വഴിയോരത്ത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ പശുവിന്റെ പ്രസവമെടുത്ത് പ്ലസ്ടു വിദ്യാർഥിനി
Mail This Article
കോട്ടയം ∙ തെരുവുവിളക്കിന്റെയും മൊബൈൽ ഫോണിന്റെയും വെളിച്ചത്തിൽ പശുവിന്റെ പ്രസവമെടുത്ത് പ്ലസ്ടു വിദ്യാർഥിനി. പാലക്കാട് നിന്നു വാങ്ങിയ പശുവിനു വഴിമധ്യേ പ്രസവവേദന ഉണ്ടാകുകയായിരുന്നു. കുമാരനല്ലൂരിൽ ഇന്നലെ പുലർച്ചെ 3നാണു സംഭവം. മുണ്ടക്കയം ചെളിക്കുഴി ഇടത്തനാട്ടുവീട്ടിൽ ഗംഗാ ബിനുവിന്റെ ധൈര്യത്തോടെയുള്ള സമീപനമാണ് പശുവിന്റെയും കിടാവിന്റെയും ജീവൻ രക്ഷിച്ചത്.
മാതാപിതാക്കളായ സുധർമയ്ക്കും ബിനുമോനും ഒപ്പം പശുവിനെ വാങ്ങി തിരികെവരികയായിരുന്നു. അവിടെനിന്നു കുമാരനല്ലൂർ കവലയ്ക്കു സമീപം എത്തിയപ്പോൾ കാപ്പി കുടിക്കുന്നതിനു ഡ്രൈവർ വാഹനം നിർത്തി. അപ്പോൾ പശുവിന് അസ്വസ്ഥതയുണ്ടായി. പ്രസവലക്ഷണം കാട്ടിയതോടെ ഗംഗ വാനിനുള്ളിൽ കയറി പശുവിന്റെ പ്രസവമെടുത്തു. വൈകാതെ മുണ്ടക്കയത്തെ വീട്ടിലെ തൊഴുത്തിൽ എത്തിച്ചു. പശുവും കിടാവും സുഖമായിരിക്കുന്നുവെന്നു വീട്ടുകാർ പറഞ്ഞു. കിടാവിനു ചെക്കാപ്പിയെന്നു പേരിട്ടു ഗംഗ. ചെറുക്കൻ എന്നതിന്റെ ചുരുക്കപ്പേരാണു ചെക്കാപ്പിയെന്നു ഗംഗ പറയുന്നു.
ഇത്തവണ പ്ലസ്ടു പരീക്ഷ 75% മാർക്കോടെ വിജയിച്ച ഗംഗയ്ക്ക് വെറ്ററിനറി ഡോക്ടറാകാനാണ് ആഗ്രഹം. ക്ഷീരകർഷക കുടുംബമായ ഇവർക്ക് സ്വകാര്യ കോളജിൽ വലിയ തുക മുടക്കി പഠിക്കാനുള്ള ശേഷിയില്ല. പഠിക്കാനുള്ള ആഗ്രഹം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുകയാണ്.