ADVERTISEMENT

ഏറ്റുമാനൂർ ∙ വെളിച്ചവും വൃത്തിയുമില്ല, മേൽക്കൂര തകർന്നിട്ടു വർഷങ്ങൾ പിന്നിട്ടു, സാമൂഹിക വിരുദ്ധ ശല്യം രൂക്ഷം. ഏറ്റുമാനൂരപ്പൻ ബസ് ബേയെക്കുറിച്ചു പറഞ്ഞാലൊടുങ്ങാത്ത പരാതികളാണു നാട്ടുകാർക്ക്. ‌ശോചനീയാവസ്ഥയിലായ ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കി നിർമിക്കണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം. എംസി റോഡിൽ മഹാദേവ ക്ഷേത്രത്തിനു എതിർവശത്താണു അവഗണന നേരിടുന്ന ഏറ്റുമാനൂരപ്പൻ ബസ് ബേ. വർഷങ്ങൾക്ക് മുൻപ് കണ്ടെയ്നർ ലോറി തട്ടിയാണ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര തകർന്നത്. 

ഇപ്പോൾ ഈ ഭാഗം ചോർന്നൊലിക്കുകയാണ്. ഇരുട്ടു വീണാൽ തെരുവുനായ്ക്കളുടെ താവളമായി കാത്തിരിപ്പു കേന്ദ്രം മാറും. ലൈറ്റുകൾ ഇല്ലാത്തതിനാൽ കൂരിരുട്ടാണിവിടെ. നാട്ടുകാർ പലതവണ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ബന്ധപ്പെട്ടവർ തിരിഞ്ഞുനോക്കിയിട്ടില്ല. ഏറ്റുമാനൂർ പഞ്ചായത്തായിരുന്ന കാലത്ത് ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചതാണ് ബസ് ബേ. ആധുനിക നിലവാരത്തിലുള്ള ബസ് ബേ എന്നതായിരുന്നു ലക്ഷ്യം. 

കാത്തിരിപ്പ് കേന്ദ്രത്തിനുള്ളിൽ ലൈറ്റ്, ഫാൻ, എന്നിവ സ്ഥാപിക്കുമെന്നായിരുന്നു പദ്ധതിയുടെ തുടക്കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇവയൊന്നും നടന്നില്ല. ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ജോസ് മോൻ മുണ്ടയ്ക്കലിന്റെ ശുപാർശ പ്രകാരമായിരുന്നു പദ്ധതി. എന്നാൽ ചില രാഷ്ട്രീയ പോരുകളെ തുടർന്നു തുടക്കം മുതൽ ബസ് ബേ വിവാദത്തിലാകുകയായിരുന്നു. അന്നു മുതൽ തുടങ്ങിയ അവഗണനയാണ് ഇന്നും കാത്തിരിപ്പ് കേന്ദ്രത്തിൽ തുടരുന്നത്.

വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിച്ച് തെരുവുനായ
കാത്തിരിപ്പ് കേന്ദ്രത്തിൽ ഭീതി ജനിപ്പിച്ചു വിലസുകയാണ് തെരുവ്നായക്കൂട്ടം. ഇന്നലെ ബസ് കാത്തു നിന്ന വിദ്യാർഥികൾക്ക് നേരെ തെരുവുനായ ചാടി വീണു. ഒരു വിദ്യാർഥിയുടെ ബാഗ് കടിച്ചു പറിച്ചു. ഭയന്ന് പിന്നോട്ട് മാറിയ വിദ്യാർഥികളെ പിന്തുടർന്നു ആക്രമിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ചേർന്ന് ഇതിനെ തുരത്തുകയായിരുന്നു. മുൻപ് കാത്തിരിപ്പ് കേന്ദ്രത്തിൽ രാത്രി കാലങ്ങളിലായിരുന്നു തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരുന്നത്. 

എന്നാൽ മഴ ശക്തി പ്രാപിച്ചതോടെ ഇപ്പോൾ പകൽ സമയത്തും നായ്ക്കളുടെ ശല്യമാണ്.  യാത്രക്കാരെയും വിദ്യാർഥികളെ ആക്രമിക്കാൻ ശ്രമിക്കുന്നതും തമ്മിൽ കടിപിടി കൂടി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവാണ്. നായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.

നാടോടി സംഘം താവളമടിക്കുന്നു
ഏറ്റുമാനൂരപ്പൻ ബസ് ബേ നാടോടി സംഘങ്ങളും താവളമാക്കുന്നു. രാത്രിയോ പകലോയെന്ന വ്യത്യാസമില്ലാതെയാണ് നാടോടികൾ ഇവിടം താവളമാക്കിയിരിക്കുന്നത്. മുൻപു പ്രായമായ 2 സ്ത്രീകളായിരുന്നു ഇവിടെ ക്യാംപ് ചെയ്തിരുന്നത്. മലമൂത്ര വിസർജനം ഉൾപ്പെടെയുള്ളവ ഇവർ കാത്തിരിപ്പ് കേന്ദ്രത്തിൽ നടത്തുന്നത് പതിവായതോടെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തി.

തുടർന്നു നഗരസഭ ഇടപെട്ട് ഇവരെ ഇവിടെ നിന്നും മാറ്റി. ഇപ്പോൾ പുരുഷന്മാർ ഉൾപ്പെടെയുള്ളവർ കാത്തിരിപ്പ് കേന്ദ്രം വീട് ആക്കി മാറ്റിയിരിക്കുന്നത്. പകൽ സമയത്ത് പോലും മദ്യലഹരിയിൽ കാത്തിരിപ്പ് കേന്ദ്രത്തിൽ പായ വിരിച്ച് ഇവർ കിടക്കുകയാണ്. ഇത് യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com