അനിലിന്റെ വരവും ജോർജിന്റെ വരവും ചെലവായില്ല! പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കു വോട്ടുചോർച്ച
Mail This Article
എരുമേലി ∙ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപിക്കു വോട്ടുചോർച്ച. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3.48 ശതമാനത്തിന്റെ ചോർച്ചയാണ് ഇത്തവണ ഉണ്ടായത്. 2019ൽ 28.97% വോട്ടുകളാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേടിയത്. ഇത്തവണ അനിൽ ആന്റണിയുടെ വോട്ടിങ് ശതമാനം 25.49 ആയി. അനിൽ ആന്റണി നേടിയത് 2,34,406 വോട്ടുകൾ. കഴിഞ്ഞ തവണ സുരേന്ദ്രൻ നേടിയത് 2,22,251 വോട്ടുകൾ. 2019ൽ പോളിങ് ശതമാനം 65.70 ആയിരുന്നു. ഇത്തവണ 60.36 ശതമാനമായി കുറഞ്ഞു. 2014ൽ ലഭിച്ച വോട്ടുകളുമായി താരതമ്യം ചെയ്താൽ 62,990 വോട്ടിന്റെ കുറവാണ് ബിജെപിക്ക് ഇത്തവണ ഉണ്ടായത്. പോളിങ്ങിലുണ്ടായ 10 ശതമാനത്തോളം കുറവ് 1.25 ലക്ഷത്തിലേറെ വോട്ടിന്റെ കുറവ് വരുത്തിയിരുന്നു. എല്ലാ മുന്നണികൾക്കും ലഭിച്ച വോട്ടിൽ കുറവ് വന്നെങ്കിലും കൂടുതൽ ബാധിച്ചത് ബിജെപിയെ ആണ്. മുൻപ് കൂടുതൽ വോട്ട് ലഭിച്ച കോന്നി, പന്തളം തുടങ്ങിയ മേഖലകളിൽ വോട്ടിൽ കാര്യമായ കുറവുണ്ടായി.
ജനപക്ഷം നേതാവ് പി.സി. ജോർജിന്റെയും മകൻ ഷോൺ ജോർജിന്റെയും ബിജെപി പ്രവേശനവും അതുവഴി ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രാതിനിധ്യവും ഒന്നും ബിജെപിക്ക് കാര്യമായി വോട്ടായില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ 27,053 വോട്ടുകളാണ് ബിജെപിക്കു ലഭിച്ചത്. അതേസമയം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി 51,932 വോട്ട് നേടി. എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്ക് 39,322 വോട്ടും നേടി. അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥി ആക്കിയത് ന്യൂനപക്ഷ സമുദായവോട്ടുകൾ ആകർഷിക്കാനായിരുന്നു എന്ന വിലയിരുത്തലുണ്ടായിരുന്നു. ഇതു ഫലം കണ്ടില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.