക്കിപ്പെട്ടു മത്സ്യത്തൊഴിലാളിയുടെ വള്ളം കാണാതായി. മത്സ്യബന്ധനത്തിന് ശേഷം വിരിപ്പുകാല കിഴക്ക് ഭാഗത്തു കടവിൽ കെട്ടിയിട്ടിരുന്ന ആറ്റുചിറ അശോകന്റെ വള്ളമാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. വലയടക്കമുള്ള മത്സ്യബന്ധന സാമഗ്രഹികളും നഷ്ടപ്പെട്ടു. ആറ്റിലെ ശക്തമായ ഒഴുക്കിൽ കയർ പൊട്ടി വള്ളം ഒഴുകിപ്പോയതാകാമെന്നാണു കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com