ADVERTISEMENT

കുമരകം ∙ സുരേഷ് ഗോപി കേന്ദ്ര ടൂറിസം സഹമന്ത്രിയായതിൽ പ്രതീക്ഷയർപ്പിച്ച് കുമരകം. ഇവിടം ഐക്കണിക് വിനോദസഞ്ചാര കേന്ദ്രമാക്കാൻ സൗകര്യങ്ങൾ ലോക നിലവാരത്തിലേക്ക് ഉയർത്തണമെന്ന നിർദേശം ഉയർന്നിരുന്നെങ്കിലും നടപ്പായില്ല. ഇതിനു വേണ്ടി അൽഫോൻസ് കണ്ണന്താനം കേന്ദ്ര ടൂറിസം മന്ത്രിയായിരുന്ന കാലത്ത് ആലോചനാ യോഗം നടന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഐക്കണിക് വിനോദസഞ്ചാര കേന്ദ്രമാക്കാൻ മന്ത്രി സുരേഷ് ഗോപിയിൽ നിന്നു വേണ്ട കേന്ദ്ര സഹായം ലഭിക്കുമെന്നാണു പ്രതീക്ഷ. കുമരകത്ത് രാത്രി വിനോദസഞ്ചാരത്തിന് നിലവിൽ സംവിധാനങ്ങൾ ഒന്നും ഇല്ലെന്നും സഞ്ചാരികളെ കൂടുതലായി ആകർഷിക്കണമെങ്കിൽ രാത്രിയിലും പ്രവർത്തിക്കുന്ന സൗകര്യങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉണ്ടാകണമെന്നും നിർദേശം വന്നിരുന്നു. കായലിലേക്ക് മാലിന്യ ഒഴുക്കുന്നതും ടൂറിസം വളർച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും ഇതിനു പരിഹാരം കാണേണ്ടതുണ്ടെന്നും അന്ന് നടന്ന ആലോചന യോഗത്തിൽ ചർച്ച ചെയ്തിരുന്നു. കുമരകത്തെ ഐക്കണിക് ടൂറിസം കേന്ദ്രമാക്കി ഉയർത്തുമ്പോൾ വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന സമീപ പഞ്ചായത്തുകളായ അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ് എന്നിവയെ കൂടി പദ്ധതിയുടെ ഭാഗമാക്കി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. 

ടൂറിസം കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളി മാലിന്യപ്രശ്‌നമാണ്. കുമരകത്തെ തോടുകൾ അടക്കം മാലിന്യമുക്തമാക്കിയാൽ മാത്രമേ വേമ്പനാട്ടു കായലിനെ മാലിന്യമുക്തമാക്കാൻ കഴിയൂ. കനാലുകൾ ആഴം കൂട്ടി വശങ്ങൾ കെട്ടി നടപ്പാതകൾ നിർമിക്കുക, കായൽ തീരത്തേക്കു റോഡുകൾ നവീകരിക്കുക, രാജ്യാന്തര നിലവാരത്തിലുളള വാട്ടർ സ്പോർട്സ് അക്കാദമിയും സ്റ്റേഡിയവും നിർമിക്കുക, കൾചറൽ സെന്റർ നിർമിക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകാനും തീരുമാനിച്ചിരുന്നു. കോട്ടയം - കുമരകം റോഡ് നവീകരിക്കുമ്പോൾ നടപ്പാത കൂടി ക്രമീകരിക്കണം. വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അടിസ്ഥാന സൗകര്യ വികസനവും ചർച്ചയായി. ഫാം ടൂറിസം, സ്പിരിച്വൽ ടൂറിസം ഇവയുടെ സാധ്യതകളും പരിഗണിക്കണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നിരുന്നു. ഈ കാര്യങ്ങൾക്കെല്ലാം മന്ത്രി സുരേഷ് ഗോപിയിൽ നിന്ന് അനുകൂല നടപടി പ്രതീക്ഷിക്കുകയാണ് കുമരകം.

പാതിരാമണലും കുമരകവും
പാതിരാമണലും കുമരകവും ബന്ധപ്പെടുത്തി ടൂറിസം വികസനം നടപ്പാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പാതിരാമണലിൽ ബോട്ട് ടെർമിനൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് ഓൺലൈൻ വഴി സ്രാങ്ക് അസോസിയേഷൻ നിവേദനം നൽകി. പാതിരാമണൽ ദ്വീപ് മുഹമ്മ പഞ്ചായത്തിൽ ഉൾപ്പെടുന്നതാണ്. ഈ ദ്വീപ് സന്ദർശിക്കാൻ ദിനംപ്രതി അനേകം വിനോദ സഞ്ചാരികൾ വരുന്നുണ്ട്. പാതിരാമണൽ ദ്വീപിൽ കാലപ്പഴക്കം ചെന്ന ഒരു ബോട്ട് ജെട്ടി മാത്രമാണു നിലവിലുള്ളത്. ഇതുമൂലം വിനോദ സഞ്ചാരികൾക്കു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. 

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിൽ നിന്നു പാതിരാമണലിലേക്ക് സ്പെഷൽ സർവീസ് നടത്തുന്നുണ്ട്. കൂടാതെ വകുപ്പിലെ തന്നെ ആലപ്പുഴ സ്റ്റേഷനിൽ നിന്നുള്ള വേഗ, സീ കുട്ടനാട് ടൂറിസ്റ്റ് ബോട്ടുകളും വിനോദ സഞ്ചാരികൾക്ക് പാതിരാമണൽ ദ്വീപ് സന്ദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള ബോട്ട്ജെട്ടിയിൽ ഒരേ സമയത്ത് ബോട്ടുകൾ അടുപ്പിച്ച് നിർത്തുന്നത് അപകടങ്ങൾക്കു കാരണമാകും. ഇതിനു പരിഹാരമായി പാതിരാമണൽ ദ്വീപിനു ചുറ്റും 4 ബോട്ട് ടെർമിനൽ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിക്ക് കൊടുത്ത നിവേദനത്തിൽ സ്രാങ്ക് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com