ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ ജനറൽ ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് എസി സ്ഥാപിക്കാത്തതിനാൽ പ്രവർത്തിക്കാതെ കിടക്കുന്നു. മാസങ്ങൾക്ക് മുൻപ് എക്സ്റേ മെഷീൻ തകരാറിലായതിനെ തുടർന്നാണ് യൂണിറ്റ് പ്രവർത്തനരഹിതമായത്. പിന്നീട് 2 മാസം മുൻപ് വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയ കെട്ടിടത്തിൽ പുതിയ ഡിജിറ്റൽ മെഷീൻ വാങ്ങി സ്ഥാപിച്ചെങ്കിലും ശീതീകരണ സംവിധാനം ഏർപ്പെടുത്താത്തതിനാൽ യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ല. പുതിയ ഡിജിറ്റൽ എക്സ്റേ മെഷീൻ പ്രവർത്തിപ്പിക്കാൻ എസി ആവശ്യമാണ്.

മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ജനറൽ ആശുപത്രിയിൽ ദിനംപ്രതി ആയിരത്തിലധികം ആളുകളാണു ചികിത്സ തേടി എത്തുന്നത്. ദിവസവും നൂറിലധികം ആളുകളുടെ എക്സ്റേ എടുത്തു വന്നിരുന്ന യൂണിറ്റാണ് ഇപ്പോൾ പ്രവർത്തിക്കാതെ കിടക്കുന്നത്. 130 രൂപ മുതൽ 200 രൂപ വരെയാണ് ഇവിടെ ഒരു എക്സ്റേയുടെ നിരക്ക്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് സൗജന്യവുമാണ്.

എന്നാൽ പുറത്ത് സ്വകാര്യ ലാബുകളിൽ 350 രൂപ മുതൽ 500 രൂപ വരെയാണ് നിരക്ക്. യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് ഒരു വർഷത്തോളമായി. അൻപതിനായിരത്തോളം രൂപ ചെലവു വരുന്ന ശീതീകരണ സംവിധാനം ഏർപ്പെടുത്താൻ വൈകുന്നതിനാൽ 12 ലക്ഷത്തോളം രൂപ മുടക്കി സ്ഥാപിച്ച മെഷീൻ പ്രവർത്തിപ്പിക്കാതെ കിടക്കുകയാണ്. ഫണ്ട് ഇല്ലാത്തതാണ് എസി സ്ഥാപിക്കാൻ വൈകുന്നതിനു കാരണമായി അധികൃതർ പറയുന്നത്.

എക്സ്റേ വിഭാഗത്തിലെ ജീവനക്കാരെ മറ്റ് ജോലികൾക്കായാണ് ഇപ്പോൾ നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന യൂണിറ്റാണ് ഇപ്പോൾ പ്രവർത്തിക്കാതെ കിടക്കുന്നത്. അപകടത്തിൽപ്പെട്ടു വരുന്നവരെ ഉൾപ്പെടെ ഇപ്പോൾ എക്സ്റേ എടുക്കാൻ പുറത്തു കൊണ്ടുപോകേണ്ട സ്ഥിതിയാണ്. സ്വകാര്യ ലാബുകളെ സഹായിക്കാനാണ് എക്സ്റേ വിഭാഗത്തിന്റെ പ്രവർത്തനം ആരംഭിക്കാത്തതെന്നും ആക്ഷേപമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com